കീറിപ്പറിഞ്ഞൊരു തുകൽച്ചെരുപ്പ് ആരോ കടലിലേക്കു വലിച്ചെറിഞ്ഞതു പോലൊരു ദ്വീപ്. ആകാശക്കാഴ്ചയിൽ അതാണ് സ്കോക്കോം ഐലന്റ്. യുകെയുടെ ഭാഗമായ, വെയ്ൽസിലെ പെംബ്രുക്‌ഷറിൽനിന്ന് രണ്ടര മൈൽ ദൂരെയായാണു കടലിലെ ഈ കുഞ്ഞൻ ദ്വീപ് സ്ഥിതി ചെയ്യുന്നത്. മനുഷ്യർ വരുന്നതു കുറവാണ്, പക്ഷേ ദ്വീപിലേക്ക് എല്ലാ വർഷവും കൃത്യമായ ഇടവേളകളിൽ ദേശാടനപ്പക്ഷികളെത്തും. ദ്വീപിലെ ഏറ്റവും വീതിയേറിയ ഭാഗത്തിന് അര മൈൽ വീതിയാണുള്ളത്. ആകെ നീളം ഒരു മൈലോളം വരും. അതിനാല്‍ത്തന്നെ ചുറ്റിനടന്നു കാണാൻ പറ്റിയ സ്ഥലവും. പക്ഷേ മനുഷ്യവാസത്തിനു യോഗ്യമായ ദ്വീപായിട്ടല്ല സ്കോക്കോമിനെ കണക്കാക്കുന്നത്. എന്നിട്ടും 2013 മുതൽ അവിടെ പ്രത്യേക അനുമതി വാങ്ങി രണ്ടു പേർ താമസിക്കുന്നുണ്ട്–റിച്ചാർഡ് ബ്രൗണും ജിസെല്ലെ ഈഗിളും. 

Image Credit: Richard Brown and Giselle Eagle, WTSWW

രണ്ടും പേരും പക്ഷിനിരീക്ഷകരാണ്. ദ്വീപാണ് അവരുടെ വീട്. കോവിഡ് ലോക്‌ഡൗണൊക്കെ വരും മുൻപ് ദൂരെയൊരു ദ്വീപിൽ സ്വയം ലോക്ക്ഡൗൺ പ്രഖ്യാപിച്ചവരാണ് ഇരുവരും. പക്ഷികളെന്നുവച്ചാൽ ജീവനാണ്. ഇരുവരും പക്ഷേ ഇപ്പോൾ പ്രശസ്തരായത് പക്ഷികളുടെ പേരിലല്ല, മറിച്ച് സ്കോക്കോം ദ്വീപിന്റെ ചരിത്രം സംബന്ധിച്ച നിർണായ കണ്ടെത്തൽ നടത്തിയവർ എന്ന നിലയ്ക്കാണ്. അതിനവരെ സഹായിച്ചതാകട്ടെ ഏതാനും മുയലുകളും. മെഡീവൽ യുഗത്തിൽ (യൂറോപ്യൻ ചരിത്രത്തിൽ മധ്യകാല യുഗം അഥവാ മെഡീവൽ കാലഘട്ടം എന്നറിയപ്പെടുന്നച് എഡി 5 മുതൽ 15–ാം നൂറ്റാണ്ടി വരെയാണ്) സ്കോക്കോം ഇംഗ്ലണ്ടിലെ പ്രശസ്തമായ മുയൽ വളർത്തൽ കേന്ദ്രമായിരുന്നു. 

