യജമാനൻ നിത്യവിശ്രമത്തിൽ, അരികെ ഡൗണി കുതിരയും; പീരുമേട്ടില് പിറന്ന അപൂർവ സൗഹൃദം
വൈകുന്നേരത്തെ സദസ്സിലേക്കു സംഗീതത്തോടൊപ്പം കുതിരകളെക്കുറിച്ചുള്ള വീരകഥകളും കടന്നുവന്നു. “പണ്ട്, ഒരു കുതിരയും സിംഹവും തമ്മിൽ ആർക്കാണ് കൂടുതൽ കാഴ്ചശക്തി എന്നതിനെച്ചൊല്ലി പന്തയം നടന്നു. ഖാൻ തന്റെ കഥകളുടെ ശേഖരത്തിൽനിന്ന് എന്നും പുതിയതോരോന്ന് പുറത്തെടുത്തു
വൈകുന്നേരത്തെ സദസ്സിലേക്കു സംഗീതത്തോടൊപ്പം കുതിരകളെക്കുറിച്ചുള്ള വീരകഥകളും കടന്നുവന്നു. “പണ്ട്, ഒരു കുതിരയും സിംഹവും തമ്മിൽ ആർക്കാണ് കൂടുതൽ കാഴ്ചശക്തി എന്നതിനെച്ചൊല്ലി പന്തയം നടന്നു. ഖാൻ തന്റെ കഥകളുടെ ശേഖരത്തിൽനിന്ന് എന്നും പുതിയതോരോന്ന് പുറത്തെടുത്തു
വൈകുന്നേരത്തെ സദസ്സിലേക്കു സംഗീതത്തോടൊപ്പം കുതിരകളെക്കുറിച്ചുള്ള വീരകഥകളും കടന്നുവന്നു. “പണ്ട്, ഒരു കുതിരയും സിംഹവും തമ്മിൽ ആർക്കാണ് കൂടുതൽ കാഴ്ചശക്തി എന്നതിനെച്ചൊല്ലി പന്തയം നടന്നു. ഖാൻ തന്റെ കഥകളുടെ ശേഖരത്തിൽനിന്ന് എന്നും പുതിയതോരോന്ന് പുറത്തെടുത്തു
വൈകുന്നേരത്തെ സദസ്സിലേക്കു സംഗീതത്തോടൊപ്പം കുതിരകളെക്കുറിച്ചുള്ള വീരകഥകളും കടന്നുവന്നു. “പണ്ട്, ഒരു കുതിരയും സിംഹവും തമ്മിൽ ആർക്കാണ് കൂടുതൽ കാഴ്ചശക്തി എന്നതിനെച്ചൊല്ലി പന്തയം നടന്നു. ഖാൻ തന്റെ കഥകളുടെ ശേഖരത്തിൽനിന്ന് എന്നും പുതിയതോരോന്ന് പുറത്തെടുത്തു. “തൂവെള്ളപ്പാത്രത്തിൽ നിറച്ചു വച്ച പാലിൽ പൊങ്ങിക്കിടന്ന വെളുത്ത മുത്ത് കണ്ടുപിടിച്ചു കൊണ്ട് സിംഹം തന്റെ കണ്ണിന്റെ അപൂർവ ശക്തി തെളിയിച്ചു. കുതിരയെ പരീക്ഷിക്കാനുപയോഗിച്ചത് കറുകറുത്ത ഒരു മുത്തായിരുന്നു. കറുത്ത പാത്രത്തിൽ നിറച്ച കൽക്കരിയിൽ ഒളിച്ചുവെച്ച കറുത്തമുത്ത് ഒരു നിമിഷം കൊണ്ട് കുതിര കണ്ടുപിടിച്ചു. അതോടെ സിംഹം കുതിരയുടെ മുന്നിൽ അടിയറവു പറഞ്ഞു.
