കണ്ണൂർ∙ ഓക്സിജന്റെ വില തിരിച്ചറിയാൻ കോവിഡ് വരേണ്ടി വന്നു. കുപ്പിവെള്ളം വാങ്ങാൻ തുടങ്ങിയപ്പോൾ വെള്ളത്തിന്റെ വില നമ്മൾ തിരിച്ചറിഞ്ഞു. വെള്ളത്തിനും വായുവിനും മാത്രമാണോ വില? അല്ല. വയലിനും കുന്നിനും നീർത്തടങ്ങൾക്കും കടലിനും തീരത്തിനും വിലയുണ്ട്. അവ നമുക്കു നേരിട്ടു തരുന്ന സേവനങ്ങൾക്കു മൂല്യമുണ്ട്. കറൻസിയി‍ൽ മാത്രം ഇതു മനസിലാകുന്നവർക്കായി അതു കണക്കാക്കിയിട്ടുണ്ട്, ശാസ്ത്രജ്ഞർ. ഞെട്ടിക്കുന്ന ആ കണക്കുകൾക്കു പുറമെയാണു കുന്നും താഴ്‌വരയും നദിയും പുൽമേടുമൊക്കെ നമുക്കു പകരുന്ന മാനസികോല്ലാസം. അതിനൊരിക്കലും വില കണക്കാക്കാൻ പറ്റില്ല. പരിസ്ഥിതിയുടെ പുനഃസ്ഥാപനമാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ പ്രമേയം. മില്ലെനിയം ഇക്കോസിസ്റ്റം അസസ്മെന്റ് എന്ന പേരിൽ, അന്നത്തെ ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ കോഫി അന്നാന്റെ നിർദേശപ്രകാരം 2000നും 2005നും ഇടയിൽ നടത്തിയ പഠനത്തിലൂടെയാണു പരിസ്ഥതിയുടെ വില ലോകമറിഞ്ഞത്.  

ചൈനയിൽ നിന്നൊരു കഥ

വ്യാപകമായി നെൽക്കതിരുകൾ തിന്നപ്പോൾ ചൈനയിലെ ഒരു മേഖലയിൽ അങ്ങാടിക്കുരുവികളെ മുഴുവൻ വെടിവച്ചു കൊന്നു. പക്ഷേ, അടുത്ത വർഷം നെൽച്ചെടികളൊന്നാകെ പുഴുക്കൾ തിന്നു നശിപ്പിച്ചു. അങ്ങാടിക്കുരുവികൾ പുഴുക്കളെ തിന്നുന്നതിലൂടെ സാധ്യമായിരുന്ന കീടനിയന്ത്രണം ഇല്ലാതായതോടെ പുഴുക്കൾ ക്രമാതീതമായി വർധിച്ചതാണു കാരണം. അതുവരെ 80 ശതമാനം നെല്ല് കിട്ടിയിരുന്നവർക്ക് അത്തവണ 20% പോലും തികച്ചു ലഭിച്ചില്ല. പക്ഷികളില്ലെങ്കിൽ കാടുണ്ടാവില്ല. പ്രധാനമായും പക്ഷികളാണ് വിത്തുകൾ പലയിടത്തേക്കും വിതരണംചെയ്യുന്നത് . 

വ്യവസായത്തിനായി നശിപ്പിക്കപ്പെടുമ്പോൾ...

കാടു വെട്ടിത്തെളിച്ച് വ്യവസായങ്ങൾ തുടങ്ങിക്കൂടേ എന്നു ചോദിക്കുന്നവരുണ്ട്. കിഴക്കൻ കൊൽക്കത്തയിലെ 12,500 ഹെക്ടർ തണ്ണീർത്തടത്തിൽനിന്നുള്ള വരുമാനം നോക്കാം.    പ്രതിവർഷം 15,000 ടൺ മത്സ്യം, ദിനംപ്രതി 150 ടൺ പച്ചക്കറികൾ എന്നിവ ഉൽപാദിപ്പിക്കുന്ന ഈ തണ്ണീർത്തടത്തെ ആശ്രയിച്ചു ജീവിക്കുന്നത് 20,000 കുടുംബങ്ങൾ. ഇതു നേരിട്ടുള്ള പ്രയോജനത്തിന്റെ കണക്ക്. ജലസംരക്ഷണം, മണ്ണൊലിപ്പു തടയൽ, ജലക്രമീകരണം, മൂലകങ്ങളുടെയും ധാതുക്കളുടെയും പുനഃചംക്രമണം, കാർബൺ ശേഖരണം,    മേൽമണ്ണുണ്ടാക്കൽ, മലിനജല സംസ്കരണം തുടങ്ങി 22 പരോക്ഷ ഗുണങ്ങൾ വനങ്ങളെയും തണ്ണീർത്തടങ്ങളെയുംകൊണ്ടു മനുഷ്യനുണ്ട്. പ്രതിവർഷം ഇന്ത്യയിലെ 53,340 ടൺ മേൽമണ്ണ് കുത്തിയൊലിച്ചു പോകുന്നതായി 2010ൽ കേന്ദ്ര കൃഷിമന്ത്രി രാജ്യസഭയെ അറിയിച്ചിട്ടുണ്ട്. 

