പൂച്ചയ്ക്കെന്താണ് ഇത്ര മീൻകൊതി! രഹസ്യം വിശദീകരിച്ച് ഗവേഷകർ
ലോകമെമ്പാടും മനുഷ്യർ പിടിക്കുന്ന മീനിന്റെ 6 ശതമാനത്തിലധികവും പൂച്ചകൾക്കു തീറ്റയായിട്ടാണത്രേ ഉപയോഗിക്കപ്പെടുന്നത്. കടൽമത്സ്യം പ്രത്യേകിച്ച് ട്യൂണ പോലെയുള്ളവ പൂച്ചകളുടെ പ്രിയപ്പെട്ട വിഭവമാണ്. മരുഭൂമിയിൽ പരിണമിച്ചുണ്ടായ പൂച്ചയെന്ന ജീവിക്ക് മീനിനോട് ഇത്ര കൊതിയെങ്ങനെ
ലോകമെമ്പാടും മനുഷ്യർ പിടിക്കുന്ന മീനിന്റെ 6 ശതമാനത്തിലധികവും പൂച്ചകൾക്കു തീറ്റയായിട്ടാണത്രേ ഉപയോഗിക്കപ്പെടുന്നത്. കടൽമത്സ്യം പ്രത്യേകിച്ച് ട്യൂണ പോലെയുള്ളവ പൂച്ചകളുടെ പ്രിയപ്പെട്ട വിഭവമാണ്. മരുഭൂമിയിൽ പരിണമിച്ചുണ്ടായ പൂച്ചയെന്ന ജീവിക്ക് മീനിനോട് ഇത്ര കൊതിയെങ്ങനെ
ലോകമെമ്പാടും മനുഷ്യർ പിടിക്കുന്ന മീനിന്റെ 6 ശതമാനത്തിലധികവും പൂച്ചകൾക്കു തീറ്റയായിട്ടാണത്രേ ഉപയോഗിക്കപ്പെടുന്നത്. കടൽമത്സ്യം പ്രത്യേകിച്ച് ട്യൂണ പോലെയുള്ളവ പൂച്ചകളുടെ പ്രിയപ്പെട്ട വിഭവമാണ്. മരുഭൂമിയിൽ പരിണമിച്ചുണ്ടായ പൂച്ചയെന്ന ജീവിക്ക് മീനിനോട് ഇത്ര കൊതിയെങ്ങനെ
ലോകമെമ്പാടും മനുഷ്യർ പിടിക്കുന്ന മീനിന്റെ 6 ശതമാനത്തിലധികവും പൂച്ചകൾക്കു തീറ്റയായിട്ടാണത്രേ ഉപയോഗിക്കുന്നത്. കടൽമത്സ്യം, പ്രത്യേകിച്ച് ട്യൂണ പോലെയുള്ളവ പൂച്ചകളുടെ പ്രിയപ്പെട്ട വിഭവമാണ്. മരുഭൂമിയിൽ പരിണമിച്ചുണ്ടായ പൂച്ചയെന്ന ജീവിക്ക് മീനിനോട് ഇത്ര കൊതിയെങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന് ജീവശാസ്ത്രപരമായ വിശദീകരണം നൽകുകയാണ് ഗവേഷകർ. കെമിക്കൽ സെൻസസ് എന്ന ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
പൂച്ചയ്ക്കു വേണ്ടത് ഉമാമി സ്വാദ്
പൂച്ചകളുടെ രുചിമുകുളങ്ങളിൽ ഉമാമി (umami) എന്ന രുചി തിരിച്ചറിയാൻ സഹായിക്കുന്ന റിസപ്റ്ററുകൾ ഉണ്ടെന്നാണ് ഗവേഷകർ റിപ്പോർട്ട് ചെയ്യുന്നത്. മധുരം, ചവർപ്പ്, ഉപ്പ്, കയ്പ് എന്നിവയോടൊപ്പമുള്ള അഞ്ചാമത്തെ സ്വാദാണ് ഉമാമി. മാംസത്തിനുള്ള രുചിയാണ് ഉമാമി. പൂർണമായും മാംസഭോജികളായ പൂച്ചകൾ ഈ രുചി ഇഷ്ടപ്പെടുന്നതിൽ അദ്ഭുതമില്ല. പക്ഷേ മറ്റു മാംസങ്ങളുടെ രുചിയേക്കാൾ ട്യൂണയുടെ സ്വാദ് പൂച്ചകൾക്ക് പ്രിയതരമാകുന്നതെന്തുകൊണ്ടാണെന്നതിനുള്ള കാരണവും ഗവേഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ട്യൂണയിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന പ്രത്യേക രുചിതന്മാത്രകളെ തിരിച്ചറിയാൻ പറ്റുന്ന വിധമാണത്രേ പൂച്ചകളിലെ ടേസ്റ്റ് ബഡ് വികസിച്ചിരിക്കുന്നത്. പൂച്ചകൾക്ക് ഏറെ ഇഷ്ടമാകുന്ന വിഭവങ്ങൾ തയാറാക്കാൻ പെറ്റ് ഫീഡ് നിർമ്മാതാക്കളെ ഈ പഠനം സഹായിക്കുമെന്ന് കരുതാം.