(പത്മരാജൻ, മഞ്ഞുകാലം നോറ്റ കുതിര)
മരണമില്ലാത്ത സൗഹൃദത്തിന്റെ അടയാളമായി ഡൗണിയുടെ ശവകുടീരം നിലനിൽക്കുന്നു. ഇടുക്കി ജില്ലയിലെ പീരുമേടു താലൂക്കിൽ കുട്ടിക്കാനത്തിനടുത്ത് പള്ളിക്കുന്നിലുള്ള ബ്രിട്ടിഷ് പള്ളിയോട് ചേർന്നുള്ള സെമിത്തേരിയിൽ ഡൗണിയെന്ന് അരുമയായി വിളിക്കപ്പെട്ട വെളുത്ത പെൺകുതിര അന്ത്യവിശ്രമം കൊള്ളുന്നു. അടുത്തുതന്നെ ഡൗണിയുടെ എല്ലാമെല്ലാമായ ഉടമ ജോൺ ഡാനിയേൽ മൺറോയും നിത്യവിശ്രമം കൊള്ളുന്നുണ്ട്. മരണത്തെയും കാലത്തെയും അതിജീവിക്കുന്ന സ്നേഹബന്ധം. 1869-ൽ ബ്രിട്ടിഷ് മിഷനറിയായ ഹെൻറി ബേക്കർ ജൂനിയറാണ് ഈ പള്ളി പണികഴിപ്പിച്ചത്. തേയിലത്തോട്ടങ്ങൾ പീരുമേട്ടിലെ കുന്നുകളെ പച്ച പിടിപ്പിച്ചു തുടങ്ങിയ കാലത്തു തന്നെയാണ് മൺറോയെന്ന തോട്ടമുടമയുടെയും അയാളുടെ പ്രിയങ്കരിയായ കുതിരയുടെയും ജീവിതകഥയും അനാവരണം ചെയ്യപ്പെടുന്നത്. പള്ളിക്കുന്നിലെ ദേവാലയത്തിനടുത്തുള്ള സെമിത്തേരിയിൽ ഇന്നും മങ്ങലേൽക്കാതെ നിൽക്കുന്ന കല്ലറ, മൺറോയ്ക്ക് തന്റെ അരുമയോടുണ്ടായിരുന്ന മരണമില്ലാത്ത വാത്സല്യത്തിന്റെ പ്രതീകമാണ്. മരണത്തിലും പിരിയാതെ, തൊട്ടടുത്ത കല്ലറകളിൽ ഉടമയും കുതിരയും ഇവിടെ നിത്യനിദ്രയിലാണ്.
ഡൗണിയുടെ കഥ
Downy, A white horse -Mare, Owned by J.D Munro എന്നാണ് ഡൗണിയുടെ കല്ലറക്കല്ലിൽ എഴുതിയിരിക്കുന്നത്. പ്രായപൂർത്തിയെത്തിയ പെൺകുതിരയെയാണ് Mare എന്നു വിശേഷിപ്പിക്കുന്നത്. മൂന്നാറിലും പീരുമേട്ടിലും തേയിലത്തോട്ടങ്ങൾ വികസിപ്പിച്ചെടുക്കാൻ നേതൃത്വം നൽകിയയാളായിരുന്നു ജോൺ ഡാനിയൽ മൺറോ. ഇടുക്കിയിലെ തോട്ടം മേഖലകളിൽ ഇപ്പോഴും അവശേഷിക്കുന്ന മൂന്നു ബ്രിട്ടിഷ് പള്ളികളിൽ ഒന്നാണ് പള്ളിക്കുന്നിലേത്. മൂന്നാറിൽ സെമിത്തേരിക്കു ശേഷമാണ് പള്ളി പണികഴിപ്പിച്ചതെങ്കിൽ, പള്ളിക്കുന്നിൽ പള്ളി പണിതതിനു ശേഷമായിരുന്നു സെമിത്തേരിയുടെ നിർമാണം. ഇവിടെ അടക്കം ചെയ്യപ്പെട്ട ബ്രിട്ടിഷുകാരുടെ വിവരങ്ങൾ പള്ളിക്കുന്നു പള്ളിയുടെ തൊട്ടടുത്തുള്ള സിഎസ്ഐ പളളിയിൽ സൂക്ഷിച്ചിട്ടുണ്ട്. അവരുടെ പിൻതലമുറക്കാർ ഇപ്പോഴും ഇവിടെ സന്ദർശിക്കാനും രേഖകൾ പരിശോധിക്കാനും താൽപര്യം കാണിക്കുന്നു.
