ഒരിക്കല്‍ വംശനാശം സംഭവിച്ചെന്ന് കരുതി ഗവേഷകര്‍ ഉപേക്ഷിച്ച മത്സ്യങ്ങളാണ് കൊയ്‌ലാകാന്ത് എന്ന വിഭാഗത്തില്‍ പെട്ടവ. എന്നാല്‍ മനുഷ്യരുടെ കണ്‍വെട്ടത്ത് നിന്ന് മറഞ്ഞ് കടലിന്‍റെ അടിത്തട്ടിനോട് ചേര്‍ന്ന് ഈ മത്സ്യങ്ങള്‍ ഇന്നും ജീവിക്കുന്നുണ്ടെന്ന് ഗവേഷകര്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയിരുന്നു. ഫോസില്‍ മത്സ്യങ്ങള്‍ എന്ന് കൂടി വിളിപ്പേരുള്ള ഇവയെക്കുറിച്ചുള്ള വിശദമായ പഠനത്തില്‍ ഗവേഷകരെ ഒരിക്കല്‍ കൂടി അമ്പരപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഒരിക്കല്‍ 20 വര്‍ഷം മാത്രം ആയുസ്സ് കണക്കാക്കിയിരുന്ന ഇവയ്ക്ക് ഇപ്പോഴത്തെ കണ്ടെത്തലുകള്‍ അനുസരിച്ച് 100 വര്‍ഷം വരെ ജീവിക്കാനുള്ള ശേഷിയുണ്ട്.

ഇതോടെ സമുദ്രത്തിലെ തന്നെ ഏറ്റവും സാവധാനത്തില്‍ വളരുന്ന വലിയ മത്സ്യങ്ങളാണ് കൊയ്‌ലാകാന്തുകളെന്നും ഗവേഷകര്‍ തിരിച്ചറിഞ്ഞു. സ്രാവുകള്‍ മാത്രമാണ് ഏതാണ്ട് സമാനമായ തോതില്‍ വളര്‍ച്ച പ്രാപിക്കുന്ന മറ്റൊരു മത്സ്യ ജനുസ്സ്. കൊയ്‌ലാകാന്തുകളില്‍ തന്നെ ആഫ്രിക്കന്‍ കൊയ്‌ലാകാന്തുകളാണ് വളര്‍ച്ചയുടെ കാര്യത്തില്‍ ഏറ്റവും വലിയ മെല്ലെപ്പോക്കുകാര്‍ എന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. വളര്‍ച്ചയുടെ കാര്യത്തില്‍ മാത്രമല്ല ഭക്ഷണം ദഹിപ്പിക്കുന്നത് മുതല്‍ പ്രത്യുൽപാദനം വരെയുള്ള കാര്യങ്ങളില്‍ കൊയ്‌ലാകാന്തുകളുടെ ഈ മെല്ലപ്പോക്ക് കാണാനാകും. കടലിന്‍റെ ആഴത്തില്‍ ജീവിക്കുന്ന ഒരു മത്സ്യത്തെ സംബന്ധിച്ച് ഇത് സ്വാഭാവികമായ വേഗമാണെന്ന് ഗവേഷകര്‍ പറയുന്നു. ഏതാണ്ട് 6.5 അടി അഥവാ 2 മീറ്റര്‍ വരെയാണ് ഇവയുടെ ശരാശരി നീളം. 

27 കൊയ്‌ലാകാന്ത് മത്സ്യങ്ങളില്‍ നടത്തിയ പഠനത്തിനൊടുവിലാണ് ഈ നിഗമനത്തിലേക്ക് ഗവേഷക സംഘം എത്തിച്ചേര്‍ന്നത്. 84 വയസ്സായിരുന്നു പഠനത്തിന് ഉപയോഗിച്ച ആഫ്രിക്കന്‍കൊയ്‌ലാകാന്തുകളുടെ ശരാശരി പ്രായം. ഈ പഠനം അനുസരിച്ച് ശരാശരി 55 വയസ്സാകുമ്പോഴാണ് കൊയ്‌ലാകാന്തുകള്‍ക്ക് പ്രായപൂര്‍ത്തിയാകുന്നത്. കൊയ്‌ലാകാന്തുകളുടെ ആയുസ്സ് മുന്‍പ് കണക്കാക്കിയിരുന്നതിലും അഞ്ചിരട്ടിയാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു എന്നതാണ് ഈ പഠനത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന മറൈന്‍ ബയോളജിസ്റ്റ് കെഹിന്‍ മഹേ പറയുന്നു.