പൂച്ചയുടെ രുചിപരീക്ഷണ വിശേഷങ്ങൾ
ഏറെ സവിശേഷതകളുള്ള അണ്ണാക്കാണ് (palate) പൂച്ചകൾക്കുള്ളത്. രുചിയിൽ നിർണായകമായ ഒരു പ്രോട്ടീന്റെ കുറവു കാരണം പൂച്ചകൾക്ക് മധുരം രുചിച്ചറിയാനാവില്ല. മാംസത്തിന് മധുരമില്ലാത്തതിനാൽ പൂച്ചകൾക്ക് ആ കഴിവ് ആവശ്യമില്ലാതാവുകയും സാവധാനം നഷ്ടപ്പെടുകയും ചെയ്തിരിക്കാം. കയ്പറിയാനുള്ള കഴിവും പൂച്ചകളിൽ മനുഷ്യനേക്കാൾ കുറവാണ്. പക്ഷേ പൂച്ചകൾ രുചിക്കുന്ന ഒന്നുണ്ട്. അത് ഇറച്ചിയുടെ ഗംഭീരമായ ഫ്ലേവറാണ്. മനുഷ്യനിലും മറ്റു ചില മൃഗങ്ങളിലും Tas 1 r1, Tas 1 r3 എന്നീ ജീനുകൾ കോഡ് ചെയ്യുന്ന രണ്ടു പ്രോട്ടീനുകളാണ് ടേസ്റ്റ് ബഡുകളിൽ ഒന്നു ചേർന്ന് ഉമാമി സ്വാദറിയാനുള്ള റിസപ്റ്ററുകളാവുന്നത്. പൂച്ചകളിൽ Tas 1 r3 മാത്രമേ പ്രകടമാകുന്നുള്ളൂ എന്നാണ് മുൻപ് വിചാരിച്ചിരുന്നത്. എന്നാൽ മേൽപ്പറഞ്ഞ ഗവേഷണപ്രകാരം പൂച്ചകളിലും ഉമാമി സ്വാദറിയാനുള്ള രണ്ടു ജീനുകൾ പ്രകടമാകുന്നുവെന്ന് ആദ്യമായി കണ്ടെത്തിയിരിക്കുന്നു. അതായത് ഉമാമി സ്വാദറിയാനുള്ള സമ്പൂർണ കഴിവ് പൂച്ചകൾക്ക് ഉണ്ടെന്നർഥം.
എന്നാൽ പഠനത്തിന്റെ അടുത്ത ഘട്ടത്തിൽ, ആ രണ്ടു ജീനുകൾ കോഡ് ചെയ്യുന്ന പ്രോട്ടീൻ ശ്രേണികൾ മനുഷ്യരിലും പൂച്ചകളിലും വ്യത്യാസപ്പെട്ടിരിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഉമാമി സ്വാദ് തിരിച്ചറിയാൻ കഴിയണമെങ്കിൽ ഭക്ഷണത്തിലെ ഗ്ലൂട്ടാമിക് ആസിഡ്, അസ്പാർട്ടിക് ആസിഡ് എന്നിവയെ ടേസ്റ്റ് ബഡിലെ റിസപ്റ്ററുകൾക്ക് സ്വീകരിക്കാൻ കഴിയണം (ഭക്ഷണത്തിന് ഉമാമി രുചി നൽകാൻ ചേർക്കുന്ന അജിനോമോട്ടോ, മോണോ സോഡിയം ഗ്ളൂട്ടാമേറ്റ് ആണെന്ന് ഓർക്കുക). മനുഷ്യന്റെ ടെസ്റ്റ് ബഡ് റിസപ്റ്ററുകളിൽ ഇതിനുള്ള രണ്ടു പ്രധാന സ്ഥലങ്ങളുണ്ട്. എന്നാൽ പൂച്ചകളിൽ ആ ഭാഗങ്ങൾ മ്യൂട്ടേറ്റ് ചെയ്യപ്പെട്ടതായി കണ്ടതോടെ പൂച്ചകൾക്ക് ഉമാമി സ്വാദറിയാനുള്ള കഴിവില്ലേയെന്ന സംശയം ഗവേഷകരിലുണ്ടായി.
