മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതി; ലോകത്തിലെ ഏറ്റവും മികച്ച ജലസംരക്ഷണ പദ്ധതി
Mail This Article
പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവ് ഗ്രാമത്തിൽ ജലസംരക്ഷണ നിർമിതികൾ തീർത്ത വനിതാ കൂട്ടായ്മ രാജ്യത്തെ തന്നെ ഏറ്റവുമധികം കിണറും കുളവും നിർമിച്ചു സംരക്ഷിക്കുന്ന കുഴിച്ച വനിതാ സംഘശക്തിതാണെന്ന് ന്യൂഡൽഹി സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് (സിഎസ് ഇ) എന്ന സന്നദ്ധ പരിസ്ഥിതി സംഘടന നടത്തിയ പഠനത്തിൽ കണ്ടെത്തി. തൊഴിലുറപ്പു പദ്ധതിക്ക് 15 വയസ്സ് തികയുന്നതിനോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിൽ സിഎസ് ഇ നടത്തിയ സർവേയിലൂടെയാണ് ഈ നേട്ടം സംബന്ധിച്ച കണക്കുകൾ മാർച്ച് 22 ലെ ലോക ജലദിനത്തോടനുബന്ധിച്ചു പുറത്തുവന്നത്.
രാജ്യത്തെ ഓരോ ഗ്രാമത്തിലും കുറഞ്ഞത് 50 ജലസംരക്ഷണ സംവിധാനങ്ങളാണ് ഒരുക്കിയത്. ഇതിലൂടെ ഏകദേശം 2900 കോടി ഘനമീറ്റർ വെള്ളം സംരക്ഷിക്കാൻ കഴിഞ്ഞതായും കണക്കാക്കുന്നു. 1.9 കോടി ഹെക്ടർ സ്ഥലങ്ങളിൽ ജലസേചനം നടത്താൻ ഇത് ഉപകരിച്ചു.
കഴിഞ്ഞ 15 വർഷത്തിനിടയിൽ മഹാത്മാ ഗാന്ധി നാഷനൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യാരന്റി ആക്ട് (MGNREGA) എന്ന തൊഴിലുറപ്പു പദ്ധതിയിലൂടെ രാജ്യത്ത് 3 കോടിയിലേറെ ജലസംരക്ഷണ സംവിധാനങ്ങൾ ഒരുക്കാൻ കഴിഞ്ഞതായും സിഎസ് ഇ പ്രസിദ്ധീകരണമായ ഡൗൺ ടു എർത്ത് നടത്തിയ പഠനത്തിൽ കണ്ടെത്തി.
2006 ൽ തെലങ്കാനയിലെ അനന്തപുരമു ജില്ലയിൽ ബന്ത്ലപ്പള്ളി ഗ്രാമത്തിൽ കഠിനമായ വരൾച്ചയെ തുടർന്നു ജീവിതം വഴിമുട്ടിയ ഗ്രാമീണരെ രക്ഷിക്കാൻ പ്രധാനമന്ത്രി മൻമോഹൻ സിങ് തുടക്കമിട്ട വരൾച്ചാ ദുരിതാശ്വാസ പദ്ധതിയുടെ ഫലമായി ഇന്ന് ഈ ഗ്രാമം സ്വയം പര്യാപ്തമായി മാറിയ വിജയകഥ തൊഴിലുറപ്പിന്റെ നേട്ടമായി സിഎസ് സി പഠനം വിലയിരുത്തുന്നു. കുളം നിർമിക്കാനും മറ്റും തൊഴിൽ നൽകുന്നതു വരൾച്ചയിൽ നട്ടം തിരിയുന്ന ഗ്രാമങ്ങൾക്കു താൽക്കാലിക ആശ്വസമാകും. എന്നാൽ ഈ കുളങ്ങൾ സംരക്ഷിച്ച് നിലനിർത്തുന്നതിലൂടെ 15 വർഷം കഴിഞ്ഞമ്പോഴേക്കും ഈ ഗ്രാമങ്ങൾ സ്വയം പര്യാപ്തമായി മാറുന്ന കാഴ്ച ഗ്രാമവികസനത്തിന്റെ പുതിയ പാഠമാണെന്ന് സിഎസ് സി മേധാവി സുനിതാ നാരായൺ പറഞ്ഞു. ഈ ഗ്രാമം വരൾച്ചാ മുക്തമായി. ഇവിടെ നിന്ന് തൊഴിൽ തേടിയുള്ള പലായനം ഇപ്പോഴില്ല. സ്വയം പര്യാപ്തതയിലേക്കുള്ള വഴികൂടിയാണ് തൊഴിലുറപ്പിലൂടെ വെട്ടിത്തുറക്കാനായത്.
