ഭാവിലോകത്തിന്റെ പ്രധാന മാംസാഹാരം! പെരുമ്പാമ്പിന്റെ ഇറച്ചിയെന്ന് ഗവേഷകർ
Mail This Article
ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തന്നെ തിന്നണമെന്ന് വളരെ പ്രശസ്തമായ ഒരു പഴഞ്ചൊല്ലുണ്ട്. എന്നാൽ ശാസ്ത്രജ്ഞർ പറയുന്നതു പോലെ കാര്യങ്ങൾ മുന്നോട്ടുപോയാൽ ചേരയ്ക്കു പകരം തീൻമേശകളിലെത്തുക പെരുമ്പാമ്പ് ആയിരിക്കും. ഹരിതഗൃഹ വാതക, കാർബൺ ബഹിർഗമനം കുറവുള്ള മാംസങ്ങളിലേക്കാണ് ഇപ്പോൾ പരിസ്ഥിതി ശാസ്ത്രജ്ഞരുെട ശ്രദ്ധ. പരമ്പരാഗത മാംസ സ്രോതസ്സുകളും ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നതുമായ ബീഫ്, പോർക്ക്, ചിക്കൻ എന്നിവയ്ക്ക് പകരം കാർബൺ ബഹിർഗമനത്തോത് കുറഞ്ഞ മാംസങ്ങളുണ്ടോയെന്ന ഗവേഷണങ്ങൾ ലോകത്തു തകൃതിയാണ്.
ഏതായാലും ഇത്തരം ഗവേഷണത്തിൽ ഏർപെട്ട ഒരുകൂട്ടം ശാസ്ത്രജ്ഞർ തങ്ങളുടെ പഠനഫലവുമായി രംഗത്തെത്തി. പരമ്പരാഗത മാംസസ്രോതസ്സുകളെക്കാൾ കാർബൺ ബഹിർഗമനം കുറഞ്ഞതാണ് പെരുമ്പാമ്പുകളുടെ മാംസമെന്നാണു ശാസ്ത്രജ്ഞരുടെ വാദം. തെക്കുകിഴക്കൻ ഏഷ്യയിലെ പൈത്തൺ ഫാമുകളിൽ 12 മാസമായി നടത്തിയ ഗവേഷണത്തിനു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. റെറ്റിക്കുലേറ്റഡ്, ബർമീസ് എന്നിങ്ങനെ രണ്ടു പ്രധാനവിഭാഗം പൈത്തണുകളിലാണ് പരീക്ഷണം നടത്തിയത്. വളരെ വേഗത്തിൽ പ്രജനനം നടത്തുന്നതിനാൽ പൈത്തണുകളെ വളർത്തുന്നത് ആദായകരവുമാണെന്ന് ഗവേഷകർ പറയുന്നു.
Read Also:ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വനം കണ്ടെത്തി: തൊട്ടടുത്തു നിധി
ലോകത്തെ ഏറ്റവും വലുപ്പമുള്ള പാമ്പിനങ്ങളിലൊന്നാണ് പൈത്തൺ. ആഫ്രിക്ക, ഓസ്‌ട്രേലിയ, ഏഷ്യ എന്നീ വൻകരകളാണ് പൈത്തണുകളെ കൂടുതൽ കാണുക. നേരത്തെ പറഞ്ഞ രണ്ടു വിഭാഗം കൂടാതെ ബോൾ പൈത്തൺ, കാർപറ്റ് പൈത്തൺ, ഒലീവ് പൈത്തൺ, ആഫ്രിക്കൻ റോക്ക് പൈത്തൺ തുടങ്ങിയ പാമ്പുകളും പൈത്തൺ കുടുംബത്തിലുണ്ട്.
പൈത്തണുകളെ എൺപതുകളിൽ വടക്കേ അമേരിക്കൻ മേഖലയിൽ കൊണ്ടുവന്നിരുന്നു. ഇവ പിന്നീട് ഇവിടെ പെരുകി. ഇന്ന് യുഎസിലെ ചില മേഖലകളിൽ ഇൻവേസീവ് സ്പീഷീസായിട്ടാണ് ഇവയെ കണക്കാക്കുന്നത്.