ഏകദേശം മൂന്നര പതിറ്റാണ്ട് മുൻപാണ് നോർവെയുടെ പടിഞ്ഞാറൻ മേഖലയിൽ സമുദ്രത്തിനുള്ളിൽ ഒഴുകിനടക്കുന്ന വമ്പൻ ഗോളങ്ങൾ ഗവേഷകരുടെ ശ്രദ്ധയിൽപെട്ടത്. അന്നുതൊട്ട് കട്ടിയുള്ള  ദ്രാവകം കൊണ്ട് നിർമിതമായ ഈ ഗോളങ്ങൾ എന്താണെന്ന അന്വേഷണത്തിലായിരുന്നു ഗവേഷകർ. ഇപ്പോഴിതാ നാളുകൾ നീണ്ട അന്വേഷണത്തിന് ഉത്തരം ലഭിച്ചതായുള്ള വാർത്തയാണ് പുറത്തുവരുന്നത്. കണവ മത്സ്യം മുട്ടകൾ നിക്ഷേപിക്കുന്ന ദ്രവ നിർമിതമായ ഒരു സഞ്ചിയാണ് ഈ ഗോളങ്ങൾ.

ഇല്ലെക്സ് കൊയിൽഡെറ്റി എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന കണവ മത്സ്യമാണ് ഇത്തരത്തിൽ മുട്ടകൾ നിക്ഷേപിക്കുന്നത്. ഇരപിടിയൻമാരിൽ നിന്നും മുട്ടകൾ സംരക്ഷിക്കുന്നതിനുവേണ്ടി പെൺ വർഗത്തിൽപെട്ട കണവകൾ ശരീരത്തിലെ കട്ടിയുള്ള ദ്രവം കൊണ്ടാണ്  ഈ വലിയ ഗോളങ്ങൾ നിർമിക്കുന്നത്. ഇവയ്ക്ക് മൂന്നടിയോളം വ്യാസം വരും. ഓരോന്നിലും ആയിരക്കണക്കിന് മുട്ടകൾ വരെ ഉണ്ടാവുമെന്ന് ഗവേഷകർ പറയുന്നു. എന്നാൽ ഇവ കണ്ടെത്തുന്നത് അത്ര സാധാരണമല്ലെന്നു മാത്രം.

അത്ര സുതാര്യമല്ലാത്തതിനാൽ ഗോളങ്ങളുടെ ഉള്ളിലെന്താണെന്ന് വ്യക്തമായി പുറത്തുനിന്നും കാണാനാവില്ല. ഇല്ലെക്സ് കൊയിൽഡെറ്റി എന്ന ഇനത്തെ കുറിച്ച് 180 ഓളം വർഷങ്ങളായി അറിവുണ്ടെങ്കിലും ഇതാദ്യമായാണ് അവ  മുട്ടകൾ സൂക്ഷിക്കാൻ ഇത്തരം ഒരു മാർഗം സ്വീകരിക്കുന്നതായി തിരിച്ചറിഞ്ഞത്.

ഉള്ളിലെ ഭ്രൂണങ്ങൾ വളർച്ച കൈവരിക്കുന്നതനുസരിച്ച് ദ്രവ ഗോളത്തിന്റെ കട്ടി വർധിക്കുകയാണു ചെയ്യുന്നത്. ഒടുവിൽ അത് പൊട്ടിച്ച് കുഞ്ഞുങ്ങൾക്ക് പുറത്തുവരാൻ സാധിക്കുകയും ചെയ്യും. ഒരു വർഷം നീണ്ട ശാസ്ത്രീയ പരീക്ഷണങ്ങൾക്കും  ഡിഎൻഎ വിശകലനത്തിനും ശേഷമാണ് കൃത്യമായ ഉത്തരം ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. സയന്റിഫിക് റിപ്പോർട്ട് എന്ന ശാസ്ത്ര ജേർണലിലാണ് പഠന വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

English Summary: Mysterious 'blobs' near Norway are full of squid mucus and embryos, study finds