5 ദിവസം അന്തരീക്ഷമാകെ കൊടുംവിഷം; പുകമഞ്ഞിൽ മരിച്ചത് പതിനായിരങ്ങൾ, ആരും അറിഞ്ഞില്ല
പരിസ്ഥിതിയുടെ കാര്യത്തിൽ പുനര്‍വിചിന്തനം, പരിസ്ഥിതിയെ തിരിച്ചെടുക്കൽ, പരിസ്ഥിതിയ്ക്കുണ്ടായ നാശത്തിൽനിന്നു രക്ഷപ്പെടുത്തി അതിനെ പുനഃസ്ഥാപിക്കൽ... എന്നിവയാണ് ഇത്തവണത്തെ ലോക പരിസ്ഥിതി ദിനത്തിലൂടെ ലക്ഷ്യമിടുന്നത്. മനുഷ്യന്റെ ഇടപെടലിലൂടെ പരിസ്ഥിതിക്ക് ഇതുവരെ സംഭവിച്ച നാശങ്ങൾ പരിഹരിച്ച് അതിനു വീണ്ടും ജീവശ്വാസം പകരുകയെന്നു ചുരുക്കം. കോവിഡ്‌കാലത്ത് പരിസ്ഥിതിയെപ്പറ്റി മനുഷ്യൻ അത്രയേറെ ചിന്തിച്ചിരിക്കുന്നു. അല്ലെങ്കിൽ പരിസ്ഥിതി മനുഷ്യനെ ഇരുത്തി ചിന്തിപ്പിച്ചിരിക്കുന്നു. പക്ഷേ പരിസ്ഥിതിക്കു വരുത്തിയ മാറ്റം തിരിച്ചറിഞ്ഞാൽ മാത്രമല്ലേ ആ പ്രശ്നം പരിഹരിക്കാനാവുകയുള്ളൂ.
ലോകത്തു സംഭവിച്ച ചില പാരിസ്ഥിതിക പ്രശ്നങ്ങൾക്കു പിന്നിൽ എന്തായിരുന്നുവെന്ന് ഇന്നും കണ്ടെത്താനായിട്ടില്ല. അത്തരത്തിൽ കുപ്രസിദ്ധമാണ് 1952 ഡിസംബർ അഞ്ചു മുതൽ 9 വരെ ലണ്ടനിൽ സംഭവിച്ചത്. ‘ഗ്രേറ്റ് സ്‌മോഗ് ഓഫ് ലണ്ടൻ’ എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തിനു പിന്നിലെ യഥാർഥ കാരണമെന്താണെന്ന് അരനൂറ്റാണ്ടിനിപ്പുറം ഇന്നും അജ്ഞാതം. 12,000ത്തോളം പേരാണ് അന്നുണ്ടായ പുകമഞ്ഞിൽ മരണത്തിനു കീഴടക്കിയത്. അഞ്ചു ദിവസത്തോളം ലണ്ടനെയും പരിസര പ്രദേശങ്ങളെയും വിഷം നിറഞ്ഞ പുകമഞ്ഞ് മൂടി. ഒന്നര ലക്ഷത്തോളം പേർ ചികിത്സ തേടി ആശുപത്രിയിലെത്തി. ആയിരക്കണക്കിനു മൃഗങ്ങളും ചത്തുവീണു.
പ്രശ്നത്തിനു പിന്നിലെ കാരണം അന്വേഷിച്ചവർക്ക് കൃത്യമായ ഒരു നിഗമനത്തിൽ എത്താനായില്ല. എങ്കിലും സംശയമുന പ്രധാനമായും നീണ്ടത് കൽക്കരിയുടെ ഉപയോഗത്തിലേക്കായിരുന്നു. അക്കാലത്ത് അടുപ്പു കത്തിക്കാൻ തുടങ്ങി വൈദ്യുതി ഉൽപാദനത്തിനു വരെ വൻതോതിൽ കൽക്കരിയാണ് ഉപയോഗിച്ചിരുന്നത്. വില കുറവായിരുന്നു എന്നതുതന്നെ കാരണം. എന്നാൽ അതിനു ജനം കൊടുക്കേണ്ടി വന്നത് വലിയ വിലയായിരുന്നു. പ്രദേശത്തു വീശിയടിച്ച ഒരു ആന്റിസൈക്ലോണിന്റെ ഫലമായി ലണ്ടനു മുകളിൽ തണുത്ത വായു കെട്ടിക്കിടന്നിരുന്ന സമയമായിരുന്നു അത്. അതുവഴി മൂടൽമഞ്ഞും രൂപപ്പെട്ടു. കാറ്റു പോലുമില്ലാതെ നഗരം നിശബ്ദമാകുന്ന അവസ്ഥയും സൈക്ലോണിനു പിന്നാലെയുണ്ടായി.