ഇന്ത്യൻ ബജറ്റിലുണ്ടാക്കുന്ന ‘ലാഭം’

കാടും തണ്ണീർത്തടവും മണ്ണൊലിപ്പു തടയും. ഇന്ത്യയുടെ പരിസ്ഥിതി ആവാസ വ്യവസ്ഥകളിൽനിന്നു പ്രതിവർഷം ലഭിക്കുന്നത് 200.95ലക്ഷം കോടി രൂപയ്ക്കു തുല്യമായ സേവനമാണ്. കേന്ദ്രസർക്കാരിന്റെ കഴിഞ്ഞ പൊതുബജറ്റ്  35 ലക്ഷം കോടി രൂപയുടേതാണ്. ഇന്ത്യയുടെ ബജറ്റ് ഇത്രയും കുറഞ്ഞിരിക്കുന്നതുതന്നെ, വനങ്ങളും തണ്ണീർത്തടങ്ങളുമടക്കമുള്ള ആവാസ വ്യവസ്ഥയുടെ 22 പരോക്ഷ ഗുണങ്ങൾ നമുക്കു ലഭിക്കുന്നതു മൂലമാണ്. മാത്രമല്ല, പ്രകൃതിയുടെ സൗന്ദര്യം പകരുന്ന ശാന്തിയുടെയും സന്തോഷത്തിന്റെയും വില ആർക്കും കണക്കു കൂട്ടിയെടുക്കാനും കഴിയില്ല. ലോകത്തെ പരിസ്ഥിതി ആവാസ വ്യവസ്ഥകളുടെ ആകെ മൂല്യം 33 ട്രില്യൺ യുഎസ് ഡോളർ. ഇതിൽ 45 ശതമാനവും (14.9 ട്രില്യൻ ഡോളർ) തണ്ണീർത്തടങ്ങളാണ്. 

കാടും പുഴയുംകൊണ്ട് എന്താണു പ്രയോജനം?

പ്രതിവർഷം പരോക്ഷമായി നമുക്കു ലഭിക്കുന്ന പ്രയോജനത്തിന്റെ മാത്രം കണക്ക് ഇങ്ങനെ:

∙ 2011ലെ വിവരങ്ങൾ പ്രകാരം ഇന്ത്യയിലുള്ളത് 140 ലക്ഷം ഹെക്ടർ തണ്ണീർത്തടം.

∙ ഒരു ഹെക്ടറിൽനിന്ന് 22,24,350 രൂപ എന്ന കണക്കിൽ ലഭിക്കുന്നത് 124 ലക്ഷം കോടി രൂപ.

∙ വനം 769.5 ലക്ഷം ഹെക്ടർ; പത്തു ലക്ഷം രൂപ നിരക്കിൽ ലഭിക്കുന്നത് 76.95 ലക്ഷം കോടി രൂപ.

വികസനത്തിനു നമ്മൾ നൽകിയ വില

∙ ശതകോടീശ്വരന്മാരും സഹസ്രകോടീശ്വരന്മാരും വർധിക്കുന്നു. 

∙ 2005നും 2012നും ഇടയിൽ ആത്മഹത്യ ചെയ്തത് 2,84,694 കർഷകർ. 

∙ 1950ൽ മൂന്നു ലക്ഷം കാറുകളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നതെങ്കിൽ 2010ൽ അത് നാലു കോടിയാണ്. 

∙ 49% ജനങ്ങൾക്കും ശുചിമുറിയില്ല. 

∙ പ്രതിവർഷം മരിക്കുന്നത് 21 ലക്ഷം കുട്ടികൾ (അഞ്ചു വയസിൽ താഴെ). 

∙ 4.26 കോടി ജനങ്ങളുടെ ജീവിതം ചേരികളിൽ. 

∙ 2.7 കോടി ജനങ്ങൾക്കു വീടില്ല.