ഈ സംശയം മാറ്റാനായി പരീക്ഷണത്തിന്റെ അടുത്ത ഘട്ടത്തിൽ പൂച്ചകളിലെ ഉമാമി റിസപ്റ്ററുകൾ അടങ്ങിയ കോശങ്ങൾ അവർ നിർമിച്ചു. എന്നിട്ട് ഉമാമി രുചി നൽകുന്ന അമിനോ ആസിഡുകളായ ഗ്ളൂട്ടാമിക്, അസ്പാർട്ടിക് ആസിഡുകളും ന്യൂക്ലിയോടൈഡുകളും കോശങ്ങൾക്ക് നൽകി നോക്കി. പൂച്ചയുടെ റിസപ്റ്ററുകളുള്ള കോശങ്ങൾ ഉമാമി രുചി തിരിച്ചറിഞ്ഞുവെന്നു മാത്രമല്ല, അ സംവിധാനം മനുഷ്യരിടേതിൽനിന്നു വിഭിന്നമായി പ്രവർത്തിക്കുന്നതായി കണ്ടെത്തുകയും ചെയ്തു..പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിൽ ഗവേഷകർ 25 പൂച്ചകളെ ഒരു ടേസ്റ്റ് ടെസ്റ്റിനു വിധേയരാക്കി. കുറച്ചു വെള്ളപ്പാത്രങ്ങൾ അവരുടെ മുന്നിൽ വച്ചു കൊടുത്തു. ഉമാമി രുചി നൽകുന്ന അമിനോ ആസിഡുകളും ന്യൂക്ലിയോടൈഡുകളും വ്യത്യസ്ത അളവിൽ അടങ്ങിയ വെള്ളപ്പാത്രങ്ങളും വെറും പച്ചവെള്ളം മാത്രമുള്ള പാത്രങ്ങളും. ഉമാമി സ്വാദ് നൽകുന്ന തൻമാത്രകൾ കലർത്തിയ വെള്ളപ്പാത്രങ്ങളായിരുന്നു പൂച്ചകൾ കൊതിയോടെ കുടിച്ചു തീർത്തത്.
ട്യൂണ തന്നെ പ്രിയങ്കരം
മധുരം മനുഷ്യന് എത്രമാത്രം പ്രിയപ്പെട്ടതാണോ അതു പോലെയാണ് പൂച്ചകൾക്ക് ഉമാമി സ്വാദ്. അതേസമയം നായ്ക്കൾക്ക് മധുരവും ഉമാമിയും രുചിക്കാൻ കഴിയും. അതാവാം നായ്ക്കൾക്ക് മീൻ കാണുമ്പോൾ ഇത്ര ആക്രാന്തം ഇല്ലാത്തത്. പൂച്ചകളിൽ നടത്തിയ പരീക്ഷണത്തിന്റെ കഥ അവിടെ തീരുന്നില്ല. മേൽപറഞ്ഞ വെള്ളപ്പാത്രങ്ങളിൽ ഹിസ്റ്റിഡിൻ, ഇനോസിൻ മോണോഫോസ്‌ഫേറ്റ് എന്നിവ കലർത്തിയ വെള്ളമുള്ള പാത്രങ്ങളും പൂച്ചകൾക്ക് ഏറെ ഇഷ്ടപ്പെട്ടു. ഈ രണ്ടു തൻമാത്രകൾ ഉയർന്ന അളവിൽ ട്യൂണയിൽ അടങ്ങിയിട്ടുണ്ടത്രേ! അപ്പോൾ ഗ്ളൂട്ടാമിക് ആസിഡും ആസ്പാർട്ടിക് ആസിഡും ഹിസ്റ്റിഡിനും ഇനോസിൻ മോണോഫോസ്ഫേറ്റും ഒക്കെ ചേർന്നു സൃഷ്ടിക്കുന്ന ട്യൂണയുടെ ഉമാമി രുചി പൂച്ചകളുടെ ഏറ്റവും വലിയ ‘വീക്ക്നെസ്’ ആയി മാറുന്നു.
