പുറത്തിറങ്ങിയാൽ ആക്രമണം ഉറപ്പ്; തവളകളെ രക്ഷിക്കാൻ ആവിമുറികൾ: പുതിയ പദ്ധതിയുമായി ഓസ്‌ട്രേലിയ
Mail This Article
ഫംഗസ് ആക്രമണങ്ങളിൽ നിന്ന് ഓസ്‌ട്രേലിയയിലെ മനോഹരമായ ഒരു തവളയിനത്തെ രക്ഷിക്കാൻ പദ്ധതിയുമായി ഗവേഷകർ. ചെറുകിട രീതിയിലുള്ള ഗ്രീൻഹൗസ് ആവിമുറികൾ സ്ഥാപിച്ചാണ് തവളകളെ രക്ഷിക്കാൻ ഓസ്‌ട്രേലിയ പദ്ധതിയിടുന്നത്. നൂറു കണക്കിന് തവളവിഭാഗങ്ങൾ ഓസ്‌ട്രേലിയയിൽ ഫംഗസ് ഭീഷണിയിലാണ്.
ഓസ്‌ട്രേലിയയിൽ തവളകൾ ഉൾപ്പെടെ ചെറുജീവികൾ പലതരം ഭീഷണികൾ നേരിടുന്നുണ്ട്. അനേകം സ്പീഷീസുകൾ പോയ് മറഞ്ഞു. ഇനിയും ചിലത് വംശനാശത്തിന്റെ വക്കിലാണ്. കാലാവസ്ഥാ വ്യതിയാനവും ആവാസവ്യവസ്ഥയുടെ നാശവുമൊക്കെ ഉഭയജീവികൾക്ക് വലിയ ഭീഷണി ഉയർത്തുന്നുമുണ്ട്. ഇതിനിടെയാണ് കൈറ്റിഡ് ഫംഗസ് എന്ന ഫംഗസ് വലിയ രീതിയിൽ വ്യാപിച്ച് തവളകളെ പ്രതിസന്ധിയിലാക്കുന്നത്.
മിക്ക വൻകരകളിലും ഈ ഫംഗസ് ബാധിച്ചിട്ടുണ്ടെങ്കിലും ഓസ്‌ട്രേലിയയിൽ സ്ഥിതി രൂക്ഷമാണ്. ഇവിടങ്ങളിൽ ആറ് തവളവിഭാഗങ്ങൾ ഈ ഫംഗസ് മൂലം വംശനാശം വന്നു പോയി. ഓസ്‌ട്രേലിയയിലെ മക്വാറി സർവകലാശാലയിലെ ഡോ. ആന്റണി വാഡിലും സംഘവുമാണ് ഗ്രീൻഹൗസ് ആശയവുമായി മുന്നോട്ടുവന്നിരിക്കുന്നത്. ഗ്രീൻ ആൻഡ് ബെൽ ഫ്രോഗ്‌സ് എന്ന പ്രത്യേക തവളയിനത്തെ രക്ഷിക്കാനായാണ് ഇവരുടെ ശ്രമം.
ഈ ഫംഗസുകൾക്ക് ഉയർന്ന താപനില പറ്റില്ല. 28 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള താപനിലയിൽ ഇവ നശിക്കും.അതിനാൽ തന്നെ വേനൽക്കാലത്ത് ഈ ഫംഗസുകൾ തവളകളെ കാര്യമായി ആക്രമിക്കാറില്ല. എന്നാൽ തണുപ്പ് കാലത്ത് ഇതല്ല സ്ഥിതി. ഫംഗസുകൾ തവളകൾക്ക് പ്രതിസന്ധി സൃഷ്ടിക്കും. തണുപ്പു കാലത്ത് ഫംഗസിനെ പ്രതിരോധിക്കാനായി ഗ്രീൻഹൗസുകൾ പോലുള്ള ആവിമുറികൾ സൃഷ്ടിക്കുകയാണ് ഗവേഷകർ ചെയ്യുന്നത്. പിവിസി, ഗ്രാവൽ, കട്ടകൾ തുടങ്ങിയവ ഉപയോഗിച്ച് നിർമിച്ച ഈ ചെറുഗ്രീൻഹൗസുകൾ മനുഷ്യർ ഉപയോഗിക്കുന്ന സോനകൾ പോലെ പ്രവർത്തിക്കുന്നവയാണ്.
ഈ നിർമിതികളിലെ ദ്വാരങ്ങൾ വഴി തവളകൾ ഉള്ളിൽ ചെല്ലുകയും ചെയ്തു. സൂര്യപ്രകാശമേറ്റ് ഉള്ളിലെ താപനില കൂടിയ നിലയിലുള്ള ഗ്രീൻഹൗസുകളിൽ കഴിഞ്ഞ തവളകൾക്ക് ഫംഗസ് രോഗം പൂർണമായി ശമിച്ചെന്ന് ഗവേഷകർ പറയുന്നു. ഗവേഷണത്തിന്റെ വിശദാംശങ്ങൾ നേച്ചർ മാസികയിൽ പ്രസിദ്ധീകരിച്ചു.