അസമിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കടുവ ചത്തു: അബദ്ധത്തിൽ സംഭവിച്ചതെന്ന് അധികൃതർ
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് അസമിലെ കാസിരംഗ ദേശീയോദ്യാനത്തിൽ കടുവ ചത്തു. കഴിഞ്ഞദിവസം രാവിലയാണ് കടുവയെ വനത്തിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തിയത്. കടുവയ്ക്ക് അബദ്ധത്തിൽ വെടിയേറ്റതാണെന്നാണ് അധികൃതരുടെ വിശദീകരണം. 10 വയസ്സ് പ്രായമുള്ള ആൺകടുവയാണ് ചത്തത്. കറ്വാബാരി മേഖലയിൽനിന്നും കടുവയുടെ മൃതശരീരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശരീരത്തിൽ വെടിയേറ്റ പാടുകൾ കണ്ടെത്തുകയായിരുന്നു.
ജനവാസ മേഖലയിലേക്ക് കടുവ ഇറങ്ങാതിരിക്കാനായി അതിനെ ഭയപ്പെടുത്താൻ വനപാലകർ വെടിവച്ചപ്പോൾ അബദ്ധത്തിൽ കടുവയ്ക്ക് വെടിയേൽക്കുകയായിരുന്നുവെന്ന് വനം വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ദേശീയോദ്യാനത്തിന്റെ ഡയറക്ടറായ പി ശിവകുമാർ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ ഇത് മൂന്നാം തവണയാണ് കാസിരംഗ ദേശീയോദ്യാനത്തിൽ നിന്നും കടുവകളുടെ മൃതശരീരങ്ങൾ കണ്ടെത്തുന്നത്.
ഈമാസം ആദ്യം സിദ്ധ കത്താനി മേഖലയിൽ നിന്നും നാലു വയസ്സുള്ള ആൺകടുവയുടെ മൃതശരീരം ലഭിച്ചിരുന്നു. കടുവയുടെ ശരീരത്തിൽ ആക്രമണമേറ്റ പാടുകളുണ്ടായിരുന്നതിനാൽ മറ്റ് കടുവ അക്രമിച്ചതാവാം മരണ കാരണമെന്ന നിഗമനത്തിലാണ് അധികൃതർ. അതിനുമുൻപ് ഒരു പെൺ കടുവക്കുഞ്ഞിന്റെ ശരീരമാണ് വനത്തിൽ കണ്ടെത്തിയത്. നാലുമാസം മാത്രം പ്രായമുള്ള കടുവകുഞ്ഞിനെ വലിയ കടുവകൾ ആക്രമിച്ചു കൊന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
English Summary: Tiger Found Dead In Kaziranga, Official Says Died In "Accidental Firing"