മോട്ടർ വാഹനങ്ങൾ പോയിട്ട് റോഡെന്നു വിളിക്കാൻ പാകത്തിനുള്ള ഒരു വഴി പോലുമില്ലാതിരുന്ന അക്കാലത്ത് തന്റെ പ്രിയപ്പെട്ടവളുടെ പുറത്തേറി മൺറോ പീരുമേട്ടിലെ മലമ്പ്രദേശങ്ങളിൽ ചുറ്റിക്കറങ്ങിയിരുന്നു. തന്റെ ശവകുടീരത്തിനടുത്തു തന്നെ ഡൗണിയും ഉണ്ടാകണമെന്നത് മൺറോയുടെ അഭിലാഷമായിരുന്നത്രേ!. ഡൗണിയെക്കുറിച്ച് കാര്യമായ വിവരങ്ങൾ ചരിത്രം അവശേഷിപ്പിച്ചിട്ടില്ല. എങ്കിലും ആലപ്പുഴയിലോ തിരുവനന്തപുരത്തോ നിന്നാവണം ഡൗണിയെ കൊണ്ടുവന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. സ്കോട്ടിഷ് മാതൃകയിലുള്ള അധികാരബന്ധങ്ങൾ നിലനിന്നിരുന്ന തോട്ടങ്ങളിൽ തോട്ടങ്ങളുടെ ഉടമയും തൊഴിലാളികളും തമ്മിൽ കാര്യമായ ബന്ധമില്ലായിരുന്നു. അതിനാൽ അവർ വളർത്തുമൃഗങ്ങളെ വളർത്തി സ്നേഹം പങ്കിട്ട് തങ്ങളുടെ ഏകാന്തതയെ നേരിട്ടു. വെളുത്ത കുതിരകൾ രാജകീയതയുടെയും ഭാഗ്യത്തിന്റെയും ചിഹ്നമായും കരുതപ്പെട്ടു. നിരവധി വളർത്തുമൃഗങ്ങളെ തോട്ടമുടകൾ പരിപാലിച്ചെങ്കിലും ബ്രിട്ടിഷ് പള്ളി സെമിത്തേരിയിൽ നിത്യനിദ്ര പുൽകാൻ ഭാഗ്യം ലഭിച്ചത് ഡൗണിക്ക് മാത്രമാണ്.
ഇന്ത്യയുടെ കുതിരകൾ
കേരളത്തിലെ നാട്ടുരാജാക്കൻമാരും വൻകിട കച്ചവടക്കാരും കുതിരകളെ നിരന്തരം ഇറക്കുമതി ചെയ്തിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. പക്ഷേ അത് യുദ്ധത്തിനോ യാത്രയ്ക്കോ ഉപയോഗിക്കാനായിരുന്നില്ലത്രേ! നല്ല വിലയ്ക്ക് അവരത് വിജയനഗര സാമ്രാജ്യത്തിനോ മുഗളൻമാർക്കോ ഡെക്കാനിലെ ഭരണാധികാരികൾക്കോ മറിച്ചുവിറ്റ് പണമുണ്ടാക്കി!. ദക്ഷിണേന്ത്യയിൽ കുതിരകൾ വ്യാപകമായി വളർത്തപ്പെട്ടിരുന്നില്ല എന്നതാണ് യാഥാർഥ്യം. എന്നാൽ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ കുതിരകളെ വളർത്തി പ്രജനനം നടത്തി അവയുടെ എണ്ണം കൂട്ടിയിരുന്നു. പഞ്ചാബ്, സിന്ധ്, ഹിമാലയ ടിബറ്റൻ പ്രദേശങ്ങിൽ തദ്ദേശീയമായി കുതിര ബ്രീഡുകൾ ഉണ്ടായിരുന്നു. കത്തിയവാരി, മാർവാരി, സൻസ്ക്കാരി, മണിപ്പുരി തുടങ്ങിയവ ഇന്ത്യൻ ബ്രീഡുകളായി അറിയപ്പെടുന്നവയാണ്.
ആര്യൻ ആക്രമണങ്ങൾക്കു മുൻപിൽ ഹാരപ്പയിലെ ജനങ്ങൾ പകച്ചത് അവരുടെ കുതിരകളുടെ വേഗവും കരുത്തും കണ്ടിട്ടായിരുന്നു. ഇന്ത്യയുടെ തനതു കുതിരജനുസ്സുകളേക്കാൾ ഇവിടെ പ്രിയം അറേബ്യയിൽനിന്നും പേർഷ്യയിൽനിന്നും കൊണ്ടുവന്നവയ്ക്കായിരുന്നു. കപ്പലേറി വന്ന ഇവർക്ക് നാടൻ കുതിരകളേക്കാൾ പതിൻമടങ്ങായിരുന്നു വില. ഒരു പക്ഷേ ഒരു അടിമ മനുഷ്യനേക്കാൾ എത്രയോ അധികം.
കേരളീയരുടെ വിശ്വാസങ്ങളിലെ നല്ല ലക്ഷണങ്ങളിലൊന്ന് വെള്ളക്കുതിരകളായിരുന്നുവെന്ന് മലബാർ മാനുവലിൽ വില്യം ലോഗൻ സാക്ഷ്യപ്പെടുത്തുന്നു. അതിനാൽ വെള്ളക്കുതിരകളെ കണികാണാനും അത് ശുഭലക്ഷണമായി സാമൂഹിക വ്യവസ്ഥയിൽ പരിഗണിക്കാനും മാത്രം അവ കേരളത്തിൽ പരിചിതമായിരുന്നുവെന്ന് ഗവേഷകനും അധ്യാപകനുമായ മഹ്മൂദ് കൂരിയ തന്റെ പുസ്തകത്തിൽ (മൃഗകലാപങ്ങൾ, മലബാർ സമരങ്ങളുടെ മനുഷ്യേതര ചരിത്രങ്ങൾ, മാതൃഭൂമി, 2023) ചൂണ്ടിക്കാട്ടുന്നുണ്ട്. കേരളത്തിൽ കണ്ണൂരായിരുന്നു അന്നു കുതിരകളുടെ പ്രധാന ഇറക്കുമതി കേന്ദ്രം. കോലത്തിരിയാകട്ടെ ‘കുതിരകളുടെ രാജാവ്’ എന്നറിയപ്പെട്ടിരുന്നു. ജ്ഞാനപ്പാനയിൽ കുതിരക്കച്ചവടത്തെ എതിർത്ത് എഴുതിയപ്പോൾ പോലും പൂന്താനം കുതിരയെന്ന മൃഗത്തിന് ആദരവാണ് നൽകിയതെന്നതും കൂരിയ എടുത്തു പറയുന്നുണ്ട്. എന്തായാലും ഹൈദരലിയും ടിപ്പുവും അൽപമെങ്കിലും കണ്ണൂരിനോട് മയം കാണിച്ചത് കോലത്തിരിയുടെ സൈന്യത്തിലും കുതിരകൾ ഉണ്ടായിരുന്നതിനാലാവാം.
