ചൂഷണത്തിന്റെയും മലിനീകരണത്തിന്റെയും പിടിയിൽ ഉഴലുന്ന സമുദ്രങ്ങൾ; ആഴങ്ങളിൽ ഉപ്പ് മുതൽ രത്നങ്ങൾ വരെ
എല്ലാം ഏറ്റുവാങ്ങാൻ കരുത്തുണ്ടെന്നു കരുതിയിരുന്ന കടൽ അമിത ചൂഷണത്തിന്റെയും മലിനീകരണത്തിന്റെയും പിടിയിൽ ഉഴലുകയാണ്. ഹരിതാഭമായൊരു ലോകത്തിന് സമുദ്ര സംരക്ഷണവും അത്യാവശ്യമാണ്. വിവിധ ദിനാചരണങ്ങളുടെ കൂട്ടത്തിൽ സമുദ്രങ്ങൾക്കുമുണ്ടൊരു ദിനം. 1992ൽ ബ്രസീലിലെ റിയോഡി ജനീറോയിൽ നടന്ന ഭൗമ ഉച്ചകോടിയിലാണ് ജൂൺ 8 ലോക
എല്ലാം ഏറ്റുവാങ്ങാൻ കരുത്തുണ്ടെന്നു കരുതിയിരുന്ന കടൽ അമിത ചൂഷണത്തിന്റെയും മലിനീകരണത്തിന്റെയും പിടിയിൽ ഉഴലുകയാണ്. ഹരിതാഭമായൊരു ലോകത്തിന് സമുദ്ര സംരക്ഷണവും അത്യാവശ്യമാണ്. വിവിധ ദിനാചരണങ്ങളുടെ കൂട്ടത്തിൽ സമുദ്രങ്ങൾക്കുമുണ്ടൊരു ദിനം. 1992ൽ ബ്രസീലിലെ റിയോഡി ജനീറോയിൽ നടന്ന ഭൗമ ഉച്ചകോടിയിലാണ് ജൂൺ 8 ലോക
എല്ലാം ഏറ്റുവാങ്ങാൻ കരുത്തുണ്ടെന്നു കരുതിയിരുന്ന കടൽ അമിത ചൂഷണത്തിന്റെയും മലിനീകരണത്തിന്റെയും പിടിയിൽ ഉഴലുകയാണ്. ഹരിതാഭമായൊരു ലോകത്തിന് സമുദ്ര സംരക്ഷണവും അത്യാവശ്യമാണ്. വിവിധ ദിനാചരണങ്ങളുടെ കൂട്ടത്തിൽ സമുദ്രങ്ങൾക്കുമുണ്ടൊരു ദിനം. 1992ൽ ബ്രസീലിലെ റിയോഡി ജനീറോയിൽ നടന്ന ഭൗമ ഉച്ചകോടിയിലാണ് ജൂൺ 8 ലോക
എല്ലാം ഏറ്റുവാങ്ങാൻ കരുത്തുണ്ടെന്നു കരുതിയിരുന്ന കടൽ അമിത ചൂഷണത്തിന്റെയും മലിനീകരണത്തിന്റെയും പിടിയിൽ ഉഴലുകയാണ്. ഹരിതാഭമായൊരു ലോകത്തിന് സമുദ്ര സംരക്ഷണവും അത്യാവശ്യമാണ്. വിവിധ ദിനാചരണങ്ങളുടെ കൂട്ടത്തിൽ സമുദ്രങ്ങൾക്കുമുണ്ടൊരു ദിനം. 1992ൽ ബ്രസീലിലെ റിയോഡി ജനീറോയിൽ നടന്ന ഭൗമ ഉച്ചകോടിയിലാണ് ജൂൺ 8 ലോക സമുദ്രദിനമായി ആചരിക്കാനുള്ള തീരുമാനമുണ്ടായത്. സമുദ്രങ്ങളുടെ പ്രാധാന്യം, സമുദ്രങ്ങൾ നേരിടുന്ന വെല്ലുവിളികൾ, അമിത ചൂഷണത്തിൽനിന്നും മലിനീകരണത്തിൽനിന്നും സമുദ്രങ്ങളെ രക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ചു രാജ്യാന്തര തലത്തിൽ അവബോധമുണ്ടാക്കുകയാണു ദിനാചരണ ലക്ഷ്യം.
ഭൂമിയിൽ ആദ്യമായി ജീവൻ അങ്കുരിച്ചതു സമുദ്രത്തിലാണ്. പിന്നീട് ജൈവ വൈവിധ്യത്തിന്റെ കലവറ തന്നെയായി മാറി സമുദ്രങ്ങൾ. സൂക്ഷ്‌മ പ്ലവകങ്ങൾ മുതൽ ഭീമൻ നീലത്തിമിംഗലങ്ങൾ വരെയുണ്ടവിടെ. മൽസ്യങ്ങളും കടൽച്ചെടികളുമടക്കം ഭക്ഷ്യവസ്‌തുക്കളുടെയും ഔഷധങ്ങളുടെയുമൊക്കെ ഉറവിടമാണു കടൽ. കാലാവസ്‌ഥാ നിയന്ത്രണത്തിൽ സമുദ്രങ്ങൾ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. കടൽക്കാറ്റുകളും സമുദ്രജലപ്രവാഹങ്ങളും എൽനിനോ, ലാനിന തുടങ്ങിയ പ്രതിഭാസങ്ങളുമൊക്കെ കാലാവസ്‌ഥയെ സ്വാധീനിക്കുന്നുണ്ട്. ആഗോള താപനത്തിനു വൻതോതിൽ കാരണമാവുന്ന കാർബൺ ഡൈഓക്‌സൈഡിനെ ആഗിരണം ചെയ്യുന്നുമുണ്ട് സമുദ്രങ്ങൾ.
ആഴിയുടെ കഥ
ഭൗമോപരിതലത്തിന്റെ 51 കോടി ചതുരശ്ര കി.മീ. വിസ്‌തീർണത്തിൽ 36.1 കോടി ചതുരശ്ര കി.മീ. മഹാസമുദ്രങ്ങളാണ്. ആദ്യകാലത്തു ഭൂമിയിലുണ്ടായിരുന്ന അഗ്നിപർവതങ്ങൾ പൊട്ടിത്തെറിച്ചു നീരാവിയുണ്ടായി. തുടർന്നു തുടർച്ചയായി മഴ പെയ്‌തു മഹാസമുദ്രങ്ങളുണ്ടായി. ഭൂമിയിലെ ജലത്തിന്റെ ഭൂരിഭാഗവും സമുദ്രങ്ങളിലാണ്. 3730 മീറ്റർ (12200 അടി) ശരാശരി ആഴമാണു ഭൂമിയിലെ മഹാസമുദ്രങ്ങൾക്കുള്ളത്. ഇന്ത്യൻ, അറ്റ്‌ലാന്റിക്, പസഫിക്, ആർട്ടിക്, സതേൺ (അന്റാർട്ടിക്) എന്നിങ്ങനെയാണു മഹാസമുദ്രങ്ങളുടെ വിഭജനം. വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗങ്ങളാണ് അറബിക്കടലും ബംഗാൾ ഉൾക്കടലും.
പസിഫിക് സമുദ്രവും ഇന്ത്യൻ മഹാസമുദ്രവും വേർതിരിയുന്നത് ഇന്തൊനീഷ്യ, ഓസ്‌ട്രേലിയ, അന്റാർട്ടിക്ക എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന സാങ്കൽപിക രേഖയിലൂടെയാണ്. പസിഫിക്കും ആർട്ടിക് കടലും തമ്മിൽ വേർതിരിയുന്നതു ബെറിങ് ഉൾക്കടലിലാണ്. അമേരിക്കയുടെ തെക്കേ അറ്റമായ ഹോൺ മുനമ്പും അന്റാർട്ടിക്കയിലൂടെ കടന്നുപോകുന്ന സാങ്കൽപിക രേഖയും പസിഫിക്കിനെയും അറ്റ്‌ലാന്റിക്കിനെയും വേർതിരിക്കുന്നു.
ഉപ്പു തൊട്ടു രത്നം വരെ!
