ഓസ്ട്രേലിയയിലെ കിഴക്കൻ വിക്ടോറിയയിൽ ഇപ്പോൾ ചെന്നു നോക്കിയാൽ കാണാവുന്നത് കിലോമീറ്ററോളം പരന്നു കിടക്കുന്ന എട്ടുകാലി വലകളാണ്. വെറും വലകളല്ല, മറിച്ച് എട്ടുകാലി വലകൾ കൊണ്ട് ഒരു പുതപ്പു തുന്നിയതുപോലെയാണ് ഇത് അനുഭവപ്പെടുന്നത്. പ്രതിഭാസത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. കാറ്റടിക്കുമ്പോൾ തിരകൾ പോലെ ചിലന്തിവലപ്പുതപ്പ് അനങ്ങുന്നതിന്റെ വിഡിയോ ഒട്ടേറെപ്പേരാണു കണ്ടതും ഷെയർ ചെയ്തതും.

അടുത്തിടെ മേഖലയിൽ ദീർഘനാളുകൾ നീണ്ടുനിന്ന ഒരു പെരുമഴ പെയ്തിരുന്നു. ത്തുടർന്ന് കടുത്ത വെള്ളപ്പൊക്കം മേഖലയിൽ ഉടലെടുത്തു. വിക്ടോറിയയിലെ ഈസ്റ്റ് ഗ്രിപ്പ്സ്ലാൻ‍ഡ് മേഖലയിലാണു വലിയ നാശനഷ്ടങ്ങൾ സംഭവിച്ചത്. റോഡുകളിലും പാതകളിലമൊക്കെ വെള്ളം പൊങ്ങിയത് ഏറ്റവും കൂടുതൽ ബാധിച്ചത് പ്രദേശത്തെ ചിലന്തികളെയാണ്.

ഒഴുകി വരുന്ന വെള്ളത്തിൽ നിന്നു രക്ഷനേടാനായി ഇവ ഉയരമുള്ള പ്രതലങ്ങളിലേക്കും മരക്കൊമ്പുകളിലേക്കും റോഡ് ദിശാസൂചികളിലേക്കുമൊക്കെ കയറി. തുടർന്ന് അവ ആ ഉയരത്തിൽ തന്നെ ഒരു കുടപോലെ വല നെയ്തു. ഇതാണ് ഇപ്പോൾ പ്രദേശത്തെ ഒരു പുതപ്പിനടിയിലാക്കിയതു പോലെ ചിലന്തിവല സൃഷ്ടിച്ചത്. ചെറിയ മരങ്ങളും ഉയരമുള്ള പുല്ലുകളുമൊക്കെ ഇപ്പോൾ ഈ വലപ്പുതപ്പിനടിയിലാണ്.

മുപ്പതു ലക്ഷത്തോളം ചിലന്തികളാണു മേഖലയിൽ വ്യാപിച്ചിരിക്കുന്നതെന്നു ഗവേഷകർ പറയുന്നു. ഇത്ര ബൃഹത്തായ വല സൃഷ്ടിക്കപ്പെട്ടതിനു കാരണം എണ്ണത്തിലെ ഈ ബാഹുല്യമാണ് .ആംബികോഡാമസ് എന്ന സ്പീഷിസിൽ പെട്ട ചിലന്തികളാണ് ഇവയിൽ കൂടുതൽ. ഈ ചിലന്തികൾ സാധാരണ ഗതിയിൽ വലകെട്ടി ജീവിക്കാതെ നിലത്തു കഴിയാനിഷ്ടപ്പെടുന്നവയാണ്.

എന്നാൽ മഴയും കാലാവസ്ഥാമാറ്റവുമൊക്കെ വരുമ്പോൾ ദൂരേക്ക് പോകാനായി വളരെ നേർത്ത, മീറ്ററുകൾ നീളമുള്ള  വല ഇവകെട്ടും.ബലൂണിങ് എന്നറിയപ്പെടുന്ന ഈ പ്രക്രിയയ്ക്കായി ഇവർ നേർത്ത വലകൾ നേരത്തെയും കെട്ടിയിട്ടുണ്ടെന്നു പ്രദേശത്തെ ഗവേഷകർ പറയുന്നു. ഇപ്പോൾ പക്ഷേ വെള്ളപ്പൊക്കത്തിൽ നിന്നു രക്ഷപ്പെടാൻ കെട്ടിയതുകൊണ്ട് ഇതൊരു ശൃംഖല പോലെയായി അപൂർവ പ്രതിഭാസം സൃഷ്ടിച്ചു.

എന്നാൽ ഈ ചിലന്തികളെക്കൊണ്ട് ഹാനികരമായ സംഭവങ്ങൾ ഉടലെടുക്കില്ലെന്ന് വിദഗ്ധർ ഉറപ്പു പറയുന്നു. ഇവ കടിച്ചാലും ടരാന്റുല, ബ്ലാക്ക് വിഡോ പോലുള്ള ചിലന്തികളെപ്പോലെ വിഷം കുത്തിവയ്ക്കില്ല. അദ്ഭുതക്കാഴ്ച കാണാനായി കോവിഡിനെപ്പോലും വകവയ്ക്കാതെ പതിനായിരക്കണക്കിന് ആൾക്കാരാണു വിക്ടോറിയയിലേക്ക് പ്രവഹിക്കുന്നത്. ലോകമെങ്ങും മാധ്യമങ്ങളിലൂടെയും ഈ സംഭവം ശ്രദ്ധ നേടുന്നു.

English Summary: Vast, Ghostly Spiderwebs Are Blanketing The Australian Countryside, Again