കനത്ത മഴയിൽ മുങ്ങി കേരളം. വില്ലനായി ഇടിമിന്നലും. കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചകഴിഞ്ഞ് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ടെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാൽ പൊതുജനങ്ങൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.

മേഘങ്ങളിൽ നടക്കുന്ന വൈദ്യുതി ചാർജുകളുടെ പ്രവാഹമാണു മിന്നൽ എന്നു ശാസ്‌ത്രീയമായി പറയാം. അല്ലെങ്കിൽ മേഘങ്ങളുടെ ഘർഷണത്തിൽ നിന്നുണ്ടാകുന്നതാണു മിന്നൽ. ഈ വൈദ്യുതിപ്രവാഹത്തിന്റെ ഫലമായി ഇടിയുമുണ്ടാകുന്നു. മിന്നലിനെ ശാസ്‌ത്രീയമായി രണ്ടായി വേർതിരിച്ചിട്ടുണ്ട്. മേഘങ്ങൾക്കിടയിൽ സംഭവിക്കുന്നതും മേഘത്തിനും ഭൂമിക്കുമിടയിൽ സംഭവിക്കുന്നതും. വൈദ്യുതിപ്രവാഹം മേഘങ്ങൾക്കിടയിൽ പ്രവഹിക്കുന്നതു നമുക്കു ദോഷം ചെയ്യില്ല. എന്നാൽ മേഘങ്ങളിൽ നിന്ന് ഈ പ്രവാഹം ഭൂമിയിലേക്കാണു സഞ്ചരിക്കുന്നതെങ്കിൽ അപകടഭീഷണിയുണ്ടാകുന്നു.

കഴിഞ്ഞ 2 ദിവസത്തിനുള്ളിൽ ഇടി, മിന്നൽ കാരണം കേരളത്തിൽ കുറഞ്ഞത് 4 മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഇന്നു മുതൽ 17 വരെ സംസ്ഥാനത്ത് പല ജില്ലകളിലും കനത്ത മഴയുടെ ഭാഗമായി യെലോ അലർട്ട് പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം വരും ദിവസങ്ങളിൽ ( ഏപ്രിൽ 13-16  വരെ ) സമാനമായ ഇടി മിന്നൽ‌ സാധ്യത പ്രതീക്ഷിക്കുന്നു . ഈ ദിവസങ്ങളിൽ ജനങ്ങൾ ഇടി മിന്നലിന് എതിരെ കനത്ത ജാഗ്രത പുലർത്തണം.

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത - തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്  ജില്ലകളിൽ  യെല്ലോ അലേർട്ട്. പ്രഖ്യാപിച്ചു.

ഏപ്രിൽ 13: ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട്.

ഏപ്രിൽ 14:തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

ഏപ്രിൽ 15: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി,തൃശൂർ,  പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

ഏപ്രിൽ 16: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്.

ഏപ്രിൽ 17: എറണാകുളം, ഇടുക്കി, തൃശൂർ,  പാലക്കാട്, മലപ്പുറം, വയനാട്.

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 6 സെമീ മുതൽ 11 സെമീവരെ ലഭിക്കുന്ന ശക്തമായമഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ

(ദുരന്ത നിവാരണ അതോറിറ്റി നൽുകന്നത്)  

ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.  (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത.

ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

കുട്ടികളുടെ  പ്രത്യേക  ശ്രദ്ധയ്ക്ക്

ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

പൊതു നിർദേശങ്ങൾ

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.

മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസ്സിലേക്കോ, മുറ്റത്തേക്കോ  ഇടിമിന്നലുള്ള സമയത്ത് പോകരുത്.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

ജനലും വാതിലും അടച്ചിടുക.

ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.

ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.

കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത്‌ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.

ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.

വാഹനത്തിനുള്ളിൽ ആണെങ്കിൽ  തുറസ്സായ സ്ഥലത്ത്‌ നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.

ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.

പട്ടം പറത്തുവാൻ പാടില്ല.

തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.

ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.

മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്‌

വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്

English Summary: Thunderstorm alert issued across Kerala, lightning with rains expected

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT