മത്സ്യങ്ങൾ വഴികാട്ടിയ സ്വർണഖനി; കണ്ടെത്തലിൽ അമ്പരന്ന് ഗവേഷകർ!
Mail This Article
സ്വർണം എന്ന ലോഹം കണ്ടെത്തിയ ശേഷമുള്ള മനുഷ്യ ചരിത്രത്തിൽ സ്വർണാന്വേഷണം എന്നും മനുഷ്യരിൽ വലിയ താൽപര്യം സൃഷ്ടിച്ച പ്രവർത്തിയായിരുന്നു. വിവിധ ഭൂഖണ്ഡങ്ങളിലായി ഒട്ടനവധി മനുഷ്യരാണ് ചരിത്രത്തിലുടെനീളം സ്വർണം കുഴിച്ചെടുക്കാനായി ഇറങ്ങിപ്പുറപ്പെട്ടത്. ചിലർക്കത് ഭാഗ്യമാണ് നൽകിയതെങ്കിൽ വലിയൊരു വിഭാഗവും നിരാശയോടെ മടങ്ങുകയാണ് ചെയ്തത്. അമേരിക്കൻ ഭൂഖണ്ഡങ്ങളിലും മറ്റും അവിടുത്തെ പ്രാദേശിക ജനവിഭാഗങ്ങളിൽ പല ഗോത്രങ്ങളുടെയും വേരറ്റു പോകുന്നതിന് പോലും യൂറോപ്യൻമാരുടെ സ്വർണവേട്ട കാരണമായി. ഇന്നും സ്വർണം കുഴിച്ചെടുക്കാനുള്ള ശ്രമങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇന്നും നടക്കുന്നുണ്ട്. എന്നാൽ ഇതിൽ ന്യൂസീലന്‍ഡിലെ ഒരു സംഘം ഗവേഷകർ നടത്തുന്ന ശ്രമം വളരെ വ്യത്യസ്തമാണ്.
ന്യൂസീലന്‍ഡിലെ സ്വർണാന്വേഷികൾ
ന്യൂസീലന്‍ഡിലെ ഈ ഗവേഷകർ മേഖലയിലെ ഭൗമശാസ്ത്രത്തോടൊപ്പം പ്രത്യേക ഇനം മത്സ്യത്തിന്റെ ജീവിത ശൈലി കൂടി കൂട്ടി ചേർത്ത് നിരീക്ഷിച്ചാണ് ഇപ്പോൾ സ്വർണം കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇവരുടെ ഈ ശ്രമങ്ങൾ വെറുതെയായില്ല എന്നതാണ് പ്രഥാമിക കണ്ടെത്തലുകൾ തെളിയിക്കുന്നതും. ന്യൂസീലന്‍ഡ് എന്ന രാജ്യം തന്നെ സ്ഥിതി ചെയ്യുന്നത് രണ്ട് ടെക്ടോണിക് പ്ലേറ്റുകൾ അഥവാ ഭൗമപാളികളിലായാണ്. ഈ ഭൗമപാളികൾ തമ്മിലുള്ള ഉരസലിന്റെ ഭാഗമായാണ് ന്യൂസീലന്‍ഡിൽ ഇന്ന് കാണുന്ന മലനിരകളും നദീതടങ്ങളുമെല്ലാം രൂപപ്പെട്ടത്. ഇതിൽ ഈസ്റ്റേൺ സതേർലൻഡിൽ നിന്നുള്ള ഇരുപത് മില്യൺ പഴക്കമുള്ള ഒരു ജലപ്രവാഹത്തിലാണ് സ്വർണത്തിന്റെ സാന്നിധ്യം ഗവേഷകർ തിരിച്ചറിഞ്ഞത്.
ഇങ്ങനെ സ്വർണത്തിന്റെ സാന്നിധ്യമുള്ള ജലപ്രവാഹം കണ്ടെത്തിയ മേഖലയിലാണ് ഒരു പ്രാദേശിക മത്സ്യവർഗവുമുള്ളത്. ന്യൂസീലന്‍ഡിലെ പ്രധാന കരമേഖലയെ സതേൺ ലാൻഡ് എന്നും ഒർട്ടാഗ എന്നും രണ്ടായി വിഭജിച്ചിട്ടുണ്ട്. ഈ രണ്ട് പ്രദേശങ്ങളുടെയും മധ്യത്തിലായി ഉയർന്നു വന്ന ചെറു മലനിരകളാണ് ഈ വിഭജനം നടത്തിയത്. ഹാർഡിയൻസ് വാൾ എന്നാണ് ഈ പ്രകൃത്യാൽ നിർമിക്കപ്പെട്ട മതിലിനെ വിളിക്കുന്നത്. ഈ മലനിരകളുടെ ഇരു വശങ്ങളിലുമായി രണ്ട് നദികൾ ഒഴുകുന്നുണ്ട്. ഈ നദികളിലാണ് ഒരേ ജനുസ്സിൽ പെട്ട ഒരു പ്രാദേശിക മത്സ്യവർഗമുള്ളതും. ഏതാണ്ട് 25 മുതൽ 5 ദശലക്ഷം വരെ വർഷങ്ങൾക്ക് മുൻപാണ് ഈ മലനിരകൾ രൂപപ്പെട്ടത്. ഇതിനും മുൻപ് ഈ മത്സ്യങ്ങൾ ഒരു നദിയുടെ ഭാഗമായിരുന്നു എന്നാണ് ഗവേഷകർ കരുതുന്നതും.
മത്സ്യങ്ങൾ വഴികാട്ടിയ സ്വർണഖനി
ഒരേ ജനുസ്സിന്റെ ഭാഗമായ ഈ മത്സ്യങ്ങൾ പക്ഷേ കാണപ്പെടുന്നത് വ്യത്യസ്ത രൂപങ്ങളിലാണ്. രൂപങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നായാണ് ഈ പ്രാദേശിക മത്സ്യവർഗത്തെ തരം തിരിച്ചിരിക്കുന്നത്. ഫ്ലാറ്റ് ഹെഡ്, റൗണ്ട് ഹെഡ്, പെൻസിൽ ഹെഡ് എന്നിങ്ങനെയാണ് ഈ മൂന്ന് വിഭാഗങ്ങൾ. പേരു സൂചിപ്പിക്കുന്നത് പോലെ പരന്ന തലയുള്ളതും ഉരുണ്ട തലയുള്ളതും പെൻസിൽ പോലെ നീണ്ട തലയുള്ളതുമാണ് ഈ മത്സ്യങ്ങൾ. ഭൗമശാസ്ത്രപരമായ മാറ്റങ്ങളാണ് ഈ മത്സ്യങ്ങളുടെ ജീനുകൾ ഒന്നാണെങ്കിലും നേരിയ ജനിതക വ്യത്യാസങ്ങൾ ഉണ്ടാകാൻ കാരണമായതെന്ന് ഗവേഷകർ പറയുന്നു.
സാധാരണ ഗതിയിൽ ഒരു പ്രദേശത്തെ പറ്റി വിശദമായി പഠിക്കാൻ സഹായിക്കുന്നത് അവടുത്തെ ഭൂമിശാസ്ത്രവും ജീവികളുമാണ്. പക്ഷേ ചിലപ്പോഴൊക്കെ ഭൂമിശാസ്ത്രപരമായ തെളിവുകൾ ലഭിക്കാതെ വരും. അപ്പോൾ വഴികാട്ടികളാകുന്നത് മേഖലയിലെ ജീവി വർഗങ്ങളാകും. മറിച്ചും സംഭവിക്കാറുണ്ട്. എന്നാൽ ന്യൂസീലന്‍ഡില്‍ പാതി തെളിവുകളാണ് ഭൂമിശാസ്ത്രപഠനത്തിൽ നിന്നും മത്സ്യങ്ങളിൽ നിന്നും ലഭിച്ചത്. ഇവ ചേർത്തുവച്ചാണ് സ്വർണ നിക്ഷേപമുള്ള മേഖല ഗവേഷകർ ഇപ്പോൾ കണ്ടെത്തിയത്.
സ്വർണത്തിന്റെ സ്രോതസ്സ്
വ്യത്യസ്ത വിഭാഗങ്ങളായി പിരിഞ്ഞ ഈ മത്സ്യങ്ങളെ കണ്ടുവരുന്ന പ്രദേശങ്ങളാണ് ഗവേഷകർ ആദ്യം പരിശോധിച്ചത്. തുടർന്ന് ഈ മേഖലയിൽ മലനിരകൾ ഉയർന്ന വന്ന കാലഘട്ടവും മനസ്സിലാക്കി. ഇതിന് ശേഷം ഈ പ്രദേശത്ത് കൂടി മുൻപ് ഒഴുകിയിരുന്ന ഉറവകൾ ഏത് വഴിയിലൂടെയാണ് സഞ്ചരിച്ചിരുന്നതെന്ന് കണ്ടെത്തി. ഇതിൽ നിന്നാണ് സ്വർണത്തിന്റെ സാന്നിധ്യമുള്ള ജലം ഒഴുകിയെത്തിയിരുന്ന ഉറവകളുടെ ഉദ്ഭവ സ്ഥാനം ഗവേഷകർ കണ്ടെത്തിയത്.
ഈ തെളിവുകൾ വച്ചാണ് ഗവേഷക സംഘം ന്യൂസീലന്‍ഡിലെ സ്വർണ നിക്ഷേപമുള്ള മേഖല ഏതാണെന്ന് ഇപ്പോൾ പ്രവചിച്ചിരിക്കുന്നത്. നിലവിൽ ഈ സ്വർണമുണ്ടെന്ന് കണ്ടെത്തിയ മേഖല ഒരു കൃഷിയിടമാണ്. അതേസമയം ഈ പ്രദേശത്ത് വലിയ ആഴത്തിലാണ് സ്വർണമുള്ളതെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ ഇവ കുഴിച്ചെടുക്കുകയെന്നത് നിലവിലെ സാങ്കേതിക വിദ്യ വച്ച് നോക്കിയാൽ ലാഭകരമാകില്ല.
English Summary: How Fish Are Helping Scientists Find Gold In New Zealand