തവളകളെ സംരക്ഷിക്കുന്ന വിഷ ചിലന്തികള്‍; ജന്തുലോകത്തെ അപൂർവ കൂട്ടുകെട്ടിനു പിന്നിൽ?
ജന്തുലോകത്തിൽ വ്യത്യസ്ത വിഭാഗത്തിലുള്ള ജീവികൾ തമ്മിലുള്ള കൂട്ടുകെട്ടുകൾ പലപ്പോഴും കൗതുകമുണർത്തുന്നവയാണ്. അത്തരത്തിൽ തങ്ങളെ നിസാരമായി ഇരയാക്കാൻ കഴിവുള്ള വിഷ ചിലന്തികളുമായി ചങ്ങാത്തം സ്ഥാപിക്കുന്നവയാണ് കുറുവായൻ തവളകൾ എന്നറിയപ്പെടുന്ന ചെറിയ ഇനം തവളകൾ. ഇന്ത്യയിലും ശ്രീലങ്കയിലും പെറുവിലും ഒക്കെയായി കാണപ്പെടുന്ന ഈ തവളകളും വമ്പൻ വിഷ ചിലന്തികളും ഒരേ സ്ഥലത്ത് ജീവിക്കുന്നതായി മുൻപും കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ ഇതിനുള്ള കാരണം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.
അര ഇഞ്ചോളം വലുപ്പം മാത്രമാണ് കുറവായൻ തവളകൾക്കുള്ളത്. വിഷ ചിലന്തികൾക്ക് വളരെ എളുപ്പത്തിൽ ഇവയെ കീഴ്പ്പെടുത്തി ഭക്ഷണമാക്കാൻ സാധിക്കുമെങ്കിലും അവ ഈ തവളകളെ ഉപദ്രവിക്കാറില്ല. കുറവായൻ തവളകളുടെ പുറം തൊലിയിലെ വിഷാംശമുള്ള രുചി വിഷചിലന്തികൾക്ക് തീരെ ഇഷ്ടമല്ല എന്നതാണ് ഒരു കാരണം. എന്നാൽ സൂക്ഷ്മമായ നിരീക്ഷണത്തിൽ മറ്റുചില കാരണങ്ങളും ഈ സഹവാസത്തിന് പിന്നിൽ ഉണ്ടെന്നാണു കണ്ടെത്തൽ.
വിഷ ചിലന്തികളുടെ സാമിപ്യം കുറുവായൻ തവളകൾക്ക് ആഹാരത്തിനുള്ള വഴിയും സംരക്ഷണവും നൽകുന്നുണ്ട്. വിഷ ചിലന്തികളുടെ സാമീപ്യം മൂലം തവളകൾക്കരികിലെത്താൻ ഇരപിടിയൻമാർ ഒന്ന് ഭയക്കും. ചുരുക്കി പറഞ്ഞാൽ പാമ്പുകൾ അടക്കമുള്ളവയിൽ നിന്നും രക്ഷ നേടാൻ വലിയ വിഷ ചിലന്തികളെ ബോഡിഗാർഡുകൾ ആക്കുകയാണ് ഈ തവളകൾ.
ഇതിനു പുറമേ വിഷ ചിലന്തികൾ ആഹാരമാക്കുന്ന പ്രാണികളുടെ അവശിഷ്ടങ്ങൾ കുറുവായൻ തവളകൾ ഭക്ഷണമാക്കാറുമുണ്ട്. ഇത്രയൊന്നും ഇല്ലെങ്കിലും ചിലന്തിയുടെ മുട്ടകൾ കണ്ട് ആകർഷണം തോന്നിയെത്തുന്ന പ്രാണികളെ ഭക്ഷണമാക്കുന്നതു വഴി കുറുവായൻ തവളകളും വിഷച്ചിലന്തികൾക്ക് പ്രത്യുപകാരം ചെയ്യുന്നുണ്ട്. ഇനിയും കണ്ടെത്താത്ത പല അപൂർവതകളും വിഷ ചിലന്തികളും കുറുവായൻ തവളകളും തമ്മിലുള്ള കൂട്ടുകെട്ടിലുണ്ടാകാമെന്ന നിഗമനത്തിലാണ് ഗവേഷകർ.
English Summary: Giant Tarantulas and Tiny Frogs Are Friends with Benefits