എന്തായാലും പതിനാലാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ച ഇബ്നു ബത്തൂത്ത നിരീക്ഷിച്ചതനുസരിച്ച് കുതിരകൾ രാജാക്കൻമാരുടെ മാത്രം സ്വന്തവും അവരുടെ വാഹനവുമായിരുന്നു. കേരളത്തിന്റെ പ്രത്യേക ഭൂപ്രകൃതിയും റോഡുകളുടെ അവസ്ഥയും കുതിരകളുടെ ഉപയോഗത്തെ പരിമിതപ്പെടുത്തുന്നതായിരുന്നു. പീരുമേടിന്റെ കുന്നും മലയും നിറഞ്ഞ പാതകളിലൂടെ ഡൗണിയെന്ന വെള്ളക്കുതിരയുടെ പുറത്തേറി പോകുന്ന മൺറോ തൊഴിലാളികൾക്ക് നല്ല കണിയായിരുന്നുവോ ആവോ?
ചരിത്രത്തോടൊപ്പം സഞ്ചരിച്ച കുതിര
കുതിരയെ ശക്തിയുടെയും സുകുമാര്യത്തിന്റെയും അടയാളമായാണ് നാം കരുതുന്നത്. സാമ്രാജ്യങ്ങളെ സൃഷ്ടിക്കുകയും സംഹരിക്കുകയും ചെയ്ത യുദ്ധമൃഗമെന്ന പരികൽപനയാണ് ചരിത്രത്തിൽ കുതിരകൾക്കുള്ളത്. മംഗോളിയയിൽനിന്ന് ചെങ്കിസ്ഖാൻ പാഞ്ഞുവരുമ്പോൾ അയാളുടെ വെള്ളക്കുതിര പടയോട്ടങ്ങളുടെ പ്രതീകമാകുന്നു. രണഭൂമിയിൽ മാത്രമല്ല രാജാങ്കണങ്ങളിലും അവർ വിളങ്ങി നിന്നു. പൗരാണിക, മധ്യഭാരത ചരിത്രത്തിൽ ഇന്ത്യയിലേക്കും ഇന്ത്യയിലൂടെയും നടന്ന കുതിരകളുടെ പടപ്പാച്ചിലുകൾ സാമ്രാജ്യങ്ങളുടെ അതിർത്തികൾ മാറ്റി വരച്ചുകൊണ്ടിരുന്നു. ജോസ് ഗോമൻസ് (Jos Gommans) എഴുതിയ “The Iindian Frontier: The horse and Warband in the making of Empires” എന്ന പുസ്തകത്തിൽ യുദ്ധമുന്നണിയിലെ കുതിരകളുടെ പോരാട്ടങ്ങൾ വിശദീകരിക്കുന്നുണ്ട്.
ദക്ഷിണേഷ്യയിലെ ആദ്യകാല, മധ്യകാല, ആധുനിക രാഷ്ട്രങ്ങളുടെ രൂപീകരണത്തിൽ കുതിരകൾക്കുണ്ടായിരുന്ന സ്വാധീനം അദ്ദേഹം എടുത്തു പറയുന്നു. ഭാരതത്തിൽ അർദ്ധമരുഭൂമി സ്വഭാവമുള്ള പ്രദേശത്തിനും ആളുകൾ സ്ഥിരതാമസമാക്കി കൃഷി ചെയ്യുന്ന ഗംഗാതടത്തിനും ഇടയിലുള്ള വളരെ ചലനാത്മകമായ ഒരു അതിർത്തിയാണുള്ളത്. ഇന്ത്യയിലെ സാമ്രാജ്യങ്ങൾക്ക് എപ്പോഴും കൈകാര്യം ചെയ്യേണ്ടി വരുന്നത് ഈ അതിർത്തിയെയാണ് എന്ന നിരീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഗോമൻസിന്റെ പഠനങ്ങൾ. തുർക്കി, അഫ്ഗാൻ, രാജ്പുത് തുടങ്ങി ഏതു യുദ്ധബാൻഡുകളുടെയും തുടർച്ചയായ നീക്കങ്ങൾക്ക് മാത്രമേ അത്തരം അതിർത്തികളെ മറികടക്കാൻ കഴിയുകയുള്ളൂ. ഡൽഹി സുൽത്താനേറ്റിന്റെയും മുഗൾ സാമ്രാജ്യങ്ങളുടെയും കാര്യം ഉദാഹരണമായെടുക്കാം., അക്കാലത്തെ ഏറ്റവും മാരകമായ ആയുധമായ യുദ്ധക്കുതിരയുടെ ഉപയോഗത്തെ അടിസ്ഥാനമാക്കിയുള്ള നീക്കമാണ് അവർ നടത്തിയത്. കുതിരകളുടെ പ്രജനനത്തെയും വ്യാപാരത്തെയും കുറിച്ചും മധ്യകാല, ആധുനിക ദക്ഷിണേഷ്യൻ യുദ്ധങ്ങളിൽ അവയുടെ പങ്കിനെ കുറിച്ചും ഈ പുസ്തകം ചർച്ചചെയ്യുന്നു.