ഉപ്പു തൊട്ടു കർപ്പൂരം എന്നു പറഞ്ഞതുപോലെ കടലിൽനിന്നു ലഭിക്കുന്ന വിഭവങ്ങൾ എണ്ണിയാൽ തീരില്ല. ഒരു വമ്പൻ രസതന്ത്ര പരീക്ഷണശാല തന്നെയാണ് സമുദ്രമെന്നു പറഞ്ഞാലും തെറ്റില്ല. സോഡിയം ക്ലോറൈഡ്, കാൽസ്യം കാർബണേറ്റ്, പൊട്ടാസ്യം, മാംഗനീസ്, സ്വർണം തുടങ്ങി സമുദ്രത്തിൽ അടങ്ങിയിരിക്കുന്ന രാസവസ്‌തുക്കൾ നിരവധി. സ്വർണം മാത്രമല്ല രത്നങ്ങളും മുത്തുകളുമൊക്കെ മറഞ്ഞിരിപ്പുണ്ട് സമുദ്രത്തിൽ. സമുദ്രത്തിൽനിന്നു സ്വർണം വേർതിരിച്ചെടുക്കുക ഒട്ടും എളുപ്പമല്ലെന്നു മാത്രം. കടൽ മാത്രമല്ല കടൽത്തീരവും ധാതു നിക്ഷേപങ്ങളാൽ സമ്പന്നമാണ്. കരിമണൽ തന്നെ ഒരുദാഹരണം.
കടുത്ത ഊർജ പ്രതിസന്ധിയിൽ അകപ്പെട്ട ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന നിലയ്‌ക്കാത്ത ഒരു ഊർജസ്രോതസ്സാണു സമുദ്രം. തിരമാലകളിൽനിന്നും, വേലിയേറ്റത്തെയും വേലിയിറക്കത്തെയും അടിസ്‌ഥാനമാക്കിയും, സമുദ്രജലത്തിന്റെ താപവ്യത്യാസം പ്രയോജനപ്പെടുത്തിയും (ഓഷൻ തെർമൽ എനർജി കൺവെർഷൻ), സമുദ്രജലത്തിന്റെയും ശുദ്ധജലത്തിന്റെയും മർദവ്യത്യാസം ഉപയോഗപ്പെടുത്തുന്ന ഓസ്‌മോട്ടിക് പവർ പ്ലാന്റുകളിലൂടെയുമൊക്കെ ഊർജം കൊയ്‌തെടുക്കാം. എണ്ണ, പ്രകൃതിവാതകം, ഗ്യാസ് ഹൈഡ്രേറ്റുകൾ എന്നിവയുടെയും നിക്ഷേപങ്ങളുണ്ട് സമുദ്രത്തിൽ.
ഇവനാണു വമ്പൻ!
ഇന്ത്യാ മഹാസമുദ്രവും അറ്റ്‌ലാന്റിക് മഹാസമുദ്രവും ചേർന്നാലുള്ളത്ര വലുപ്പമുണ്ട് പസിഫിക്കിന്. മഹാസമുദ്രങ്ങളിലെല്ലാം കൂടിയുള്ള ജലത്തിന്റെ പകുതിയും ഇവിടെയാണ്! ഏറ്റവും ആഴം കൂടിയതും ഇതുതന്നെ. 3940 മീറ്ററാണു ശരാശരി ആഴം. ഇവിടെയുള്ള ഗർത്തങ്ങൾക്കാകട്ടെ 11000 മീറ്റർ വരെ ആഴമുണ്ട്. ദക്ഷിണാർധഗോളത്തിലെ പസഫിക്കിന്റെ ഭാഗം പൂർണമായി ജലം മൂടിയിരിക്കുന്ന ഒരു ഗ്രഹത്തിന്റേതിനു സമാനമാണ്. ഇവിടെയുള്ള സജീവ അഗ്നിപർവതങ്ങളും ഉണ്ടാകുന്ന ഭൂകമ്പങ്ങളും പസഫിക്കിനു ചുറ്റും അഗ്നിവളയം സൃഷ്‌ടിക്കാറുണ്ട്. മറ്റു സമുദ്രങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും സ്വാധീനം പസഫിക്കിനില്ല. അതിന്റെ വലുപ്പം തന്നെയാണു കാരണം.
ആർക്കു സ്വന്തം?
സമുദ്രങ്ങളുടെ ഉള്ളറകളിൽ മനുഷ്യനാവശ്യമായ വിഭവങ്ങൾ കണ്ടെത്തിയതോടെ രാജ്യങ്ങളുടെ സമുദ്രാതിർത്തികൾക്കു പ്രാധാന്യം കൈവന്നു. എല്ലാ രാജ്യങ്ങൾക്കും 200 നോട്ടിക്കൽ മൈൽ ദൂരം സ്വന്തം തീരദേശ വിഭവമേഖലയായി കണക്കാക്കാം എന്ന് ഉടമ്പടി നിലവിലുണ്ട്. പ്രത്യേക സാമ്പത്തിക മേഖലയാണിത്. ഈ പ്രദേശത്തുള്ള സമുദ്ര വിഭവങ്ങൾ തീരദേശരാജ്യത്തിന്റെ മാത്രം മുതലാണ്. ഈ മേഖലയ്‌ക്കു വെളിയിലുള്ള പ്രദേശം എല്ലാ രാജ്യങ്ങൾക്കും ഉപയോഗിക്കാവുന്ന മേഖലയാണ്.