കല്‍ക്കരി കത്തിച്ചുണ്ടായ പുക ആ വായുവിനകത്തു ‘പെട്ടുപോവുകയും’ ചെയ്തു. സൾഫർ ഡയോക്സൈഡ്, കാർബൺ ഡയോക്സൈഡ് എന്നിവയ്ക്കൊപ്പം മഞ്ഞിൻ കണങ്ങൾ കൂടി ചേർന്നതോടെ മനുഷ്യനെ കൊല്ലുന്ന ‘ഡെഡ്‌ലി കോംബോ’ ആയും അതു മാറി. ഡിസംബർ 5 മുതൽ 9 വരെ അതു തുടർന്നു. എന്നാൽ ഇത്രയേറെ പേർ കൊല്ലപ്പെട്ടിട്ടും അക്കാലത്ത് അതൊരു വലിയ വാർത്ത പോലുമായില്ല. പകരം പത്രങ്ങളിൽനിറഞ്ഞത് ലണ്ടനിലെ ഒരു സൈക്കോ കില്ലറുടെ കഥയായിരുന്നു. പെൺകുട്ടികളെ ശ്വാസംമുട്ടിച്ചു കൊന്ന് വീട്ടിലൊളിപ്പിച്ച അയാളുടെ പേടിപ്പെടുത്തുന്ന കഥകൾക്കു പിന്നിൽ പുകമഞ്ഞും മറഞ്ഞു. ഈ പുകമഞ്ഞു പ്രതിഭാസത്തെപ്പറ്റി പുസ്തകങ്ങളിലും പരാമർശമുണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്ന തെളിവ് അക്കാലത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളായിരുന്നു.
മഞ്ഞുമൂടിയ നിലയിലുള്ള ആ ചിത്രങ്ങൾ പരിശോധിച്ച കെയ്റ്റ് ഡോസൻ എന്ന മാധ്യമ പ്രവർത്തകയാണ് ഈ വിഷപ്പുകയ്ക്കു പിന്നിലുള്ള കാരണത്തെപ്പറ്റി വിശദമായി അന്വേഷിച്ചത്. അതും 2010–15 സമയത്ത്. പഴയ കാല രേഖകളും വിദഗ്ധരിൽനിന്നു ശേഖരിച്ച വിവരങ്ങളുമെല്ലാം ഉൾപ്പെടുത്തി അവർ ‘ഡെത്ത് ഇൻ ദി എയര്‍’ എന്ന പുസ്തകവും രചിച്ചു. ലണ്ടനിലെ ‘ദ് ഗ്രേറ്റ് സ്മോഗി’നെപ്പറ്റിയുള്ള ആദ്യ ആധികാരിക ഗ്രന്ഥം. ലോകത്തിൽ ആദ്യമായി ഒരു രാജ്യം ശുദ്ധവായുവിനു വേണ്ടി നിയമം പാസാക്കുന്നതും ഈ പുകമഞ്ഞിനെത്തുടർന്നാണെന്നതാണു സത്യം. പുകമഞ്ഞും ജനങ്ങളുടെ മരണവും തമ്മിൽ ബന്ധമില്ലെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും ഒടുവിൽ യുകെ സർക്കാരിന് ‘ക്ലീൻ എയർ ആക്ട്’ പാസാക്കേണ്ടി വന്നു. 1956ലായിരുന്നു അത്.അപ്പോഴും അതിനു പിന്നിൽ 1952ലെ പുകമഞ്ഞുദുരന്തമാണെന്നും അധികമാരും അറിഞ്ഞില്ല.
പുക നിറഞ്ഞ കൽക്കരിക്കു പകരം പുകയില്ലാത്ത ഇന്ധനം ഉപയോഗിക്കാൻ ജനത്തിനു സബ്സിഡി നൽകാനും യുകെ തീരുമാനിച്ചത് ഈ ആക്ടിനെത്തുടർന്നായിരുന്നു. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 12,000ത്തിനുമപ്പുറം പേർ ഈ വിഷമഞ്ഞിൽ മരിച്ചിട്ടുണ്ടെന്ന് അക്കാലത്തെ ഡോക്ടർമാർതന്നെ പറയുന്നു. ഇക്കാര്യവും കെയ്റ്റ് പുസ്തകത്തിൽ വിശദമാക്കുന്നുമുണ്ട്. ഒറ്റയടിക്കുള്ള മരണമായിരുന്നില്ല സംഭവിച്ചത്. ചിലർ വീട്ടിൽക്കിടന്നു മരിച്ചു, മറ്റു ചിലർ ആശുപത്രിയിലും. പുകമഞ്ഞ് മാറിയതിനു ശേഷവും പലരും ശ്വാസകോശ സംബന്ധിയായ രോഗങ്ങളാൽ മരിച്ചു. എന്നാൽ അക്കാലത്ത് ആശുപത്രികളിൽ രോഗികളുടെ കണക്കുകൾ സൂക്ഷിക്കുന്നതിന് ഇന്നത്തേതു പോലെ സൗകര്യങ്ങളൊന്നുമില്ലാതിരുന്നതിനാൽ വിവരങ്ങളൊന്നും പുറത്തെത്തിയില്ലെന്നു മാത്രം. പക്ഷേ കെയ്റ്റ് ഇതെല്ലാം സംഘടിപ്പിച്ചെടുത്തു.
