കേരളത്തിൽ അപൂർവമായി മാത്രം കണ്ടിരുന്ന കുള്ളൻ വർണത്തുമ്പിയെ (Lyriothemis acigastra) ഇപ്പോൾ ചില പ്രദേശങ്ങളിൽ വ്യാപകമായി കണ്ടു തുടങ്ങിയതായി പഠന റിപ്പോർട്ട്. ടിബറ്റ്, മ്യാൻമാർ, ബംഗ്ലദേശ്, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ കണ്ടിരുന്ന ഈ ചെറു തുമ്പിയെ 2013ലാണ് കേരളത്തിൽ ആദ്യമായി കണ്ണൂർ ജില്ലയിലെ ആരവഞ്ചാൽ, മാടായിപ്പാറ എന്നീ സ്ഥലങ്ങളിൽ നിന്നും കണ്ടെത്തിയത്. 

ഇവ മഴക്കാലത്ത് കേരളം സന്ദർശിക്കുന്ന ദേശാടകരാണോ, പുതുതായി ഇവിടേക്ക് കുടിയേറി പാർത്തവരാണോ എന്ന കാര്യത്തിൽ അന്ന് വ്യക്തതയില്ലായിരുന്നു. പിന്നീട് 2015ൽ എറണാകുളം ജില്ലയിലെ കടവൂർ എന്ന ഗ്രാമത്തിൽ ഇവയുടെ വലിയൊരു കൂട്ടത്തെ കണ്ടെത്തി. പൈനാപ്പിൾ, റബർ എന്നീ വിളകളുടെ ജലസേചനത്തിനായി ഉപയോഗിച്ചിരുന്ന ചെറിയ തോടുകളിൽ ഇവ മുട്ടകളിടുന്നതും, അടുത്ത വർഷക്കാലത്ത് ലാർവകൾ ജലജീവിതം വെടിഞ്ഞ് തുമ്പികളായി പറന്നുയരുന്നതും കടവൂർ സ്വദേശിയും തുമ്പി നിരീക്ഷകനുമായ ജീവൻ ജോസ് രേഖപ്പെടുത്തി. തുടർന്നുള്ള വർഷങ്ങളിൽ ഇവയെ ഇടുക്കി, എറണാകുളം, കോട്ടയം, കാസർകോട് ജില്ലകളിൽ നിന്നും തുമ്പി നിരീക്ഷകർ കാണുകയും ചിത്രങ്ങൾ പകർത്തി 'ഡ്രാഗൻഫ്ലൈസ് ഓഫ് കേരള' എന്ന കൂട്ടായ്മയിൽ പങ്കുവക്കുകയും ചെയ്തു. 

4 സെന്റീമീറ്ററിൽ താഴെ മാത്രം നീളമുള്ള ശരീരത്തിൽ കറുത്ത വരകളോടു കൂടിയാണ് ആൺ തുമ്പികൾ കാണപ്പെടുന്നത്. പെൺ തുമ്പികളിൽ ചോരച്ചുവപ്പിന് പകരം മഞ്ഞ നിറമാണ് ഉണ്ടാവുക. ‘കാലവർഷം കനക്കുന്ന ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മാത്രമാണ് ഈ തുമ്പിയെ കേരളത്തിൽ കാണാൻ കഴിയുക’, കുള്ളൻ വർണത്തുമ്പിയെക്കുറിച്ചുള്ള സ്‌ഥല വിവരങ്ങൾ ക്രോഡീകരിച്ച മുഹമ്മദ് ഷെറീഫ് പറഞ്ഞു. മറ്റ് കാലങ്ങളിൽ ഇവ മുട്ടകളായോ ലാർവകളായോ വെള്ളത്തിലാണ് കഴിയുന്നത്. എന്നാൽ നൂറുകണക്കിന് കുള്ളൻ വർണത്തുമ്പികൾ മുട്ടകൾ നിക്ഷേപിക്കുന്ന കടവൂരിലെ തോടുകൾ കൊടുംവേനലിൽ പൂർണമായും വറ്റിപ്പോകുമെന്നും ഈ വരൾച്ചയെ ഇവ എങ്ങനെ തരണം ചെയ്യുന്നുവെന്നത് കൂടുതലായി പഠിക്കേണ്ടതുണ്ടെന്നും പഠന സംഘത്തിലെ മറ്റൊരംഗമായ വിവേക് ചന്ദ്രൻ പറഞ്ഞു. 

ജേണൽ ഓഫ് ത്രെറ്റൻഡ് ടാക്സ എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് കുള്ളൻ വർണത്തുമ്പിയുടെ സ്വഭാവസവിശേഷതകൾ, പ്രജനനം, ആവാസവ്യവസ്ഥ എന്നിവയെക്കുറിച്ചുള്ള പുത്തൻ അറിവുകൾ സംഘം പങ്കുവച്ചത്. ഭാവിയിൽ കുള്ളൻ വർണത്തുമ്പിയെ കേരളത്തിൽ കൂടുതൽ സ്ഥലങ്ങളിൽ നിന്ന് കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് സൊസൈറ്റി ഫോർ ഓഡണേറ്റ് സ്റ്റഡീസ് (SOS)ന്റെ നേതൃത്വത്തിലുള്ള പഠനസംഘം. ചെറുകീടങ്ങളെ ഭക്ഷിക്കുന്ന തുമ്പികൾ കർഷകമിത്രങ്ങൾ ആണെന്നും ഇവയുടെ സംരക്ഷണം ജൈവ മണ്ഡലത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ അത്യന്താപേക്ഷിതമാണെന്നും സംഘം കൂട്ടിച്ചേർത്തു.

English Summary: Dragonfly species Little Bloodtail that are harbinger of rains widely sighted in Kerala