ADVERTISEMENT

ഇന്ന് ലോക പരിസ്ഥിതി ദിനം. കാലാവസ്ഥാ വ്യതിയാനം മുതൽ പ്രകൃതിചൂഷണം വരെ അനേകം പ്രതിസന്ധികൾ പരിസ്ഥിതിയെ എങ്ങനെ ബാധിക്കുമെന്ന് കൂലംകഷമായ ചർച്ചകൾ നടക്കുന്ന കാലമാണ് ഇത്. നമ്മുടെ മുതലെടുപ്പുകൾ അതിരുവിടുന്നെന്നും ഇത്രയധികം ആഘാതം താങ്ങാൻ ഭൂമിക്കു കഴിവില്ലെന്നും അക്കാര്യം മനസ്സിലാക്കണമെന്നും ഐക്യരാഷ്ട്രസംഘടന തന്നെ ലോകത്തിനു താക്കീത് നൽകുന്നു.

ബിറ്റ്കോയിൻ എന്ന ആദ്യ ക്രിപ്റ്റോനാണയം ആവിർഭവിച്ചപ്പോൾ മുതൽ കേൾക്കുന്ന സാങ്കേതികവിദ്യയാണു ബ്ലോക്ചെയ്ൻ. പല ക്രിപ്റ്റോനാണയങ്ങളുടെയും നട്ടെല്ലെന്നു പറയുന്നത് തന്നെ ഡിജിറ്റൽ ലെജർ എന്നു വിളിക്കാവുന്ന ബ്ലോക്ചെയ്നാണ്. അപേക്ഷിക്കാവുന്ന മേഖലകളുടെ ആധിക്യത്താൽ ബിറ്റ്കോയിനേക്കാൾ ശാസ്ത്രജ്ഞരുടെയും സാങ്കേതികവിദഗ്ധരുടെയും ശ്രദ്ധ ബ്ലോക്ചെയ്ൻ നേടിയിരുന്നു. ഇന്ന് ഈ സാങ്കേതിക വിദ്യയെ അടിസ്ഥാനപ്പെടുത്തി ഒട്ടേറെ സാങ്കേതികസംവിധാനങ്ങളും പഠനമേഖലകളും ലോകരാഷ്ട്രങ്ങളിൽ ആവിഷ്കരിച്ചിരിക്കുന്നു.

 

എന്നാൽ ഈ ബ്ലോക്ചെയ്ൻ വരുംകാല പരിസ്ഥിതി സംരക്ഷണത്തിലും മാനേജ്മെന്റിലും വലിയ സ്ഥാനം വഹിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇന്നു ലോകത്ത് വൻകിട പരിസ്ഥിതി സംരക്ഷണ പ്രോജക്ടുകൾ യുഎൻ ഉൾപ്പെടെ പല സംഘടനകളും സന്നദ്ധ സംഘടനകളും നടത്തുന്നുണ്ട്. ഇവയുടെ ലൊജിസ്റ്റിക്സിൽ ഏർപെടുന്ന കാലതാമസം മൂലം ക്രയവിക്രയങ്ങളിൽ ഈ പ്രോജക്ടുകളിൽ പ്രതിസന്ധികൾ ഉടലെടുക്കാറുണ്ട്. ഇതിനെ സുഗമമാക്കാൻ ബ്ലോക്ചെയ്നു കഴിയും. ബ്ലോക്ചെയ്ൻ അധിഷ്ഠിത സംവിധാനങ്ങൾ പരിസ്ഥിതി മേഖലയിൽ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവരെ കൂട്ടിയിണക്കുകയും ഇവർ തമ്മിലുള്ള ക്രയവിക്രയങ്ങൾ ത്വരിതപ്പെടുത്തുമെന്നും വിദഗ്ധർ പറയുന്നു. ഇതു മെച്ചപ്പെട്ട പരിസ്ഥിതി സംരക്ഷണ പദ്ധതികൾക്ക് ഉദയം നൽകും.

 

യുഎൻ പരിസ്ഥിതി പ്രോഗ്രാം പറയുന്നത് അനുസരിച്ച് ബ്ലോക്ചെയ്ന്റെ ഡിസ്ട്രിബ്യൂട്ടഡ് ലെജർ ടെക്നോളജി സംരഭകരെയും പുനരുപയോഗ ഊർജ പദ്ധതി വികസിപ്പിക്കുന്നവരെയും ഉപയോക്താക്കളെയും ഒരു പൊതുപ്ലാറ്റ്ഫോമിലെത്തിക്കാൻ സഹായം നൽകും. ഇതിനു നല്ലൊരു ഉദാഹരണമാണ് ദക്ഷിണാഫ്രിക്കയിലുള്ള റിനീവബിൾ എനർജി സ്റ്റാർട്ടപ്പായ സൺ എക്സ്ചേഞ്ച്. ഒരു ഇന്റർനെറ്റ് കണക്ഷൻ ഉള്ള ആർക്കും സൗരോർജപാനൽ വാങ്ങാനും സേവനങ്ങൾ ലഭിക്കാനും സൺ എക്സ്ചേഞ്ച് വഴിയൊരുക്കിയിട്ടുണ്ട്. ഇതു മൂലം ദക്ഷിണാഫ്രിക്കയിലെ ഊർജ വിനിമയ ചെലവ് 30 ശതമാനം കുറഞ്ഞത്രേ.

 

പവർ ലെജർ എന്ന ഓസ്ട്രേലിയൻ ടെക്നോളജി കമ്പനിയും മറ്റൊരു ഉദാഹരണമാണ്. ഉപയോക്താക്കൾക്ക് പുരപ്പുറ സോളർ പാനലുകൾ സ്ഥാപിക്കാനും ഇതിൽ നിന്നുള്ള വൈദ്യുതി വിൽക്കാനും ഇവർ ബ്ലോക്ചെയ്ൻ വഴി പ്ലാറ്റ്ഫോം ഒരുക്കിയിട്ടുണ്ട്. ഇതിന്റെ പൈലറ്റ് പദ്ധതി ഉത്തർപ്രദേശിലും നടപ്പായിട്ടുണ്ട്. സപ്ലൈ ചെയ്ൻ സുതാര്യമാക്കുന്നതു വഴി വ്യാവസായികമായ പരിമിതികൾ കുറയ്ക്കാനും ബ്ലോക്ചെയ്നു കഴിയും. എന്നാൽ ബ്ലോക്ചെയ്ൻ സാങ്കേതികവിദ്യ നിലനിർത്താനും നിയന്ത്രിക്കാനുമായി വലിയ ഊർജഉപയോഗം വേണമെന്നുള്ളത് ഇപ്പോഴത്തെ ഒരു പോരായ്മയാണ്. എന്നാൽ വരുംകാലങ്ങളിൽ സാങ്കേതികവിദ്യാ വികാസം ഇതു പരിഹരിക്കുമെന്ന് പ്രതീക്ഷിക്കാം.

 

English Summary: Using Blockchain Technology in Environmental Conservation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com