96 വർഷത്തിനു ശേഷം ആർട്ടിക് ടേൺ ഇന്ത്യയിൽ; കണ്ടെത്തിയത് കണ്ണൂരിൽ
Mail This Article
ലോകത്തേറ്റവും ദൈർഘ്യമേറിയ ദേശാടനം നടത്തുന്ന പക്ഷിയായ ആർട്ടിക് ടേണിനെ 96 വർഷത്തിനു ശേഷം ഇന്ത്യയിൽ കണ്ടെത്തി. കണ്ണൂരിലെ മാപ്പിള ബേ തീരത്ത് പക്ഷി നിരീക്ഷകനായ നിഷാദ് ഇഷാലാണ് ആർട്ടിക് ടേണിനെ കണ്ടെത്തി ചിത്രം പകർത്തിയത്. 1928ൽ കശ്മീരിലെ ലഡാക്കിൽ മാത്രമാണ് ഇതിനു മുൻപ് ഈ പക്ഷിയെ ഇന്ത്യയിൽ കണ്ടതായി രേഖകളുള്ളത്.
ഉത്തര ധ്രുവ മേഖലയിലാണ് വേനലിൽ ഇവയുടെ പ്രജനനം. ഇവിടെ നിന്ന് ദക്ഷിണ ധ്രുവത്തിലേക്ക് ഭൂമധ്യ രേഖ മറി കടന്നാണ് ഇവയുടെ ദേശാടനം. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ തുടങ്ങുന്ന യാത്ര ദക്ഷിണ ധ്രുവത്തിലെത്തി മേയ്, ജൂൺ മാസങ്ങളിൽ തിരിച്ചെത്തും. ഒരു വർഷം ഇരു വശങ്ങളിലേക്കുമായി ശരാശരി 70,000 കിലോമീറ്റർ ഇവ സഞ്ചരിക്കുന്നുണ്ട്. ഇന്ത്യൻ ബേഡ്സ് ചീഫ് എഡിറ്ററും ഇ–ബേഡ് ഇന്ത്യ റിവ്യൂവറുമായ പാലക്കാട് സ്വദേശി ജെ.പ്രവീണിന്റെ സഹായത്തോടെ വിദേശത്തുള്ള വിദഗ്ധരാണ് പക്ഷിയെ തിരിച്ചറിഞ്ഞത്. പക്ഷികളെക്കുറിച്ച് ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കുന്ന ഇ–ബേഡ് പോർട്ടലിലെ വിവരങ്ങൾ പ്രകാരം ഇതോടെ സംസ്ഥാനത്തു കണ്ടെത്തിയ പക്ഷിയിനങ്ങളുടെ എണ്ണം 556 ആയി.
കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ നിഷാദ് ആർക്കിടെക്ചറൽ ഡിസൈനർ സ്ഥാപന ഉടമയാണ്. വന്യ ജീവി സംരക്ഷണ സംഘടനയായ മാർക്ക് അംഗവും കേരള ബേഡേഴ്‌സ് ക്ലബ് സ്ഥാപക അംഗവുമാണ്.