2 മാസത്തിനുശേഷം ‘കിലോയ’ വീണ്ടും പൊട്ടിത്തെറിച്ചു; ഹവായി ദ്വീപിൽ ലാവാപ്രവാഹം: മുന്നറിയിപ്പ്
Mail This Article
ലോകത്തെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിലൊന്നായ കിലോയ വീണ്ടും പൊട്ടിത്തെറിച്ചു. യുഎസിലെ ഹവായ് ദ്വീപിലുള്ള കിലോയയിൽനിന്ന് രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഞായറാഴ്ച ഉച്ചയോടെ ലാവാപ്രവാഹം തുടങ്ങിയത്. പ്രദേശത്തെ കെട്ടിടങ്ങൾക്കോ ജനങ്ങൾക്കോ ഭീഷണിയില്ലെങ്കിലും സർക്കാർ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.
ഈ വർഷം മൂന്നാം തവണയാണ് കിലോയയിൽ പൊട്ടിത്തെറിയുണ്ടാകുന്നത്. ജനുവരിയിലും ജൂണിലുമായിരുന്നു മുൻ സ്ഫോടനങ്ങൾ. ലാവാപ്രവാഹത്തിൽനിന്നുള്ള വാതകങ്ങൾ ശ്വാസതടസ്സത്തിന് കാരണമാകുമെന്നും ജനങ്ങൾ മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ അറിയിച്ചു.
ഹവായിയിലെ മുഖ്യദ്വീപിലുള്ള 5 വലിയ അഗ്നിപർവതങ്ങളിലൊന്നാണ് കിലോയ. 1983 മുതൽ ഇതിൽനിന്നു ലാവ ഒഴുകുന്നുണ്ട്. 6 ലക്ഷം വർഷം പ്രായം കണക്കാക്കപ്പെടുന്ന ഈ അഗ്നിപർവതത്തിന് 4000 അടി ഉയരമുണ്ട്. 2018 മേയ് ആദ്യവാരം നടന്ന സ്ഫോടനത്തിൽ വൻ നാശനഷ്ടമുണ്ടായിരുന്നു. 700 വീടുകളും ടൂറിസം കേന്ദ്രങ്ങളും റോഡുകളും ലാവാപ്രവാഹത്തിൽ നശിച്ചു. 1990 ലെ സ്ഫോടനത്തിൽ കാലാപന എന്ന പട്ടണം നാമാവശേഷമായിരുന്നു. തദ്ദേശീയ വിശ്വാസപ്രകാരം അഗ്നിപർവതങ്ങളുടെ ദേവതയായ പെയ്‌ലെയുടെ ഇരിപ്പിടമാണ് കിലോയ.
Content Highlights: Kilauea volcano | Hawaii | USA