തുടർച്ചയായ പന്ത്രണ്ടാം ദിവസവും കടലിൽ നിന്നുകത്തുന്ന ചരക്കുകപ്പൽ ദ്വീപുരാജ്യമായ ശ്രീലങ്കയുടെ പരിസ്ഥിതിക്കു വലിയ ഭീഷണിയാകുന്നു. സിംഗപ്പൂരിൽ റജിസ്റ്റർ ചെയ്ത കപ്പലിന്റെ ജോലിക്കാരെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ തുടങ്ങി. മേയ് 20ന് കൊളംബോ തുറമുഖത്തു പ്രവേശിക്കാനിരിക്കെയാണ് എംവി എക്സ്പ്രസ് പേൾ എന്ന കപ്പലിനു തീപിടിച്ചത്.

25 ടൺ നൈട്രിക് ആസിഡും ധാരാളം പ്ലാസ്റ്റിക് അസംസ്കൃത വസ്തുക്കളുമാണു കപ്പലിലുണ്ടായിരുന്നത്. 186 മീറ്റർ (610 അടി) നീളമുള്ള കപ്പലിന്റെ പിൻഭാഗത്തെ തീ കെടുത്താനായിട്ടില്ല. കപ്പലിന്റെ ഭൂരിഭാഗവും നശിച്ചു. ചരക്കുകളിൽ കുറെഭാഗം ഇന്ത്യൻ മഹാസമുദ്രത്തിലും വീണിട്ടുണ്ട്. കപ്പലിലെ ടൺ കണക്കിനു മൈക്രോപ്ലാസ്റ്റിക് തരികളും അവയുടെ 1,500 ഓളം കണ്ടെയ്നറുകളും ശ്രീലങ്കയിലെ പ്രശസ്തമായ ബീച്ചുകളെ നശിപ്പിച്ചു.

ഇതേത്തുടർന്നു മത്സ്യബന്ധനം നിരോധിച്ചു. പാരിസ്ഥിതിക നാശം എത്രത്തോളമുണ്ടെന്നു വിലയിരുത്തുന്നുണ്ടെങ്കിലും താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശമായ അവസ്ഥയാണെന്നു മറൈൻ എൻവയോൺമെന്റ് പ്രൊട്ടക്‌ഷൻ അതോറിറ്റി (എംഇപിഎ) മേധാവി ധർഷനി ലഹന്ദപുര പറഞ്ഞു. തീപിടിത്തത്തെക്കുറിച്ചും പരിസ്ഥിതി നാശത്തെക്കുറിച്ചും അന്വേഷിക്കാൻ പൊലീസ് ഇൻസ്പെക്ടർ ജനറൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിനു നിർദേശം നൽകി.

കിഴക്കൻ തീരത്തിനു സമീപമുള്ള കടലിലാണ് ചരക്കുകപ്പലിനു തീപിടിച്ചു കത്തിയെരിയുന്നത് ശ്രീലങ്കയിൽ വൻ പരിസ്ഥിതി പ്രതിസന്ധിക്കു ഇത് വഴിവയ്ക്കുന്നത്. ശ്രീലങ്കയിലെ പ്രധാന ബീച്ചായ നെഗംബോയിലുൾപ്പെടെ കപ്പൽ കത്തിയെരിയുന്നതിന്റെ അവശിഷ്ടങ്ങൾ വന്നടിഞ്ഞുകൊണ്ടിരിക്കുകയാണ്. രാസവസ്തുക്കളും കോസ്മെറ്റിക് ഉത്പന്നങ്ങളും വഹിച്ചുവന്ന ഇതിലേക്കു തീ പടരുകയും 12 ദിവസമായി നിന്നു കത്തുകയുമാണ്.ശ്രീലങ്കൻ, ഇന്ത്യൻ നാവികസേനകൾ തീയണയ്ക്കാനുള്ള ശ്രമങ്ങൾ കടലിൽ തുടർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ദ്വീപുരാജ്യത്തിന് ഇതുമൂലം വൻ പ്രതിസന്ധിയും പരിസ്ഥിതി ദുരന്തവും ഉടലെടുത്തേക്കാമെന്നാണു നിരീക്ഷകർ പറയുന്നത്.

