ADVERTISEMENT

തൃശൂർ-മലപ്പുറം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കോൾനിലങ്ങളിൽ നിന്ന് 44 ഇനം തുമ്പികളെ കണ്ടെത്തിയതായി പഠന റിപ്പോർട്ട്. ഇവയിൽ 30 ഇനം കല്ലൻത്തുമ്പികളും 14 ഇനം സൂചിത്തുമ്പികളുമാണ്. ജേർണൽ ഓഫ് ത്രെറ്റണ്ട് ടാക്സ എന്ന വിഖ്യാത ശാസ്ത്ര പ്രസിദ്ധീകരണത്തിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് കേരളത്തിന്റെ പ്രധാന നെല്ലറകളിൽ ഒന്നായ കോൾനിലങ്ങളിലെ തുമ്പി വൈവിധ്യത്തെ കുറിച്ചുള്ള വിവരങ്ങൾ അവതരിക്കപ്പെട്ടത്. 

ദേശാടനപക്ഷികളുടെ പറുദീസയായി അറിയപ്പെടുന്ന കോൾപാടങ്ങൾ മറ്റ് പല ജീവജാലങ്ങളുടെയും കൂടി അഭയകേന്ദ്രമാണെന്ന് പഠനസംഘം പറഞ്ഞു. പശ്ചിമഘട്ട മേഖലയിൽ മാത്രം കാണപ്പെടുന്ന പത്തിപ്പുൽച്ചിന്നൻ (അഗ്രിയോക്നെമിസ് കേരളെൻസിസ്), അടുത്തിടെ കേരളത്തിൽ നിന്ന് കണ്ടെത്തിയ പച്ചകണ്ണൻ ചേരാച്ചിറകൻ (പ്ലേറ്റിലെസ്റ്റസ് പ്ലേറ്റിസ്റ്റൈലസ്), അപൂർവയിനം തുമ്പിയായ ചുട്ടിവാലൻ താമരത്തുമ്പി (പാരാസെർസിയോൺ കലമോറം) എന്നിവയാണ് പഠനത്തിൽ കണ്ടെത്തിയ ശ്രദ്ധേയമായ തുമ്പികൾ. ഒക്ടോബർ-നവംബർ മാസങ്ങളിൽ കോൾപാടങ്ങളിൽ ദേശാടകരായ ആയിരക്കണക്കിന് തുലാത്തുമ്പികളെ (പന്റാല ഫ്ലേവസൻസ്) കാണാമെന്നും, ചെറുകീടങ്ങളെ ഭക്ഷിക്കുന്ന ഇവ കൃഷിക്ക് ചെയ്യുന്ന ഗുണം പഠനവിഷയമാക്കേണ്ടതുണ്ടെന്നും പഠനസംഘം പറഞ്ഞു. 

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പരിസ്ഥിതിശാസ്ത്ര വിഭാഗത്തിലെ ഗവേഷണ വിദ്യാർഥിയായ എ.വിവേക് ചന്ദ്രൻ, അധ്യാപനും ഗവേഷകനുമായ സുബിൻ കെ.ജോസ്, സൊസൈറ്റി ഫോർ ഓഡോണേറ്റ് സ്റ്റഡീസ് എക്സിക്യൂട്ടീവ് അംഗവും ഗവേഷകനുമായ സുജിത് വി.ഗോപാലൻ എന്നിവരാണ് ഒരു വർഷം നീണ്ടുനിന്ന പഠനം നടത്തിയത്. ജലജന്യജീവികളായ തുമ്പികൾ മികച്ച പാരിസ്ഥിതിക സൂചകങ്ങളാണെന്നും, ഇവയെ പഠിക്കുന്നതിലൂടെ ജലമലിനീകരണം, ആവാസവ്യവസ്ഥാനാശം, കാലാവസ്ഥാവ്യതിയാനം എന്നീ പ്രശ്നങ്ങളെക്കുറിച്ചു മനസ്സിലാക്കാനാകുമെന്നും സംഘം പറഞ്ഞു.

English Summary: Dragonfly spotted in Kole wetlands

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com