അതിരപ്പിള്ളി വനപ്രദേശങ്ങളിൽ മൺസൂൺ ആരംഭത്തിനു മുൻപേ ശലഭ മഴ തുടങ്ങി. മഞ്ഞ നിറത്തിലുള്ള തകരമുത്തി കൂട്ടത്തോടൊപ്പം കിളിവാലൻ, നീലക്കടുവ തുടങ്ങിയ ദേശാടനം നടത്തുന്ന ചിത്രശലഭങ്ങളാണു വർണമഴയായി പൊഴിയുന്നത്. തകരമുത്തി സാധാരണ ഗതിയിൽ മഴക്കു മുൻപേ ദേശാടനം ആരംഭിക്കുന്നതാണ്. ഏപ്രിൽ, മേയ് മാസങ്ങളിൽ പശ്ചിമഘട്ട മലകളിൽ നിന്നാണു ചാലക്കുടി പുഴയോരങ്ങളിലും വനത്തോടു ചേർന്നുള്ള പ്രദേശങ്ങളിലും ദേശാടന വർണശലഭങ്ങൾ എത്തുന്നത്. പടിഞ്ഞാറു നിന്നു കിഴക്കോട്ട് വീശുന്ന കാറ്റ് ശലഭങ്ങളുടെ യാത്രയെ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. 

ശലഭപാതയിലെ തുമ്പൂർമുഴി വിനോദ കേന്ദ്രത്തിൽ ശലഭപാർക്കും ഇവയെ ആകർഷിക്കുന്ന ചെടികളും വച്ചുപിടിപ്പിച്ചിട്ടുണ്ട്. 2009ൽ നടത്തിയ പഠനത്തിൽ തുമ്പൂർമുഴി ശലഭോധ്യാനത്തിൽ 148 ഇനം പൂമ്പാറ്റകളെ നിരീക്ഷകർ കണ്ടെത്തി. ഗരുഡശലഭവും ബുദ്ധമയൂരിയും തുമ്പൂർമുഴിയിലെ അപൂർവ കാഴ്ചകളാണ്. കാടും പുഴയും ചേർന്നുള്ള അനുകൂല ആവാസവ്യവസ്ഥയും ഭക്ഷ്യ സസ്യങ്ങളും നിറഞ്ഞ അതിരപ്പിള്ളി വനമേഖല ശലഭങ്ങളാൽ സമ്പന്നമാണ്.

English Summary: Butterflies are migrating early in Vazhachal Athirapilly