കപ്പൽ മുങ്ങിക്കഴിഞ്ഞാൽ അതിൽ നിന്നുള്ള വലിയ അളവിലുള്ള ഇന്ധനം കടലിൽ പരക്കുമെന്നും ഇതു സമുദ്രജീവികളുടെ കൂട്ടനശീകരണത്തിനു വഴിവയ്ക്കുമെന്നും ശ്രീലങ്കയിലെ നിരീക്ഷകർ പറയുന്നു. നെഗോംബോ മേഖലയിൽ ഒട്ടേറെപ്പേരുടെ ഉപജീവനമാർഗമായ മത്സ്യബന്ധനത്തിനെയും ഇതു ബാധിക്കാം.ഇതൊഴിവാക്കാനായി തീരക്കടലിൽ നിന്നു ആഴക്കടലിലേക്കു കപ്പലിനെ വലിച്ചുകൊണ്ടു പോകാൻ നാവികസേനകൾ ശ്രമിക്കുന്നുണ്ട്.എന്നാൽ പ്രക്ഷുബ്ദമായ കാലാവസ്ഥ ഇതിനു തടസ്സമാകുന്നു.

കപ്പലിൽ നിന്നുള്ള എണ്ണ കുറേശ്ശെയായി തീരതത്തു പരക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോൾ അതിനെക്കാൾ വലിയ പ്രശ്നം സൃഷ്ടിക്കുന്നത് കപ്പലിൽ നിന്നു തീരത്തടിയുന്ന പ്ലാസ്റ്റിക് തരികളാണ്. നെഗംബോയിൽ മാത്രമല്ല, ശ്രീലങ്കയുടെ പടിഞ്ഞാറൻ തീരം മുഴുവൻ ഈ പ്രശ്നമുണ്ട്.  ഇവ വിഘടിച്ചു മൈക്രോപ്ലാസ്റ്റിക്സ് ആയി മാറുമെന്നും ഇവ സമുദ്രജീവികളെ വലിയ രീതിയിൽ ബാധിക്കുമെന്നും നിരീക്ഷകർ പറയുന്നു.‌തീരത്ത് ഇത്തരം പ്ലാസ്റ്റിക് തരികൾ കുന്നുകൂടി കിടക്കുകയാണ്. ഇവ പെറുക്കിമാറ്റാൻ ദുരന്തനിവാരണ സൈനികർ കുറച്ചുദിവസങ്ങളായി അശ്രാന്ത ശ്രമത്തിലാണ്.‌ വിഷസാധ്യത ഉള്ളതിനാൽ ഇതിൽ തൊടരുതെന്നു പൊതുജനത്തിനു നിർദേശമുണ്ട്. 

കപ്പലിൽ നിന്നു നേരത്തെ തന്നെ നൈട്രിക് ആസിഡ് ലീക്കു ചെയ്യുന്നുണ്ടായിരുന്നു.  എന്നിട്ടും കപ്പലിനെ പ്രവേശിപ്പിച്ച് പ്രതിസന്ധിക്കു വഴിയൊരുക്കിയതിനു ശ്രീലങ്കൻ സർക്കാരിനെതിരെ വമ്പിച്ച ജനരോഷമുണ്ട്. ശ്രീലങ്കൻ തീരത്തെ കണ്ടൽക്കാടുകൾ നശിക്കാനും ജലസമുച്ചയങ്ങൾ മലിനമാക്കപ്പെടാനും സംഭവം വഴിയൊരുക്കുമെന്നാണു വിദഗ്ധരുടെ ഭീതി. ശ്രീലങ്കൻ അധികൃതർ സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നെഗൊംബോ ഉൾപ്പെടെ  80 കിലോമീറ്ററോളം തീരത്തു മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്..

കപ്പലിലെ 25 അംഗ സംഘം ക്വാറന്റീൻ പൂർത്തിയാക്കിയെന്നും ഇനി ചോദ്യം ചെയ്യുമെന്നും പൊലീസ് വക്താവ് പറഞ്ഞു. മേയ് 11ന് കപ്പൽ ശ്രീലങ്കൻ കടലിൽ പ്രവേശിക്കുന്നതിനു വളരെ മുൻപുതന്നെ നൈട്രിക് ആസിഡ് ചോർച്ചയെക്കുറിച്ചു കപ്പലിന്റെ ക്യാപ്റ്റന് അറിയാമായിരുന്നുവെന്ന് എം‌ഇപി‌എ ചൂണ്ടിക്കാട്ടി. ഞായറാഴ്ച മുതൽ തീ നിയന്ത്രണവിധേയമാണെന്ന് അധികൃതർ പറഞ്ഞു.

English Summary: Sri Lanka Questions Burning Ship's Crew That Covered Beaches With Plastic