മണലാരണ്യത്തിൽനിന്ന് ഉമാമിയിലേക്ക്
പതിനായിരം വർഷങ്ങൾക്കു മുൻപ് മധ്യപൂർവേഷ്യയിലെ മണലാരണ്യത്തിൽ പരിണമിച്ചുണ്ടായ പൂച്ചകളുടെ മെനുവിൽ മീൻ ഉൾപ്പെടുവാനുള്ള യാതൊരു സാധ്യതയുമില്ലായിരുന്നു. എന്നിട്ടും മീനിനോട്, പ്രത്യേകിച്ച് ട്യൂണയോട് ഇത്ര കൊതിയുണ്ടായതിന്റെ രഹസ്യം ഇനിയും വെളിവായിട്ടില്ല. സമയമെടുത്ത് സാവധാനത്തിൽ നടന്ന ഒരു പരിണാമപ്രതിഭാസമായിട്ടാണ് ഗവേഷകർ ഇതിനെ കാണുന്നത്. 1500 ബിസിയിൽ പുരാതന ഈജിപ്തിലെ കലാസൃഷ്ടികളിൽ മീൻ തിന്നുന്ന എലികളെ വിവരിച്ചിട്ടുണ്ട്. മധ്യകാലഘട്ടത്തിൽ മധ്യ കിഴക്കൻ തുറമുഖങ്ങളിലെ പൂച്ചകൾ ട്യൂണ ഉൾപ്പടെയുള്ള മീനുകൾ ധാരാളമായി കഴിച്ചിട്ടുണ്ടാകാം. മീൻ പിടിക്കുന്നവർ ബാക്കി വയ്ക്കുന്ന അവശിഷ്ടങ്ങൾ അവർക്ക് സദ്യയായി മാറിയിരിക്കാം. ഇത്തരം ഘട്ടങ്ങളിലൂടെ മീൻരുചി, പ്രത്യേകിച്ച് സവിശേഷമായ ട്യൂണയുടെ രുചിയറിയുന്ന വിധം അവർ പരിണമിച്ചിട്ടുണ്ടാകാം.
എന്തായാലും വളർത്തു പൂച്ചകൾക്ക് ഏറെ ഇഷ്ടമാകുന്ന പുതിയ വിഭവങ്ങൾ തയാറാക്കാൻ ഈ പഠനങ്ങൾ സഹായിക്കുമെന്ന് കരുതാം. ആലങ്കാരികമായി പറഞ്ഞാൽ ഒരു സ്പൂൺ ഉമാമി രുചിയുണ്ടെങ്കിൽ ഏതു മരുന്നും തീറ്റയും പൂച്ച അകത്താക്കിയിരിക്കും. പൂച്ചയ്ക്ക് മരുന്ന് കൊടുത്ത് വിരലു പോയവർക്ക് ഇത് ആശ്വാസമാകുമെന്ന് തീർച്ച. പൂച്ചകളുമായി ബന്ധപ്പെട്ട വ്യക്തിപരമായ ഒരനുഭവം ഗവേഷണ സംഘത്തിലൊരാൾ പങ്കു വയ്ക്കുന്നു. വിശപ്പില്ലായ്മ പ്രശ്നമായിരുന്ന പൂച്ചകൾക്ക് അവരുടെ തീറ്റയിൽ ബോനിറ്റോ എന്ന മീനിന്റെ (ട്യൂണയുടെ ബന്ധു) ഉണങ്ങിയ പൊടി വിതറി നൽകിയത് ഫലപ്രദമായിരുന്നുവത്രേ! ജപ്പാനിൽ ഉമാമി രുചിയുണ്ടാക്കാൻ ചേർക്കുന്നതാണ് ബോനിറ്റോ മീനിന്റെ ഉണങ്ങിയ ഫ്ളേക്കുകൾ.