കടൽ ഐസ്
ഉയർന്ന രേഖാംശത്തിലുള്ള സമുദ്രങ്ങളിൽ കാണുന്ന പ്രത്യേകതയാണ് ‘കടൽ ഐസ്. ആദ്യം ക്രിസ്‌റ്റലുകളുടെ രൂപത്തിലും പിന്നീടു സൂചിയുടെ രൂപത്തിലും ജലം ഐസായി മാറുന്നു. സമുദ്രത്തിന്റെ ഉപരിതലം ഖനീഭവിക്കുന്നതുകൊണ്ടാണിത്. ഈ കാലയളവിൽ സമുദ്രം ആകാശത്തിന്റെ നീലിമ പ്രതിഫലിപ്പിക്കുന്നില്ല. 20 സെ.മീ. വരെ കനമുള്ള ഐസ് ശൈത്യകാലത്ത് ഉണ്ടാകാറുണ്ട്. മഹാസമുദ്രങ്ങളിലെ ഐസിന്റെ ഉദാഹരണമാണ് ഐസ്‌ബർഗ് അഥവാ ഹിമമലകൾ. അന്റാർട്ടിക്കയിലെ വലിയ ഐസ് പ്രദേശങ്ങളിൽനിന്നു പൊട്ടിയടർന്നു വരുന്നവയാണ് ഏറ്റവും വലിയ ഹിമമലകൾ.
കുപ്പത്തൊട്ടിയോ!!!
വലിയൊരു കുപ്പത്തൊട്ടിയായി മാറിക്കൊണ്ടിരിക്കുകയാണ് എന്തും ഏറ്റുവാങ്ങാൻ കഴിവുള്ള കടൽ. ഒരു ദിവസം സമുദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്ന മാലിന്യങ്ങളുടെ കണക്കു കേട്ടാൽ അവരുടെയും തല കറങ്ങും. ഏതാണ്ട് 1,80,00,000 കിലോഗ്രാം! ഇതിൽ നഗരമാലിന്യങ്ങളും വ്യാവസായിക മാലിന്യങ്ങളുമൊക്കെപ്പെടും.
പസിഫിക് സമുദ്രത്തിൽ മാത്രം ഏതാണ്ട് ഇരുനൂറിലധികം സ്‌പീഷിസുകൾ പ്ലാസ്‌റ്റിക് മലിനീകരണ ഭീഷണിയിലാണ്. ലെഡും കോൺക്രീറ്റുംകൊണ്ടു നിർമിച്ച പെട്ടികളിൽ അടച്ചു കടലിൽ തള്ളുന്ന ആണവമാലിന്യങ്ങൾ സൃഷ്‌ടിക്കുന്ന ഭീഷണിയും ചെറുതല്ല. 2000 ഓഗസ്‌റ്റിൽ 1000 കിലോഗ്രാമിലധികം യുറേനിയവുമായി ബാരന്റ്‌സ് കടലിൽ മുങ്ങിയ റഷ്യൻ ആണവ മുങ്ങിക്കപ്പലാണു കുർസ്‌ക്.ഇങ്ങനെ മുങ്ങിപ്പോയ ആണവ കപ്പലുകൾ വേറെയുമുണ്ട്. താപനിലയങ്ങളിൽനിന്ന് ഒഴുക്കിവിടുന്ന ചൂടുവെള്ളവും കടലിന്റെ ആവാസവ്യവസ്‌ഥയെ ദോഷകരമായി ബാധിക്കാറുണ്ട്.
