ഏഴുകോടി രൂപയുടെ നഷ്ടമുണ്ടാക്കിയ ആനയാത്ര! സിഷ്വങ്ബന്നയിലെ സഫാരിയുടെ ലക്ഷ്യം എന്തായിരുന്നു?
Mail This Article
ഇന്ന് ലോക ആനദിനം. ആനകളുടെ ലോകം വളരെ മനോഹരമാണ്. ആനകളുമായി ബന്ധപ്പെട്ട് പല സംഭവങ്ങളും നമ്മുടെ നാട്ടിലുൾപ്പെടെ ലോകത്ത് പലയിടത്തും ഉണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തിൽ അവിസ്മരണീയമായ ഒരു യാത്ര നടന്നത് കോവിഡും ലോക്ഡൗണുകളുമൊക്കെ ലോക ജനജീവിതം പ്രതിസന്ധിയിലാക്കിയ 2020 കാലയളവിലാണ്. ചൈനയിൽ ആയിരുന്നു ആ ആനയാത്ര.
ഒന്നേമുക്കാൽ വർഷം നീണ്ടു നിന്നു ആ യാത്ര. ലോകമെമ്പാടുമുള്ള മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ആ യാത്ര വലിയ പൊലിമയോടെ ഇടം പിടിച്ചു. ആയിരക്കണക്കിന് കിലോമീറ്റർ ദൂരമാണ് ഈ യാത്രയിൽ അവർ താണ്ടിയത്.
2020 മാർച്ചിലാണ് ചൈനയിലെ സിഷ്വങ്ബന്ന വന്യജീവിസങ്കേതത്തിൽ നിന്ന് 16 അംഗങ്ങൾ അടങ്ങിയ ആന സംഘം യാത്ര തിരിച്ചത്. സിഷ്വങ്ബന്ന വനമേഖല അവരുടെ വീടായിരുന്നു. വീട് വിട്ട് ഇവർ യാത്രതിരിച്ചതെന്തെന്ന് ആർക്കും പിടികിട്ടിയില്ല. പലരും പല കാരണങ്ങൾ പറഞ്ഞു. സിഷ്വങ്ബന്നയിൽ പുൽമേടുകൾ നശിക്കുന്നതു മൂലം ഭക്ഷണം കുറവായതാകാം കാരണമെന്നായിരുന്നു ഒരു വാദം. എന്നാൽ അതല്ല, കൂട്ടത്തിലൊരാന യാത്ര തുടങ്ങിയതായിരിക്കുമെന്നും ബാക്കിയുള്ളവർ അയാളെ പിന്തുടർന്നതുമായിരിക്കാമെന്നായിരുന്നു മറ്റൊരു വാദം. ഏതായാലും യാഥാർഥ കാരണം ആനകൾക്കു മാത്രം അറിയാം.
സിഷ്വങ്ബന്നയിൽ നിന്ന് തൊട്ടടുത്തുള്ള പ്രദേശമായ പ്യൂയറിലെത്തിയപ്പോൾ കൂട്ടത്തിൽ രണ്ടാനകൾ തിരിച്ചു സിഷ്വങ്ബന്നയിലേക്കു തന്നെ പോയി. അതോടെ ആനകളുടെ എണ്ണം 13 ആയി മാറി. കൊമ്പനാനകളും പിടിയാനകളും കുട്ടിയാനകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. വേർപിരിഞ്ഞയാളെ ഗൗനിക്കാതെ അവർ മുന്നോട്ടു തന്നെ പ്രയാണം തുടർന്നു. കോവിഡിന്‌റെ ഉത്ഭവമേഖലയെന്ന രീതിയിൽ അഭ്യൂഹങ്ങളുള്ള മോജിയാങ് പ്രദേശം കടന്നു മുന്നോട്ടു പോയ അവർ യൂക്‌സി, ഹോങ്കേ തുടങ്ങിയ പട്ടണങ്ങൾ പിന്നിട്ട് ചൈനീസ് പ്രവിശ്യയായ യുനാന്റെ തലസ്ഥാനമായ കുൻമിങ്ങിന്റെ പ്രാന്തപ്രദേശങ്ങൾ വരെയെത്തി. ഇതിനിടയിൽ ഒരാന കൂട്ടം തെറ്റി പോയി. പുതുതായി ഒരാനക്കുട്ടി ജനിക്കുകയും ചെയ്തു. അങ്ങനെ ആകെ മൊത്തം 14 ആനകളായി ഇവർ തിരികെയുള്ള യാത്ര തുടങ്ങി. കൂട്ടം തെറ്റിപ്പോയ ആന ഇടയ്ക്ക് അക്രമാസക്തനായതോടെ മയക്കുവെടിവച്ച് സിഷ്വങ്ബന്നയിൽ തിരിച്ചെത്തിച്ചെന്ന് അധികൃതർ പറയുന്നു. 2021 ഡിസംബറോടെ ആനകളെല്ലാവരും ദീർഘയാത്ര മതിയാക്കി സിഷ്വങ്ബന്നയിൽ തിരികെയെത്തി. യാത്ര. ഒന്നരലക്ഷം പേരെയാണ് ഈ ആനസവാരിക്കുവേണ്ടി മാറ്റിപ്പാർപ്പിക്കേണ്ടി വന്നതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
സംഭവബഹുലമായിരുന്നു ആനയാത്ര. വഴിയരികിൽ കൃഷിയിടങ്ങളൊക്കെ നശിപ്പിച്ച് ഇവർ ഭക്ഷണം കണ്ടെത്തി. വീടുകളിൽ മുട്ടിവിളിച്ചു. കുളങ്ങളിലും ജലാശയങ്ങളിലുമൊക്കെയിറങ്ങി അടിച്ചുകുളിച്ചു. ചെളിവാരിയെറിഞ്ഞു. ഏഴുകോടി രൂപയുടെ കാർഷികവും അല്ലാത്തതുമായ നഷ്ടങ്ങൾ ഇവർ മൂലമുണ്ടായി. ചൈനയിലെ ഇൻഷുറൻസ് കമ്പനികൾക്ക് നാലരക്കോടി രൂപയോളം നഷ്ടം ഈയൊരൊറ്റ യാത്ര മൂലം കൈവന്നു.
രാജ്യാന്തര പ്രശസ്തി കൈവരിച്ച ആനകളുടെ യാത്ര സുരക്ഷിതമാക്കാൻ 25000 പൊലീസ് ഉദ്യോഗസ്ഥരെയും 1500 വാഹനങ്ങളെയും ചൈനീസ് അധികൃതർക്ക് ഏർപ്പെടുത്തേണ്ടി വന്നു. ഇതിനുണ്ടായ നഷ്ടം വേറെ. ആനകൾക്കായി ഭക്ഷണമൊരുക്കാനും സർക്കാർ മുന്നിലുണ്ടായിരുന്നു. കരിമ്പും കടച്ചക്കയും മറ്റുപഴങ്ങളുമൊക്കെ ഇവർ പോയ വഴികളിൽ അവർ വിതറി. ആനകളെ നിരീക്ഷിക്കാനായി ഡ്രോണുകൾ തലങ്ങും വിലങ്ങും പറന്നുനടന്നു. ഇതെല്ലാം ലൈവ്‌സ്ട്രീമിൽ കാണാനായി ലോകമെമ്പാടും കോടിക്കണക്കിന് ആളുകളാണ് കാത്തിരുന്നത്. കുൻമിങ്ങിനു സമീപം കൂട്ടമായി ആനകൾ കിടന്നുറങ്ങുന്ന ചിത്രവും കാനയിൽ വീണ കുട്ടിയാനയെ മുതിർന്നവർ രക്ഷിക്കുന്ന രംഗവും, ഇടയ്ക്ക് തളർന്നു വീണ ഒരു ചെറുപ്പക്കാരൻ ആനയ്ക്കായി കാത്തുനിന്ന് ചിന്നം വിളിച്ചു പ്രോത്സാഹിക്കുന്നതുമൊക്കെ ആളുകളുടെ മനം കവർന്നു.
എന്തിനായിരിക്കാം ആനകൾ ആ യാത്ര ചെയ്തത്. വ്യക്തമായ ഒരുത്തരം ഇനിയും കൈവന്നിട്ടില്ല.
ആനകൾക്കു പ്രസിദ്ധമായ ഇന്ത്യയുടെ അയൽരാജ്യവും ധാരാളം വനമേഖലകളുള്ള രാജ്യവുമാണെങ്കിലും ചൈനയിൽ ആനകളുടെ എണ്ണം വളരെ കുറവാണ്. ആകെ 300 എണ്ണമുണ്ടാകും. അതിനാൽ തന്നെ അതീവസംരക്ഷണം ആവശ്യമുള്ള മൃഗങ്ങളായിട്ടാണ് ഇവയെ കൂട്ടുന്നത്. എന്നിരുന്നാലും ഇവയുടെ താമസ സ്ഥലത്തേക്ക് മനുഷ്യരുടെ കടന്നുകയറ്റം രൂക്ഷമാണെന്ന് അവിടത്തെ പരിസ്ഥിതി പ്രവർത്തകർ പറയുന്നു. വനമേഖലയിൽ നല്ലൊരുഭാഗം റബർ കൃഷിയിടങ്ങളായി മാറിക്കഴിഞ്ഞു. ഇതെല്ലാമാകാം ആനകളെ ഇത്തരമൊരു സാഹസികയാത്രയ്ക്കു പ്രേരിപ്പിച്ചതെന്ന് ഗവേഷകർ കരുതുന്നു.