അപ്രതീക്ഷിതമായി മണ്ണിടിഞ്ഞ് വീഴുന്നതും കെട്ടിടങ്ങളും മറ്റും ഇടിഞ്ഞ് താഴ്ന്ന് മണ്ണിനടിയിലാകുന്നതും പലപ്പോഴും കേള്‍ക്കുന്ന കാര്യമാണ്. എന്നാല്‍ മെക്സിക്കോയിലെ സാന്‍റാ മരിയ മേഖലയിലെ അഗാധ ഗര്‍ത്തത്തിന്‍റെ രൂപപ്പെടല്‍ ഏവരെയും അമ്പരപ്പിക്കുകയാണ്. ഒരു പാടത്തിന്‍റെ മധ്യത്തിലായി രാത്രി പ്രത്യക്ഷപ്പെട്ട ഈ ഗര്‍ത്തം ഇപ്പോഴും വലുതായിക്കൊണ്ടിരിക്കുകയാണ്. തുടക്കത്തില്‍ 10 അടി മാത്രം വിസ്തൃതി ഉണ്ടായിരുന്ന ഈ ഗര്‍ത്തം മണിക്കൂറുകള്‍ക്കുള്ളില്‍ 300 അടിയിലേറെയായി വ്യാപ്തി വർധിച്ചിരിക്കുകയാണ്. പാടത്തിന്‍റെ ഒരു ഭാഗത്ത് സ്ഥിതി ചെയ്യുന്ന വീട് പോലും വൈകാതെ വിഴുങ്ങുമെന്ന സ്ഥിതിയില്‍ ഗര്‍ത്തത്തിന്‍റെ ചുറ്റുമുള്ള മണ്ണ് ഇടിഞ്ഞ് കൊണ്ടിരിക്കുകയാണ്.

സാഞ്ചസ് കുടുംബത്തിന്‍റെ കീഴിലുള്ള മെക്സിക്കോയിലെ പാടത്ത് കഴിഞ്ഞ ദിവസം രാത്രിയിലാണ് ഈ ഗര്‍ത്തം പ്രത്യക്ഷപ്പെട്ടത്. വലിയൊരു ഇടിമുഴക്കം പോലുള്ള ശബ്ദത്തോടെയാണ് മണ്ണിടിഞ്ഞ് വീണതെന്ന് പാടത്തിന്‍റെ ഉടമയായ ഹെര്‍ബറിട്ടോ സാഞ്ചസ് പറഞ്ഞു. ആദ്യം ഇടിമിന്നല്‍ ഭൂമിയില്‍ പതിച്ചതെന്നാണ് കരുതിയത്. എന്നാല്‍ അടുത്തു ചെന്നതോടെ ഗര്‍ത്തത്തിന്‍റെ ആഴം കണ്ട് ഭയന്നു പോയെന്നും സാഞ്ചസ് വിശദീകരിച്ചു. പിറ്റേന്ന് രാവിലെ ആയപ്പോഴേക്കും ഗര്‍ത്തത്തിന്‍റെ വ്യാപ്തി പല മടങ്ങായി വർധിച്ചിരുന്നുവെന്നും ഹെര്‍ബറിട്ടോ വ്യക്തമാക്കി.

ഗര്‍ത്തം രൂപപ്പെട്ട മേഖലയില്‍ നിന്ന് നൂറു കണക്കിനടി മാറി സ്ഥിതി ചെയ്തിരുന്ന സാഞ്ചസിന്‍റെ വീടും ഇപ്പോള്‍ അപകട ഭീഷണിയിലാണ്. ചുറ്റുമുള്ള പ്രദേശത്തെ മണ്ണിടിഞ്ഞു വീഴുന്ന രീതിയിലാണ് ഗര്‍ത്തത്തിന്‍റെ വ്യാസം വർധിക്കുന്നത്. ഗര്‍ത്തത്തിന്‍റെ ഭീഷണി നിമിത്തം സാഞ്ചസ് കുടുംബത്തെ ഇവിടെ നിന്ന് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. അതേസമയം സ്വന്തമായി ആകെ ഉണ്ടായിരുന്നു പാടവും വീടും നഷ്ടപ്പെട്ടതിന്‍റെ സങ്കടത്തിലാണ് സാഞ്ചസ് കുടുംബം. ഗര്‍ത്തം വലുതാകുന്ന സ്വഭാവം വച്ച് താന്‍ അദ്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും വൈകാതെ വീടും ഗര്‍ത്തം വിഴുങ്ങുമെന്നുമാണ് നിരാശനായ ഹെര്‍ബറിട്ടോ പ്രതികരിച്ചത്.