ഫോസില്‍ മത്സ്യങ്ങള്‍

ഭൂമിയില്‍ ഈ മത്സ്യങ്ങളുടെ പൂര്‍വികന്‍മാര്‍ ഉദ്ഭവിച്ചത് ദശകോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അതുകൊണ്ട് തന്നെ ഇവയുടെ ജീനുകളില്‍ കോടിക്കണക്കിന് വര്‍ഷങ്ങളിലെ സമുദ്രത്തിന്‍റെയും ജൈവവ്യവസ്ഥയുടെയും കഥകള്‍ ഒളിച്ചിരിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇവയെക്കുറിച്ച് പഠിയ്ക്കുന്നത് ഫോസിലുകളെക്കുറിച്ച് പഠിക്കുന്നതിന് തുല്യമാണ്. ഈ സാഹചര്യത്തിലാണ് ഈ മത്സ്യങ്ങള്‍ക്ക് ഫോസില്‍ മത്സ്യങ്ങളെന്ന വിളിപ്പേര് വന്നതും. ഈ ജീവിയുടെ പരിമാണ ദിശയിലെ എല്ലാ ഘട്ടങ്ങളെയും കുറിച്ച് അവയുടെ ശരീരത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. അതുകൊണ്ട് തന്നെ മരിച്ചവരെ ശരീരത്തിന്‍റെ ഭാഗമാക്കി സഞ്ചരിക്കുന്ന മത്സ്യം എന്നും കൊയ്‌ലാകാന്തുകളെ ഗവേഷകര്‍ വിളിക്കാറുണ്ട്.

സ്വന്തം വര്‍ഗത്തില്‍ പെട്ട ജീവികളുടെ മാത്രമല്ല സമാനമേഖലയില്‍ ജീവിക്കുന്ന മറ്റ് പല ജീവികളുടെ ജീനുകള്‍ കൂടി ഈ മത്സ്യത്തില്‍ നിന്ന് കണ്ടെത്താനാകും. പരിണാമദിശയില്‍ എപ്പോഴോ വഴി പിരിഞ്ഞുപോയ ഈ മത്സ്യങ്ങളെല്ലാം ഏതോ ഒരു കാലത്ത് കൊയ്‌ലാകാന്തുകളുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് ഈ പഠനങ്ങള്‍ തെളിയിക്കുന്നത്. അത് കൊണ്ടും അവസാനിച്ചില്ല, മനുഷ്യരുമായും ഏറ്റവുമധികം ജനിതക ബന്ധമുള്ള മത്സ്യം കൂടിയാണ് കൊയ്‌ലാകാന്ത്. ഒരു പക്ഷേ മനുഷ്യന്‍റെ പിണാമഘട്ടത്തിലേക്ക് കൂടി വെളിച്ചം വീശാന്‍ ഈ ജീവിയെ കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിലൂടെ സാധിക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

ജനിതക പഠനത്തിന് പുറമെ പോളറൈസ്ഡ് ലൈറ്റ് മൈക്രോസ്കോപി എന്ന സാങ്കേതിക വിദ്യ കൂടി ഉപയോഗിച്ചാണ് ഗവേഷകര്‍ ഈ മത്സ്യങ്ങളെക്കുറിച്ചുള്ള പഠനം പൂര്‍ത്തിയാക്കിയത്. വൃക്ഷങ്ങളിലെ വളയങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന പ്രായത്തിന്‍റെ പഠനത്തിന് സമാനാണ് ഈ മത്സ്യങ്ങളില്‍ നടത്തിയ ലൈറ്റ് മൈക്രോസ്കോപ്പി പഠനം. കൊയ്‌ലാകാന്തുകളുടെ ശരീരത്തില്‍ കാണപ്പെടുന്ന കാല്‍സിഫൈഡ് ഭാഗങ്ങളിലാണ് ലൈറ്റ് മൈക്രസ്കോപ്പി പഠനം നടത്തുക. ഇതിലൂടെ മത്സ്യങ്ങളുടെ പ്രായം കൃത്യമായ തോതില്‍ അളക്കാനാകും. ഈ സാങ്കേതിക വിദ്യയാണ് കൊയ്‌ലാകാന്തുകളുടെ ആയുസ്സ് പുനര്‍ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായതും.

വംശനാശ ഭീഷണി

സമുദ്രത്തിന്‍റെ ആഴത്തില്‍ അടിത്തട്ടിനോട് ചേര്‍ന്ന് ജീവിക്കുന്ന മത്സ്യമായതിനാല്‍ ഇവയെ സംരക്ഷിക്കുകയെന്നത് വെല്ലുവിളിയേറിയ കാര്യമാണ്. അതേസമയം തന്നെ ഈ മത്സ്യത്തിന്‍റെ നിലനില്‍പ്പിനെപ്പറ്റി ഗവേഷകര്‍ക്ക് ആശങ്കയുമുണ്ട്. പ്രധാനമായും ഈ ആശങ്കയ്ക്ക് കാരണം ഈ ജീവിയുടെ പ്രജനന നിരക്കാണ്. ഈ കുറഞ്ഞ പ്രജനന നിരക്ക് ഇവയുടെ സ്വാഭാവിക പരിണാമ ഫലമാണെങ്കില്‍ തന്നെയും മാറുന്ന സമുദ്രതാപനിലയിലും അടിത്തട്ടിലെ വർധിച്ച് വരുന്ന മാലിന്യങ്ങളുടെ സാഹചര്യത്തിലും ഈ ജീവികള്‍ കടുത്ത വെല്ലുവിളി നേരിടുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

English Summary: This Giant 'Living Fossil' Fish Can Live For 100 Years, Deep in The Ocean

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT