‘രാവിലെ ചൂട്, വൈകിട്ട് ഇടിമിന്നലും മഴയും; തുലാവർഷത്തിന് ഒരുമാറ്റവുമില്ല: എല്ലാ ജില്ലയും നനഞ്ഞു’
Mail This Article
രാവിലെ മുഴുവൻ കഠിനമായ ചൂടും, വൈകിട്ട് മഴയും... തുലാവർഷ മഴ എപ്പോഴും ഉച്ചകഴിഞ്ഞാണ് ഉണ്ടാകുന്നത്. ഭൂമിയിൽ നിന്നുള്ള ചൂടുവായു ഉയർന്നുപൊങ്ങി മഴമേഘം ഉണ്ടാകുന്നു. അരമണിക്കൂർ മുതൽ 1 മണിക്കൂർ വരെ ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാകും. എൽനിനോ പ്രതിഭാസമുള്ള വർഷങ്ങളിൽ തുലാവർഷത്തിന് ശക്തി കൂടുതലാണ്. കേരളത്തിലെ തുലാവർഷ മഴയുടെ രീതിയെക്കുറിച്ച് കൊച്ചി സർവകലാശാല റഡാർ ഗവേഷണകേന്ദ്രം അധ്യാപകനും യുവകാലാവസ്ഥശാസ്ത്രജ്ഞരിൽ പ്രമുഖനുമായ ഡോ. എം.ജി.മനോജ് മനോരമ ഓൺലൈനിനോട് പറഞ്ഞു.
‘ഒക്ടോബർ 1 മുതൽ നവംബർ 10 വരെയുള്ള കണക്കനുസരിച്ച് സാധാരണ 384 മില്ലി മീറ്റർ മഴയാണ് ലഭിക്കേണ്ടത്. എന്നാൽ നമുക്ക് ലഭിച്ചത് 455 മില്ലിമീറ്റർ ആണ്. പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. കിട്ടേണ്ടതിനേക്കാൾ 70 ശതമാനം കൂടുതലാണ്. കാലവർഷത്തിലെ മഴക്കുറവ് തുലാവർഷം ഏറെക്കുറെ നികത്താൻ ശ്രമിക്കുന്നുണ്ട്. പ്രവചിച്ച രീതിയിൽ തന്നെയാണ് തുലാവർഷത്തിന്റെ പോക്ക്. എല്ലാ ജില്ലകളിലും നല്ലതുപോലെ മഴ ലഭിച്ചിട്ടുണ്ട്. രണ്ട് ദിവസത്തേക്ക് കൂടി ശക്തമായ മഴ കാണും. പിന്നീട് ദുർബലമായേക്കും. 16–ാം തിയതിക്കുശേഷം ചക്രവാതച്ചുഴിക്ക് സാധ്യതയുണ്ടെങ്കിലും വ്യക്തത വന്നിട്ടില്ല. അങ്ങനെ സംഭവിച്ചാൽ വീണ്ടും മഴയ്ക്ക് സാധ്യതയേറെയാണ്.’– എം.ജി.മനോജ് വ്യക്തമാക്കി.
കാസർകോട് ലഭിച്ചത് 99 ശതമാനം മഴ
തുലാവർഷം സംസ്ഥാനത്തു ഇതുവരെ (ഒക്ടോബർ 1 മുതൽ നവംബർ 9) 19% അധിക മഴയാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ മഴ പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു. പത്തനംതിട്ട, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ സീസണിൽ( ഒക്ടോബർ - ഡിസംബർ ) മുഴുവൻ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു. കാസർകോട് ജില്ലയിൽ 99% ലഭിച്ചു കഴിഞ്ഞു.
പത്തനംതിട്ടയിൽ 464.2 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടത്. നിലവിൽ 797.7 മില്ലിമീറ്റർ മഴ ലഭിച്ചിട്ടുണ്ട് (75 ശതമാനം വർധനവ്). രണ്ടാം സ്ഥാനം തിരുവനന്തപുരത്താണ്. 361.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 556.8 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കൂട്ടത്തിൽ ഏറ്റവും കുറവ് മഴ ലഭിച്ചത് ഇടുക്കിയിലും വയനാട്ടിലുമാണ്. ഇടുക്കിയിൽ 443.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിയിരുന്നു. എന്നാൽ ഇവിടെ ലഭിച്ചത് 414.9 മില്ലിമീറ്റർ ആണ്. വയനാട്ടിൽ 215 മില്ലിമീറ്റർ മഴയാണ് ലഭിച്ചത് (സാധാരണ ലഭിക്കേണ്ടത് 251.6 മില്ലിമീറ്റർ)