ഗര്‍ത്തത്തിന് പിന്നില്‍ ജാഗി

സാധാരണ ഗതിയില്‍ ജലാംശമുള്ള പാടങ്ങളുടെ അടിയിലെ മണ്ണ് ഒഴുകി പോകാനുള്ള സാധ്യതയുണ്ട്. ഇത് തന്നെയാകും ഗര്‍ത്തം രൂപപ്പെടാനുള്ള പ്രഥമ കാരണമായി അധികൃതര്‍ വിലയിരുത്തുന്നത്. അതേസമയം ഗര്‍ത്തത്തിന്‍റെ നിലവിലെ സ്ഥിതിയില്‍ പരിശോധന അപകടകരമാണ് എന്നതിനാല്‍ വിശദ പഠനം പിന്നീടെ സാധ്യമാകൂവെന്നും ഇവര്‍ പറയുന്നു. പരിസ്ഥിതി ശാസ്ത്രജ്ഞര്‍ നല്‍കുന്ന മറ്റൊരു വിശദീകരണം മേഖലയിലൂടെ ഒഴുകുന്ന ബല്‍സാസ് നദിയുടെ കൈവഴികളുടെ സാന്നിധ്യത്തെക്കുറിച്ചാണ്. ലോകത്തെ തന്നെ ഏറ്റവും അധികം ഭൂഗര്‍ഭ കൈവഴികളും ജലസ്രോതസ്സുകളുംമുള്ള നദീശൃംഖലയാണ് ബല്‍സാസ് നദി. മെക്സിക്കോയിലും ഒരു പ്രദേശമാകെ മണ്ണിനടിയിലെ കുളം പോലെ ഈ നദിയുടെ ജലസ്രോതസ്സുണ്ടെന്നാണ് കരുതുന്നത്. അത് കൊണ്ട് തന്നെ 60 അടിയോളം ഇപ്പോള്‍ ആഴം കണക്കാക്കുന്ന ഈ ഗര്‍ത്തത്തിനും ഈ കൈവഴികളുമായി ബന്ധമുണ്ടാകാമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

ഇതിനിടെ  പ്രദേശവാസികളുടം അഭിപ്രായത്തില്‍ ഇപ്പോഴത്തെ ഗര്‍ത്തത്തിന് കാരണം മുന്‍പ് ഈ മേഖലിലുണ്ടായിരുന്ന വലിയ കുളം തന്നെയാണ്. ജാഗി എന്ന് തദ്ദേശീയ ഭാഷയില്‍ വിളിക്കുന്ന തടാക സമാനമായ ചതുപ്പ് നിലവും കുളവുമായിരുന്നു നൂറിലേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ പ്രദേശമെന്ന് നാട്ടുകാര്‍ പറയുന്നു. ഈ തടാകസമാനമായ പ്രദേശം നികത്തിയാണ് ഇപ്പോഴത്തെ പാടം നിര്‍മിച്ചതെന്നും ഇവര്‍ വിവരിക്കുന്നു.  ഈ വസ്തുത ശരിയാണെങ്കില്‍ മേഖലയില്‍ രൂപപ്പെടുന്ന ഉറവ ഭൂമിക്കടിയില്‍ കെട്ടി കിടന്ന് ഒടുവില്‍ മണ്ണ് നനഞ്ഞ് ഇടിഞ്ഞതാകാനാണ് സാധ്യതയെന്നും ഗവേഷകര്‍ വലിയിരുത്തുന്നു. ഏതായാലും ഗര്‍ത്തം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ വിശദമായ പഠനം ആരംഭിക്കൂെവന്നും ഇവര്‍ പറയുന്നു.

കാഴ്ചക്കാരുടെ തിരക്ക്

പാടത്തിന് നടുവില്‍ കുഴിച്ച വലിയ കുളം പോലെയാണ് ഇപ്പോള്‍ ഈ ഗര്‍ത്തം കാണപ്പെടുന്നത്. ഗര്‍ത്തത്തിന്‍റെ ഏതാണ്ട് പാതിയോളം ആഴത്തില്‍ വെള്ളം കെട്ടി കിടക്കുന്നുണ്ട്. നിരവധി പേരാണ് ഈ അപ്രതീക്ഷിത കാഴ്ച കാണാന്‍ ഈ മേഖലയിലേക്കെത്തുന്നത്. ഇവരെ നിയന്ത്രിക്കുകയെന്നതാണ് ഇപ്പോള്‍ അധികൃതരുടെ ശ്രമകരമായ ജോലി. ഗര്‍ത്തത്തിന് സമീപത്തേക്ക് ആളുകള്‍ എത്തിച്ചേരാതിരിക്കാന്‍ ഇതിനകം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനിടെ വെട്ടിച്ച് അടുത്തു പോയി നോക്കാന്‍ തയാറാകുന്നവരുമുണ്ട്.

ഇത്തരത്തില്‍ നിയന്ത്രണം മറികടന്ന് ചെന്ന രണ്ട് പേര്‍ അടുത്തെത്തും മുന്‍പ് മണ്ണിടിഞ്ഞ് വീഴുന്നതും കഷ്ടിച്ച് ഇവര്‍ രക്ഷപ്പെടുന്നതുമായുള്ള ഒരു വിഡിയോയും ഇതിനകം പ്രചരിക്കുന്നുണ്ട്. ഗര്‍ത്തത്തിന്റെ ചുറ്റും ഇപ്പോഴും വിള്ളലുകള്‍ രൂപപ്പെടുന്നതിനാല്‍ അതിന്‍റെ വ്യാസം വീണ്ടും വലുതാകുമെന്ന് തന്നെയാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. 

English Summary:  Massive sinkhole opens in Mexico and it’s growing