പാണൽ വർഗത്തിൽപെട്ട പുതിയ സസ്യം നെല്ലിയാമ്പതി മലനിരകളിൽ കണ്ടെത്തി. പാലക്കാട് ഗവ. വിക്ടോറിയ കോളജിലെ സസ്യശാസ്ത്രവിഭാഗം മേധാവി ഡോ.മായ സി.നായർ, ഗവേഷക വിദ്യാർഥികളായ എം.കെ. ജെബീന, വി.ജെ. അശ്വനി എന്നിവരുടെ സംഘമാണു പുതിയ ഇനം സസ്യത്തെ തിരിച്ചറിഞ്ഞത്. നാരകത്തിന്റെ കുടുംബമായ റൂട്ടേസിയേയിൽ ഉൾപ്പെട്ട ഈ സസ്യത്തിനു ‘ഗ്ലൈകോസ്മിസ് നെല്ലിയാമ്പതിയെൻസിസ്’ എന്നാണു പേരു നൽകിയിരിക്കുന്നത്. രാജ്യാന്തര ജേണലായ ഫൈറ്റോടാക്സയുടെ പുതിയ ലക്കത്തിൽ ഇതിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

അർധ നിത്യഹരിതവനങ്ങളിൽ സമുദ്രനിരപ്പിൽ നിന്നു 900 മീറ്ററിലധികം ഉയരമുള്ള പ്രദേശങ്ങളിലാണു നാലു മീറ്ററോളം ഉയരമുള്ള ചെറുമരമായി ഈ സസ്യം വളരുന്നത്. അഞ്ചു വർഷമായി പാലക്കാട് ജില്ലയിൽ നിന്നു കണ്ടെത്തിയ 25 പുതിയ സസ്യങ്ങളിൽ 13 എണ്ണവും നെല്ലിയാമ്പതിയിൽ നിന്നാണെന്നത് ഈ മേഖലയുടെ ജൈവ വൈവിധ്യ പ്രാധാന്യം തെളിയിക്കുന്നതാണെന്നു ഗവേഷകർ പറഞ്ഞു.

English Summary:  New plant discovered in Nelliyampathy