ADVERTISEMENT

അഴുക്കുവെള്ളം ശുദ്ധീകരിച്ച് അതിൽ നിന്ന് ശുദ്ധമായ ഹൈഡ്രജൻ ഇന്ധനം നിർമിക്കാൻ പറ്റുന്ന സാങ്കേതികവിദ്യയുമായി കേംബ്രിജ് സർവകലാശാല. മലിനജല മേഖലകളിൽ ആളുകൾക്ക് ശുദ്ധജലത്തിനായി ആശ്രയിക്കാവുന്ന ഒരു സാങ്കേതികവിദ്യയാണിതെന്ന് ഗവേഷകർ പറഞ്ഞു. സോളർ സെൽ തത്വം അടിസ്ഥാനപ്പെടുത്തിയാണ് ഈ ഉപകരണം നിർമിച്ചിരിക്കുന്നത്. ഇത്തരം സാങ്കേതികവിദ്യകൾ നേരത്തെ തന്നെ നടപ്പിൽ വരുത്തിയിട്ടുണ്ടെങ്കിലും അതിനെല്ലാം ശുദ്ധജലം ആവശ്യമായിരുന്നു. എന്നാൽ പുതിയ സാങ്കേതികവിദ്യയ്ക്ക് ഇതാവശ്യമില്ല.

പുതിയ സാങ്കേതിക വിദ്യയ്ക്ക് രണ്ട് കാര്യങ്ങൾ ചെയ്യാം. ഒന്ന്, ഹരിത ഇന്ധനം ഉണ്ടാക്കാം, രണ്ട് ശുദ്ധജലവുമുണ്ടാക്കാം. ഒരു കാർബൺ മെഷ് ഉപയോഗിച്ച് പ്രകാശവും താപവും ആഗിരണം ചെയ്‌തെടുക്കുകയാണ് ഇതിൽ പ്രധാനമായും ചെയ്യുന്നത്. ഇതുവഴി നീരാവി ഉടലെടുക്കും. ഇത് ഫോട്ടോകാറ്റലിസ്റ്റ് എന്ന പ്രത്യേക ത്വരകം വഴി ഹൈഡ്രജനും ഓക്‌സിജനുമാക്കി മാറ്റും. ഈ കാർബൺ മെഷ് വെള്ളത്തെ ഒട്ടും ആഗിരണം ചെയ്യാത്തതിനാൽ ഇത് ഏത് അഴുക്കുവെള്ളത്തിലും മുങ്ങിക്കിടക്കും. ഇതിന്‌റെ ഭാഗങ്ങളെയൊന്നും തന്നെ വെള്ളം നശിപ്പിക്കുകയുമില്ല. 

ഈ സംവിധാനത്തിൽ സൂര്യരശ്മികളിൽ നിന്നുള്ള നല്ലൊരു ഭാഗം ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്. പലതരം ജലശ്രാേതസ്സുകളിൽ നിന്നുള്ള വെള്ളം ഈ ഉപകരണത്തിൽ ഉപയോഗിക്കാമെന്നതും ഗുണമാണ്.

മലിനീകരണം ഇല്ലാത്തതും ചെലവുകുറഞ്ഞതുമായ ഇന്ധനത്തിനുവേണ്ടിയുള്ള ലോകത്തിന്റെ അന്വേഷണം എത്തിനിൽക്കുന്നത് ഹൈഡ്രജനിലാണ്. ഊർജമായി ഉപയോഗിക്കാൻ കഴിയുംവിധം ഹൈഡ്രജൻ വേർതിരിക്കുന്നതിനുള്ള പരീക്ഷണങ്ങളാണു ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നടക്കുന്നത്. ലോകമെങ്ങും ഊർജമേഖല കൂടുതൽ പരിസ്ഥിതിസൗഹൃദം ആകാനുള്ള ശ്രമത്തിലാണ്. കാലാവസ്ഥാ വ്യതിയാനവും പരമ്പരാഗത ഇന്ധനങ്ങളുടെ ദൗർലഭ്യവും മലിനീകരണവുമൊക്കെയാണ് ഇതിനുള്ള പ്രധാനകാരണങ്ങൾ. പല രാജ്യങ്ങളും 2050ൽ കാർബൺ വികിരണം പൂർണമായും ഇല്ലാതാക്കാൻ ലക്ഷ്യമിടുന്നു. അതിനായി ലോകം ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തുന്നതു ഹൈഡ്രജനിലാണ്. 2050ൽ ലോകത്തിന്റെ മൊത്തം ഊർജ ആവശ്യത്തിന്റെ 22 ശതമാനമെങ്കിലും കിട്ടുക ഹരിത ഹൈഡ്രജൻ വഴിയാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.

പെട്രോളിയം, കൽക്കരി തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ ഒഴിവാക്കി ഹൈഡ്രജന്റെ പിൻബലത്തിൽ ശുദ്ധോർജം ഉപയോഗിക്കുന്ന ലോകം എന്ന ആശയമാണ് 1970ൽ രൂപപ്പെട്ട ഹൈഡ്രജൻ ഊർജ സമ്പദ്‌വ്യവസ്ഥ. ഉൽപാദനരംഗം, വൈദ്യുതി, വാഹന ഇന്ധനം, കൃഷി തുടങ്ങിയവയ്ക്കെല്ലാം ഹൈഡ്രജൻ ഉപയോഗിക്കാമെന്ന് ഈ ആശയം വാദിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിനാശവും ഇതുവഴി ചെറുക്കാം. 

വാഹനരംഗം ഹരിത ഹൈഡ്രജന്റെ പ്രധാന ഗുണഭോക്താവാകുമെന്നാണു പ്രതീക്ഷ. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള പരിമിതികൾ ഇതിലൂടെ മറികടക്കാം. ഒരു കിലോഗ്രാം ഹൈഡ്രജൻ ഉപയോഗിച്ചു 100 കിലോമീറ്റർ വാഹനം ഓടിക്കാൻ സാധിക്കും. ഇത്ര ഇന്ധനം നിറയ്ക്കാൻ 5 മിനിറ്റിൽ താഴെ മതി.

English Summary:

Cambridge Unveils Groundbreaking Device: Harnessing Solar Power for Clean Water and Green Energy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com