Image Credit: Richard Brown and Giselle Eagle, WTSWW

മൃദുവായ, ചൂടുപകരുന്ന രോമവും ചർമവുമായതിനാൽ അവയ്ക്കു വേണ്ടിയാണു വൻതോതിൽ മുയലുകളെ വളർത്തിയിരുന്നത്. മാംസവും രുചികരമായിരുന്നു. അക്കാലത്ത് ധനികർക്കു മാത്രമായിരുന്നു മുയലിറച്ചി ലഭ്യമായിരുന്നതും. ദ്വീപിലായിരുന്നതിനാൽ മറ്റു ജന്തുക്കൾ മുയലുകളെ ആക്രമിക്കാൻ വരുമെന്ന ആശങ്കയുമില്ലായിരുന്നു. അന്നു ദ്വീപിലെത്തിയ മുയലുകളുടെ പുതുതലമുറയാണ് ഇന്നവിടെയുള്ളത്. അവയാണ് സ്കോക്കോം ദ്വീപിൽ ആയിരക്കണക്കിനു വർഷം മുൻപേതന്നെ മനുഷ്യവാസമുണ്ടെന്നു തെളിയിക്കുന്ന വിവരം ‘കണ്ടെത്തി’ നൽകിയതും. മുയലുകൾ കുഴിച്ച മാളം പരിശോധിച്ച റിച്ചാർഡും ജിസെല്ലെയും ആദ്യം കണ്ടെത്തിയത് ഒരു കല്ലായുധമായിരുന്നു. അതിന്റെ ഫോട്ടോയെടുത്ത് ആർക്കിയോളജി വകുപ്പിന് അയയ്ക്കുകയും ചെയ്തു. മധ്യകാല ശിലായുഗത്തിലെ (മിസോലിതിക്) ഒരിനം ആയുധമാണ് അതെന്നായിരുന്നു പുരാവസ്തു ഗവേഷകർ അവർക്ക് മറുപടി അയച്ചത്. അതായത് ഏകദേശം 6000 മുതൽ 9000 വർഷം വരെ പഴക്കമുള്ളത്. ആ ആയുധം ഒന്നുകിൽ വഞ്ചികൾ നിർമിക്കാൻ ഉപയോഗിച്ചത്, അല്ലെങ്കിൽ കക്കയിറച്ചി ശേഖരിക്കാൻ ഉപയോഗിച്ചത്. രണ്ടാണെങ്കിലും മിസോലിതിക് കാലഘട്ടത്തിൽ സ്കോക്കോമിൽ ഒരു വിഭാഗം ജനം സജീവമായിരുന്നുവെന്നത് ഉറപ്പ്. 

മുയലുകൾ കുഴിച്ച മാളത്തിനു സമീപം വീണ്ടും പരിശോധിച്ച റിച്ചാർഡും ജിസെല്ലയും അടുത്തതായി കണ്ടെത്തിയത് ഒരു മൺപാത്രത്തിന്റെ കഷ്ണമായിരുന്നു. പാത്രത്തിന്റെ വക്കില്‍ ചെറിയ അലങ്കാരപ്പണികളുമുണ്ടായിരുന്നു. അതിന്റെ പരിശോധനയിൽ കണ്ടെത്തിയതാകട്ടെ ആ പാത്രം വെങ്കലയുഗത്തിൽ ഉപയോഗിച്ചിരുന്നതാണെന്നും. ശിലായുഗത്തിൽ ജീവിച്ചിരുന്ന മനുഷ്യന്റെ സാംസ്കാരിക അവശിഷ്ടങ്ങൾക്കു മേൽ വെങ്കലയുഗത്തിലെ മനുഷ്യര്‍ കടന്നു കയറിയിരുന്നുവെന്നു ചുരുക്കം. മൃതദേഹം അടക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചടങ്ങിന് ഉപയോഗിച്ചിരുന്നതാണു പാത്രമെന്നാണു കരുതുന്നത്. ഏകദേശം 3750 വർഷത്തിന്റെ പഴക്കമുണ്ടായിരുന്നു അതിന്. 

10–11 നൂറ്റാണ്ടുകളിൽ ഇവിടെ താവളമടിച്ചിരുന്ന വൈക്കിങ് പോരാളികളാണ് ആദ്യമായി സ്കോക്കോമിലെത്തിയതെന്നായിരുന്നു ഇതുവരെയുള്ള നിഗമനം. 1066ൽ വൈക്കിങ്ങുകളെ തോൽപിച്ച നോർമനുകളും സ്കോക്കോം താവളമാക്കി. ഇവരുടെ ഭാഷയിൽ സ്കോക്കോം എന്നുപറഞ്ഞാൽ മരങ്ങൾ നിറഞ്ഞ ദ്വീപ് എന്നാണർഥം. 14–16 നൂറ്റാണ്ടുകളിലാണ് അവിടെ മുയൽ ഫാം ആയി മാറിയത്. എന്നാൽ ഇതൊന്നുമല്ല സ്കോക്കോമിന്റെ യഥാർഥ ചരിത്രമെന്നാണ് റിച്ചാർഡിന്റെയും ജിസെല്ലയുടെയും കണ്ടെത്തലുകൾ തെളിയിക്കുന്നത്. സ്കോക്കോമിനും പരിസരത്തുമായുള്ള ദ്വീപുകളിൽനിന്ന് ഇതാദ്യമായാണ് പുരാവസ്തു ചരിത്രം സംബന്ധിച്ച ഇത്ര വ്യക്തമായ തെളിവുകൾ ലഭിക്കുന്നതും. ദ്വീപിൽ ഒളിച്ചിരിക്കുന്ന രഹസ്യങ്ങളും ചരിത്ര സത്യങ്ങളും കണ്ടെത്താൻ കൂടുതൽ ഉദ്ഖനനത്തിനൊരുങ്ങുകയാണ് യുകെയിലെ ദ് റോയൽ കമ്മിഷൻ ഓഫ് വെയ്‌ൽസ്. 

English Summary: Chance finds dating back 9,000 years tell new story of 'Dream Island'

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT