ഒരു ലക്ഷം രൂപ വിലയുള്ള ‘ഹോപ് ഷൂട്ട്സ്’; ലോകത്തിലെ വിലപിടിപ്പുള്ള വിളയ്ക്കു പിന്നിലെ സത്യാവസ്ഥ!
കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ് ഹോപ് ഷൂട്ട്സ് എന്ന അപൂർവ വിളയുടേത്. ഒരു കിലോ ഹോപ് ഷൂട്ട്സിന് ഒരു ലക്ഷം രൂപയെന്നും ഇന്ത്യയിൽ ആദ്യമായി 38കാരനായ ഒരു കർഷകൻ ഇത് കൃഷി ചെയ്തെന്നുമായിരുന്നു വാർത്ത. എന്നാൽ ഹോപ് ഷൂട്ടിന്റെ സത്യാവസ്ഥ തേടിപ്പോയ ദേശീയ മാധ്യമങ്ങൾ നിരാശരായി മടങ്ങിയതായാണ് റിപ്പോർട്ടുകൾ.
ഔറംഗബാദ് ജില്ലയിലെ കരംനിധിൽ നിന്നുള്ള അമ്രേഷ് സിങ് എന്ന കർഷകനാണ് തന്റെ പാടത്ത് കിലോയ്ക്ക് ഒരു ലക്ഷത്തിനടുത്ത് മതിപ്പു വിലവരുന്ന ഹോപ് ഷൂട്ട്സ് കൃഷി ചെയ്യുന്നതെന്നും രാജ്യത്ത് തന്നെ അപൂർവമാണ് ഈ കൃഷിയെന്നും പറഞ്ഞ് ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് അമ്രേഷ് സിങ്ങിനെ ട്വിറ്ററിലൂടെ പരിചയപ്പെടുത്തിയത്. 'ഈ പച്ചക്കറിക്ക് ഒരു കിലോയ്ക്ക് ഒരു ലക്ഷം രൂപയാണ്. ലോകത്ത് ഏറ്റവും വിലയുള്ള പച്ചക്കറി. ഇന്ത്യയിലെ മറ്റ് കർഷകർക്ക് അമ്രേഷ് സിങ് മാതൃകയാകട്ടെ .’ എന്നാണ് ഈ ചിത്രം പങ്കുവച്ച് സുപ്രിയ ട്വിറ്ററിൽ കുറിച്ചത്.
ഔറംഗബാദിലെ അമ്രേഷ് സിങിന്റെ കൃഷിയിടത്തിൽ ഇങ്ങനെയൊരു വിള കണ്ടെത്താൻ അന്വേഷിച്ചെത്തിയ മാധ്യമ പ്രവർത്തകർക്കായില്ല. പ്രദേശവാസികൾക്കും ഇങ്ങനെയൊരു വിളയെക്കുറിച്ച് യാതൊരറിവുമില്ലായിരുന്നു. അമ്രേഷ് സിങ്ങിനെ ഫോണിൽ വിളിച്ചപ്പോൾ 172 കിലോമീറ്റർ അകലെയുള്ള നളന്ദ ജില്ലയിലാണ് ഹോപ് ഷൂട്ട് കൃഷിയെന്നാണ് മറുപടി ലഭിച്ചത്. എന്നാൽ ഇതന്വേഷിച്ച് മാധ്യമപ്രവർത്തകർ അവിടെയെത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വീണ്ടും അമ്രേഷ് സിങ്ങിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഇത്തവണ ഔറംഗബാദിലാണ് കൃഷിയെന്ന മറുപടിയാണ് ലഭിച്ചതെന്നും ഇവർ വ്യക്തമാക്കി. ചുരുക്കത്തിൽ അമ്രേഷ് സിങ്ങിന്റെ പാടത്ത് വിളയുന്നത് നെല്ലും ഗോതമ്പും മാത്രമാണെന്നാണ് ഇവർക്ക് കണ്ടെത്താനായത്.
ഹോപ് ഷൂട്ട്സ്
ഈ ചെടിയുടെ എല്ലാ ഭാഗവും ഉപയോഗപ്രദമാണെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ബിയർ നിർമാണത്തിന് ഈ ഫലം ഉപയോഗിക്കാറുണ്ട്. ചെടിയുടെ തണ്ട് മരുന്ന് നിർമാണത്തിനും. കാൻസർ കോശങ്ങളെ അടക്കം നശിപ്പിക്കാനുള്ള കഴിവും ഇവയ്ക്കുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. മുൻപ് ഹിമാചൽ പ്രദേശിൽ ഇത് കൃഷി ചെയ്തിരുന്നു. 50–60 ലക്ഷം വരെ വരുമാനം ലഭിക്കുന്ന വിളയാണിത്. തണുപ്പുള്ള കലാവസ്ഥയാണ് ഹോപ് ഷൂട്ട്‌സ് കൃഷിക്ക് അനുകൂലം. ബ്രിട്ടൻ, ജർമനി തുടങ്ങിയ യൂറോപ്യൻ രാഷ്ട്രങ്ങളിൽ ഇത് വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.
English Summary: Remember Bihar's ₹ 1 Lakh Per kg Crop? Report Says It Was A Big Lie