∙ കേരളത്തിൽ മാത്രം 11 ലക്ഷം വീടുകളും ഫ്ലാറ്റുകളും താമസിക്കാൻ ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്നു. 

കേരളത്തിൽ സംഭവിക്കുന്നത്...

∙ 657 മില്ലീമീറ്റർ മാത്രം മഴ പെയ്യുന്ന രാജസ്ഥാനിലെ ആൾവാറിൽ ജലക്ഷാമമില്ല. 3000 മില്ലി മീറ്റർ മഴ പെയ്യുന്ന കേരളത്തിൽ ശുദ്ധജലക്ഷാമം. 

‌∙ 1920നും 90നും ഇടയിൽ  നഷ്ടപ്പെട്ടത് പശ്ചിമഘട്ടത്തിന്റെ ആവാസവ്യവസ്ഥയുടെ 40%. കന്യാവനങ്ങളിൽ ഏഴു ശതമാനം മാത്രം ബാക്കി. 

∙ 1975നും 2011നും ഇടയിൽ 12,98,486 ഹെക്ടർ നെൽവയലുകൾ ഇല്ലാതായി. 

∙ 2004ൽ തണ്ണീർത്തടങ്ങൾ 7,66,076 ഹെക്ടർ ഉണ്ടായിരുന്നത്  2011ൽ  1,60,590 ഹെക്ടർ ആയി. രണ്ടും ചേർത്തുള്ള നഷ്ടം 5.34 ലക്ഷം കോടി രൂപ. 

∙ 1975ൽ 8.75 ലക്ഷം ഹെക്ടർ നെൽപാടങ്ങളുണ്ടായിരുന്നയിടത്ത് 2014ൽ 1.94 ലക്ഷം ഹെക്ടർ ബാക്കി. നഷ്ടം 1.56 ലക്ഷം കോടി രൂപ. 

∙ 2004ലെ 4,17,956 ഹെക്ടർ ശുദ്ധജല തണ്ണീർത്തടങ്ങൾ ചുരുങ്ങി 2011ൽ 1,17,122 ഹെക്ടർ ആയി. നഷ്ടം 66,918 കോടി രൂപ. 

∙ ഓരുജല തണ്ണീർത്തടങ്ങൾ 2004ലെ 3,48,111 ഹെക്ടറിൽനിന്ന് 2011ൽ 40,876 ഹെക്ടറിലേക്കു ചുരുങ്ങി. നഷ്ടം 3.31 ലക്ഷം കോടി രൂപ. 

∙ കേരളത്തിന് പ്രതിവർഷം വേണ്ടത് 45 ലക്ഷം ടൺ അരി. ഉത്പാദനം ആറു ലക്ഷം ടൺ.

തനതു നെല്ലിനങ്ങളുടെ നാശം

കണ്ണൂർ ജില്ലയിലെ ഏഴോത്ത് 18 തനതു നെല്ലിനങ്ങൾ കൃഷി ചെയ്തിരുന്നു. ഇന്ത്യയിലാകെ 1.10 ലക്ഷം തനതു നെല്ലിനങ്ങളുണ്ടായിരുന്നു. ഇന്ന് ഇവയെല്ലാം തീരെ ഇല്ലാതാവുകയാണ്. കീടങ്ങളെ തിന്നിരുന്ന പല പക്ഷികളും ഇപ്പോൾ പാടത്തും പരിസരത്തും ഇല്ല. തവളകളും ഇല്ലാതായി. നെൽപ്പാടങ്ങളിലെ ജൈവവൈവിധ്യം നഷ്ടപ്പെട്ടു.  

പൊക്കിൾകൊടിയിലും വിഷം

മനുഷ്യന്റെ പൊക്കിൾകൊടിയിൽ 287 തരം കീടനാശിനികളുടെയും മാരകലോഹങ്ങളുടെയും അംശം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 187 എണ്ണവും അർബുദമുണ്ടാക്കുന്നവയാണ്. 217 എണ്ണം നാഡികൾക്കും തലച്ചോറിനും തകരാറുണ്ടാക്കും. 208 എണ്ണം ഗർഭസ്ഥ ശിശുവിന് വൈകല്യങ്ങളുണ്ടാക്കാൻ കഴിവുള്ളവയാണ്. 14 സംസ്ഥാനങ്ങളിലെ 170 തണ്ണീർത്തടങ്ങളിൽനിന്നു പിടിച്ച 1700 മീനുകളിൽ ലോഹങ്ങളുടെയും കീടനാശിനിയുടെയും മാരകമായ അംശം കണ്ടെത്തിയിട്ടുണ്ട്.

English Summary: World Environment Day 2021: Indian Facts

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT