കേരളത്തിൽ വേനൽമഴ കനക്കുന്നു; 16 വരെ മഴയ്ക്കു സാധ്യത
കേരളത്തിൽ വേനൽ മഴ കനക്കുന്നു. 16 വരെ എല്ലാ ജില്ലകളിലും മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാകേന്ദ്രം അറിയിച്ചു. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ വയനാട് ജില്ലയിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിൽ യെലോ അലർട്ടുണ്ട്.
മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി. മാർച്ച് മുതൽ ഇന്നലെ വരെ കേരളത്തിൽ ലഭിച്ച വേനൽമഴ ശരാശരിയെക്കാൾ 10% കൂടുതൽ. പത്തനംതിട്ട (77%), എറണാകുളം (74%) ജില്ലകളിലാണ് ശരാശരിയെക്കാൾ വളരെക്കൂടുതൽ മഴ പെയ്തത്. അതേസമയം, മലപ്പുറത്ത് ശരാശരിയെക്കാൾ 44% മഴ കുറഞ്ഞു. ഇന്നലെ മിക്ക ജില്ലകളിലും ശക്തമായ മഴ ലഭിച്ചു. മിന്നലിലും കാറ്റിലും പലയിടത്തും കനത്ത നാശനഷ്ടമുണ്ടായി.
English Summary: Heavy rains expected over Kerala