ചരിത്രത്തിൽ പേരെഴുതിയവർ
യശസ്വിനി ചന്ദ്രയാണ് ഇന്ത്യാ ചരിത്രത്തിലെ കുതിരകളുടെ സ്ഥാനത്തേക്കുറിച്ച് മികച്ച പുസ്തകമെഴുതിയ മറ്റൊരാൾ (The Tale of the horse:A history of India on horseback – Yashaswini Chandra)
ഇന്ത്യയിൽ മിക്കയിടത്തുമുണ്ടായിരുന്ന കുതിരകൾ, നാടിന്റെ ചരിത്രം, പുരാണങ്ങൾ, കല, സാഹിത്യം, നാടോടിക്കഥകൾ, ജനകീയവിശ്വാസങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന ഘടകമായി വർത്തിച്ചിരുന്നു. ചരിത്രത്തിന്റെ താളുകളിൽ എഴുതപ്പെട്ട കുതിരകളെക്കുറിച്ച് യശസ്വിനി എഴുതുന്നു. റാണാ പ്രതാപിന്റെ ഇതിഹാസമായ ചേതക് മുതൽ രഞ്ജിത് സിങ്ങിന്റെ ലൈലിയും പാബുജിയുടെ പ്രിയപ്പെട്ട കറുത്ത കുതിരയും തുടങ്ങി അവയുടെ നിര നീളുന്നു.
കുതിരകൾക്ക് ഗുഡ് ബൈ
ജർമൻ എഴുത്തുകാരനായ ഉൾറിച്ച് റൗൾഫ് എഴുതിയ പുസ്തകമാണ് Farewell to the Horse: The final century of our relationship Ulrich Raulff (Penguin, 2017). അതിൽ കഴിഞ്ഞു പോയ നൂറ്റാണ്ടിനെ മനുഷ്യൻ കുതിരയ്ക്ക് ഗുഡ് ബൈ നൽകിയ നൂറു വർഷമായി കണക്കാക്കുന്നു. കുതിരകളും മനുഷ്യരും തമ്മിലുള്ള ബന്ധം പുരാതനവും അഗാധവും സങ്കീർണ്ണവുമാണ്. സഹസ്രാബ്ദങ്ങളായി അവർ മനുഷ്യർക്കില്ലാത്ത ശക്തിയും വേഗവും പ്രദാനം ചെയ്തു. നമ്മൾ എങ്ങനെയാണ് യാത്ര, കൃഷി, യുദ്ധം എന്നിവ ചെയ്തതെന്ന് കുതിരകളാൽ നിർണ്ണയിക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിൽ ഈ ബന്ധത്തിന്റെ കണ്ണികൾ തകരുന്നതാണ് ചരിത്രം കണ്ടത്. ദശലക്ഷക്കണക്കിന് കുതിരകൾ ഏതാണ്ട് അപ്രത്യക്ഷമായി, റേസ് ട്രാക്കുകളിലും പോണി ക്ലബ്ബുകളിലും മാത്രമായി അവർ ഒതുങ്ങി. ഈ പുസ്തകത്തിന് ‘കുതിരകളുടെ വിടവാങ്ങൽ’ എന്ന ശീർഷകം നൽകിയത് എത്ര അർത്ഥവത്താണ്. ഒരു കാലത്ത് കുതിരകൾ നമുക്ക് എല്ലാമെല്ലാമായിരുന്നു. നഗരങ്ങൾ, കൃഷിയിടങ്ങൾ, വ്യവസായങ്ങൾ എന്നിവ ഒരുകാലത്ത് മനുഷ്യനെപ്പോലെ കുതിരകളുടെ ആവശ്യങ്ങൾക്കനുസൃതമായി രൂപപ്പെട്ടു. എണ്ണമറ്റ ചരിത്രസംഭവങ്ങളിൽ കുതിരകളുടെ ഇടപെടൽ ഉണ്ടായി. ചിലയിടത്ത് അവ നിറം പിടിപ്പിച്ച ശിൽപങ്ങളായി. മറ്റിടങ്ങളിൽ വിലമതിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തു. കുറച്ചു സ്ഥലങ്ങളിൽ അവർ മർദിക്കപ്പെടുകയും ദുരുപയോഗം ചെയ്യുകയും ഭയാനകമായ അപകടങ്ങളിൽ പെടുകയും ചെയ്തു. റോമൻ സാമ്രാജ്യം മുതൽ നെപ്പോളിയൻ സാമ്രാജ്യം വരെ എല്ലാ ലോക ജേതാക്കളെയും കുതിരപ്പുറത്താണ് നാം കണ്ടത്. ജീവിതത്തിന്റെ ഒമ്പതു വർഷത്തോളം താൻ കുതിരപ്പുറത്താണ് ചെലവഴിച്ചതെന്ന് ടോൾസ്റ്റോയ് ഒരിക്കൽ കണക്കാക്കി.
സഹസ്രാബ്ദങ്ങളായി, കുതിരകൾ മനുഷ്യ നാഗരികതയുടെ കേന്ദ്രമായിരുന്നു, നഗരങ്ങൾ, കൃഷിയിടങ്ങൾ, വ്യവസായങ്ങൾ എന്നിവ നിർമിക്കുന്നതിൽ അത്യന്താപേക്ഷിതമായിരുന്നു അവ. ഗതാഗതം, കൃഷി, യുദ്ധം തുടങ്ങി മനുഷ്യജീവിതത്തിന്റെ മറ്റു പല മേഖലകളിലും അവ അവിഭാജ്യമായിരുന്നു. എന്നിരുന്നാലും, ഇരുപതാം നൂറ്റാണ്ടിന്റെ ആവിർഭാവത്തോടെയും യന്ത്രവൽക്കരണത്തിന്റെ ഉയർച്ചയോടെയും കുതിരകളുടെ പങ്ക് ഗണ്യമായി കുറഞ്ഞു. കാറുകൾ, ട്രാക്ടറുകൾ, മറ്റ് യന്ത്രങ്ങൾ എന്നിവ കുതിരകൾ ഒരിക്കൽ ചെയ്തിരുന്ന പല പ്രവർത്തനങ്ങളെയും മാറ്റിസ്ഥാപിച്ചു. പുസ്തകത്തിന്റെ ശീർഷകം ഈ പരിവർത്തനത്തെ പ്രതിഫലിപ്പിക്കുന്നു, മനുഷ്യ കാര്യങ്ങളിൽ കുതിര ഒരു പ്രധാന ശക്തിയായിരുന്ന ഒരു യുഗത്തിന്റെ അവസാനകാലമാണിത്. ഒരുകാലത്ത് മനുഷ്യന്റെ ഒഴിച്ചുകൂടാനാകാത്ത കൂട്ടാളികളും സഹായികളുമായിരുന്നു കുതിരകൾ. യന്ത്രവൽകൃത സമൂഹങ്ങളിലെ മിക്ക ആളുകളുടെയും ദൈനംദിന ജീവിതത്തിൽ നിന്ന് കുതിരകൾ ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നു.. ഡൗണിയെ പോലെ ചില ഓർമകൾ മാത്രം ബാക്കിയാവുന്നു.