രാജ്യത്തു വിശ്രമീജീവിതം നയിക്കുന്ന വയോധികരുടെ അസോസിയേഷനുകളുടെ തലപ്പത്തിരിക്കുന്നവരിലേക്ക് ഇമെയിൽ അയച്ചായിരുന്നു തുടക്കം. അസോസിയേഷൻ അംഗങ്ങൾക്ക് ഇമെയിൽ അയച്ച് ഇക്കാര്യം അറിയിക്കാനും കെയ്റ്റ് അഭ്യര്‍ഥിച്ചു. അങ്ങനെ പല വിധ അസോസിയേഷനുകളിലൂടെ 1950കളിൽ ലണ്ടനിലുണ്ടായിരുന്ന ഡോക്ടർമാരും നഴ്സുമാരും ആംബുലൻസ് ഡ്രൈവർമാരും പൊലീസ് ഓഫിസർമാരുമായുമെല്ലാം കെയ്റ്റ് ബന്ധം സ്ഥാപിച്ചു. അവരെയെല്ലാം പോയിക്കണ്ടു. ചിലരോട് ഫോണിൽ സംസാരിച്ചു. ഭീതിദമായ വിഷമഞ്ഞിന്റെ കാലത്തെപ്പറ്റി അവരെല്ലാം കെയ്റ്റിനോടു വിശദമായിത്തന്നെ സംസാരിച്ചു. ഇന്നു ചൈനയിൽ ഇടയ്ക്കിടെ പ്രത്യേക്ഷപ്പെടുന്ന മഞ്ഞനിറത്തിൽ, വിഷം നിറഞ്ഞ പുകമഞ്ഞിനോടായിരുന്നു അവരിലേറെയും ‘ദ് ഗ്രേറ്റ് സ്മോഗിനെ’ ഉപമിച്ചത്.
പുകമഞ്ഞു കാരണം മരിച്ചവരുടെ ബന്ധുക്കളെയും കെയ്റ്റ് ഇന്റർവ്യൂ ചെയ്തു. അക്കാലത്തു 13 വയസ്സുണ്ടായിരുന്ന റോസ്‌മേരി എന്ന പെൺകുട്ടിയുടെ കഥയുൾപ്പെടെ അങ്ങനെയാണു ലഭിച്ചത്. പുകമഞ്ഞ് ശ്വസിച്ച് റോസ് മേരിയുടെ പിതാവാണു മരിച്ചത്. തിങ്ങിഞെരുങ്ങിയായിരുന്നു അക്കാലത്തെ ലണ്ടൻ ജീവിതം. അതിനാൽത്തന്നെ ഇത്തരമൊരു സംഭവം നടന്നപ്പോൾ നഗരജീവിതത്തിൽ അതു സ്വാഭാവികം എന്നായിരുന്നു പലരും കരുതിയിരുന്നത്. എന്തായാലും യുകെ കണ്ട ഏറ്റവും വലിയ കാലാവസ്ഥാ ദുരന്തമായാണ് ഇന്നും ചരിത്രരേഖകളിൽ ‘ദ് ഗ്രേറ്റ് സ്മോഗ്’ അറിയപ്പെടുന്നത്. ഈ പുകമഞ്ഞ് നെറ്റ്‌ഫ്ലിക്സിലെ പ്രശസ്തമായ ‘ദ് ക്രൗൺ’ എന്ന സീരീസിനും വിഷയമായിട്ടുണ്ട്. എലിസബത്ത് II രാജ്ഞിയുടെ ജീവിതമാണ് പറയുന്നതെങ്കിലും പുകമഞ്ഞ് പിടിമുറുക്കിയ ലണ്ടൻ അന്നനുഭവിച്ച ഭീകരതയുടെ രംഗങ്ങൾ സീരീസിൽ കാണാം.
English Summary: Great Smog of London