പൊള്ളുന്ന അമ്ല സമുദ്രം
ആഗോളതാപനം സമുദ്രങ്ങളെയും പൊള്ളിച്ചുകൊണ്ടിരിക്കുന്നു. കൊടുംചൂടിൽ ധ്രുവങ്ങളിലെയും പർവതങ്ങളിലെയും മഞ്ഞുരുകിയൊലിച്ചു സമുദ്രങ്ങളിലെത്തുമ്പോൾ സമുദ്രജലനിരപ്പ് ഉയരും. താപനഫലമായി സമുദ്രജലത്തിനുണ്ടാവുന്ന വികാസവും ജലവിതാനമുയരാൻ കാരണമാവുന്നുണ്ട്.കടലിനു മുകളിൽ രൂപംകൊള്ളുന്ന ചുഴലിക്കൊടുങ്കാറ്റുകളുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ടെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. കടലിനു പൊള്ളുമ്പോൾ അതു സമുദ്രജലപ്രവാഹങ്ങളെയും വാണിജ്യവാതങ്ങളെയുമൊക്കെ ദോഷകരമായി ബാധിക്കും.ചുട്ടുപൊള്ളുന്ന സമുദ്രം അമ്ലമയം കൂടി ആയാലോ? കർബൺ ഡൈഓക്‌സൈഡിനെ ആഗിരണം ചെയ്‌തുചെയ്‌ത് അമ്ലമയമായിക്കഴിഞ്ഞു സമുദ്രങ്ങൾ. ഇതു കടലിന്റെ ആവാസവ്യവസ്‌ഥയെ ദോഷകരമായി ബാധിക്കും. ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫ് അടക്കം പവിഴപ്പുറ്റുകളെല്ലാം നാശത്തിന്റെ വക്കിലെത്തിക്കഴിഞ്ഞു.
ഉള്ളറിയാൻ
സമുദ്രാന്തർഭാഗത്തെ താപനിലയും മർദവും അളക്കുന്നതിന് ‘ബാത്തി തെർമോഗ്രാഫുക’ളാണ് ഇന്നു നിലവിലുള്ളത്. ലവണത്വം, താപനില, മർദം, ശബ്‌ദത്തിന്റെ വേഗം എന്നിവ ‘ബാത്തിസോങ്’ എന്ന ഉപകരണമുപയോഗിച്ച് അളക്കുന്നു. ജലപ്രവാഹങ്ങളുടെ വേഗവും ദിശയുമറിയാൻ ‘ബോയ്’കളെയാണു ഗവേഷകർ ആശ്രയിക്കുന്നത്. മൽസ്യസമ്പത്തു തിരിച്ചറിയാനും അന്തർവാഹിനികളെ നിരീക്ഷിക്കാനും സമുദ്രാന്തർഭാഗത്തിന്റെ മാപ്പ് തയാറാക്കുന്നതിനും ഉപഗ്രഹങ്ങളുടെ സഹായം തേടുന്ന സോണാർ, മനുഷ്യനു സഞ്ചരിക്കാവുന്ന തരം വാഹനങ്ങൾ എന്നിവ സമുദ്ര പഠനത്തിനായി ഉപയോഗിക്കുന്നു.
പവിഴപ്പുറ്റുകളും പവിഴദ്വീപുകളും
സമുദ്രത്തിനടിയിലെ നിശ്ശബ്‌ദ അഗ്നിപർവതങ്ങളിലാണു പവിഴപ്പാറകൾ കാണുന്നത്. പവിഴപ്പാറകളിലെ പ്രധാന ഇനമാണു പവിഴങ്ങൾ. ഇന്ത്യൻ മഹാസമുദ്രം, പസഫിക് സമുദ്രം എന്നിവിടങ്ങളിൽ പ്രധാനമായി ഭൂമധ്യരേഖയ്‌ക്കു സമീപത്തായി ഇവയെ കാണാം. തീരദേശത്തിനു സമാന്തരമായി കാണപ്പെടുന്ന പവിഴപ്പാറകളാണ് ‘ഫ്രിഞ്ചിങ് റീഫ്’. ‘ബാരിയർ റീഫു’കൾ ആഴം കുറഞ്ഞ കായലുകളുടെ സമീപത്തു കാണപ്പെടുന്നു. ഓസ്‌ട്രേലിയയ്‌ക്കു സമീപമുള്ള ‘ഗ്രേറ്റ് ബാരിയർ റീഫ്’ ഏറ്റവും ശ്രദ്ധേയമാണ്. പവിഴദ്വീപുകൾ ഏതാണ്ട് 50 മീറ്റർ ആഴമുള്ള കായലിനെ ചുറ്റി പവിഴപ്പാറകളുള്ള സ്‌ഥലമാണ്. മൂന്നൂറോളം പവിഴദ്വീപുകൾ ഭൂമിയിലുണ്ട്. ഭൂരിഭാഗവും പടിഞ്ഞാറൻ പസിഫിക്കിലാണുള്ളത്.
English Summary: World Oceans Day