മധ്യപ്രദേശിലെ സിദ്ധി ജില്ലയിലെ ബർമാനി ഗ്രാമത്തിൽ 15 വർഷം മുൻപ് തൊഴിലുറപ്പു പദ്ധതിക്കു തുടക്കമിട്ടപ്പോൾ ഇവിടെ നിന്ന് പട്ടണങ്ങളിലേക്കുള്ള പലായനം പതിവായിരുന്നു. എന്നാൽ കുളം നിർമിച്ചതോടെ ജലവും സമൃദ്ധിയും തിരികെ വന്നു. ഗ്രാമീണർക്ക് ഇവിടെ ഉൽപ്പാദനം നടത്താൻ കഴിയുന്നു. കേരളത്തിലെ പൂക്കോട്ടുകാവ് ഗ്രാമത്തിലാണ് രാജ്യത്തു തന്നെ ഏറ്റവും കരുത്തുറ്റ, പരിചയസമ്പന്നരായ വനിതാ കിണർവെട്ടു സംഘം പ്രവർത്തിക്കുന്നത്. യുപിയിലെ ബുന്ദേൽഖണ്ഡ് മേഖലയിൽ തൊഴിലുറപ്പു പദ്ധതിയിലൂടെ നഷ്ടപ്പെട്ട ജലാശയങ്ങളും പുഴകളും വീണ്ടെടുക്കാനായി. പല ഗ്രാമങ്ങളും ഇന്ന് ജലസമൃദ്ധമാണ്.
ചൂട് ഏറിവരുന്ന കാലാവസ്ഥാ മാറ്റത്തിന്റെ സാഹചര്യത്തിൽ പേമാരികളും വരൾച്ചയും മാറി മാറി പരീക്ഷിക്കാനെത്തുമ്പോൾ ഇന്ത്യയിലെ തൊഴിലുറപ്പു സേനയെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച കാലാവസ്ഥാ മാറ്റ സന്നദ്ധ സേനയാക്കി മാറ്റാനുള്ള സാധ്യത ഏറെയാണെന്നു സുനിതാ നാരായൺ പറഞ്ഞു. ജലത്തെ മാറ്റത്തിന്റെ വാഹനമാക്കി മാറ്റാം. ഗ്രാമീണ ഇന്ത്യയെ സമൃദ്ധിയിലേക്കു നയിച്ച ഈ നിശബ്ദ വിപ്ലവത്തിനു വഴി തുറന്ന ജലയോദ്ധാക്കളെ ആദരിക്കാനാണ് ഈ ലോക ജലദിനം മാറ്റിവയ്ക്കുന്നത്– സുനിതപറഞ്ഞു.
ജലസമൃദ്ധിക്കൊപ്പം സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുന്ന കാഴ്ചയാണ് പല ഗ്രാമങ്ങളിലും കാണാനായതെന്ന് ഡൗൺ ടു എർത്ത് മാനേജിങ് എഡിറ്റർ റിച്ചാർഡ് മഹാപത്ര പറഞ്ഞു. സ്വന്തം നിലയിൽ അധ്യാനിച്ച് സൃഷ്ടിക്കുന്ന കുളവും തോടും കിണറും സംരക്ഷിക്കാനും ഗ്രാമീണർ ജാഗ്രത പുലർത്തും. ആകെ എത്ര തൊഴിൽ ദിനങ്ങൾ എന്ന കണക്കിൽ മാത്രം സർക്കാർ ശ്രദ്ധയൂന്നുമ്പോൾ ഗ്രാമീണർ സൃഷ്ടിച്ച ഈ ജലനിർമിതികൾ ഇന്ത്യൻ ഗ്രാമങ്ങളെ വീണ്ടും ജലസമൃദ്ധിയിലൂടെ സ്വയം പര്യാപ്തതയിലേക്കു കൊണ്ടുവരികയാണെന്നു കാണാം. ഈ പദ്ധതിയിലൂടെ സംരക്ഷിക്കപ്പെട്ട ജലവും അതിലൂടെ പ്രകൃതിക്കുണ്ടായ നേട്ടവും ഗ്രാമീണരുടെ ജീവിതത്തിൽ ഇതു വരുത്തിയ മാറ്റവുമാണ് യഥാർഥത്തിൽ പഠനവിധേയമാകേണ്ടത്.
നിർമിച്ചവ നിലനിർത്താനും അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കാനും പാതി വഴിയിൽ ഉപേക്ഷിച്ചവ പൂർത്തിക്കാനും നടപടി വേണം.
രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 15 ജില്ലകളിലെ 16 ഗ്രാമങ്ങളിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഈ കണ്ടെത്തൽ. മഹാത്മാ ഗാന്ധി നാഷനൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യാരന്റി ആക്ട് (MGNREGA) രാജ്യത്തെ തന്നെ ഏറ്റവും വലിയ ജലസംരക്ഷണ– സാമൂഹിക സുരക്ഷാ പ്രവർത്തനമായി മാറിയിരിക്കുന്നു. ദക്ഷിണേന്ത്യയിൽ നിന്ന് ബന്ധലപ്പള്ളി (ആന്ധ്ര), രാമദുർഗ (കർണാടക), പൂക്കോട്ടുകാവ് (പാലക്കാട്), വെള്ളപല്ലം(തമിഴ്നാട്), മഞ്ചൽ (തെലങ്കാന) എന്നീ ഗ്രാമങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്.
English Summary: The chase and the change: Let’s look back at 15 years of MGNREGA this World Water Day