ADVERTISEMENT

ആതിഥേയ ശരീരത്തിൽ നിന്നു പോഷകങ്ങൾ സ്വീകരിച്ചു ജീവിക്കുന്ന ജീവികളാണ് പാരസൈറ്റ് അഥവാ പരാദം. വെറുതെ ആഹാരം തേടുക മാത്രമല്ല ആതിഥേയ ജീവിയെ കുഴപ്പത്തിലാക്കുകയും ചെയ്യുന്നു. ടോക്സോപ്ലാസ്മ ഗോണ്ടി എന്നത് ഒരു ഏകകോശ പാരസൈറ്റാണ്, ഇത് എലികൾക്ക് പൂച്ചകളോടുള്ള ഭയം ഇല്ലാതാക്കുന്നു, മാത്രമല്ല മാരകമായ ഭക്ഷ്യജന്യ രോഗങ്ങൾക്കും കാരണമാകും. ഇത്തരത്തിൽ വലിയ പ്രശ്നങ്ങളുണ്ടാക്കുന്ന ഈ ജീവിയെ എന്തെങ്കിലും പ്രയോജനകരമായി ഉപയോഗിക്കാനാകുമോ?

നാം കഴിക്കുന്ന വിവിധ മരുന്നുകളെല്ലാം രക്തപ്രവാഹത്തിലേക്ക് എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുന്നതാണ്. ശരീരത്തിലുടനീളം രക്തപ്രവാഹത്തിലേക്കു ഇവ കൊണ്ടുപോകാനാകും, പക്ഷേ മസ്തിഷ്കത്തിലേക്കു മരുന്നെത്തിക്കുകയെന്നത് അത്ര എളുപ്പമല്ല. ബ്ലഡ്–ബ്രെയ്ൻ ബാരിയറാണ് ഈ പ്രവാഹത്തെ തടസപ്പെടുത്തുന്നത്. നാഡീവ്യവസ്ഥയെ ബാധിക്കുന്നതും ജനിതക രോഗങ്ങളുള്ളതുമായ ആളുകളിൽ പ്രവർത്തനരഹിതമായവയ്ക്ക് പകരം വയ്ക്കാൻ കഴിയുന്ന പ്രോട്ടീനുകൾ എത്തിക്കുന്നതിനുള്ള മികച്ച മാർഗങ്ങൾ തേടുകയായിരുന്നു ഗവേഷകർ.  നേച്ചർ മൈക്രോബയോളജിയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം ഈ തടസങ്ങളെല്ലാം മറികടന്നു മസ്തിഷ്കത്തിലേക്കു എത്തിക്കാൻ‌ പരാദഭോജികളെ ഉപയോഗിക്കുന്നതിനെപ്പറ്റിയുള്ള സാധ്യതകളാണ് പറയുന്നത്.

Toxoplasma gondii (Photo:X/@BioTay)
Toxoplasma gondii (Photo:X/@BioTay)

അസംസ്കൃത മാംസം, വേവിക്കാത്ത കക്കയിറച്ചി, കഴുകാത്ത പഴങ്ങൾ, പച്ചക്കറികൾ, പൂച്ചകളുടെ  വിസർ‍ജ്യം അല്ലെങ്കിൽ മലിനമായ മണ്ണ് തുടങ്ങിയ ഭക്ഷണങ്ങളിൽ ശരീരത്തിലേക്കെത്തി രക്ത-മസ്തിഷ്ക തടസ്സം(ബ്ലഡ് ബ്രെയ്ൻ ബാരിയർ) മറികടന്നു തലച്ചോറിലെത്താൻ ഈ ജീവികൾക്കു കഴിയും.മനുഷ്യ മസ്തിഷ്കത്തിൽ തുളച്ചുകയറാനും പ്രത്യുൽപാദനം നടത്താതെ ഒരു പ്രവർത്തനരഹിതമായ അവസ്ഥയിൽ അതിജീവിക്കാനുമുള്ള ഈ പാരസൈറ്റുകളുടെ കഴിവാണ് ഗവേഷകർ ഇത്തരത്തിൽ ജനിതക എൻജിയറിങിന് ഉപയോഗിക്കാൻ കാരണമായത്. ഗവേഷകർ പരാന്നഭോജിയെ ജനിതകമാറ്റം വരുത്തി ദോഷകരമായ ഘടകങ്ങൾക്ക് പകരം ചികിത്സാ പ്രോട്ടീനുകൾ ഉത്പാദിപ്പിക്കുകയും സ്രവിക്കുകയും ചെയ്തു. കോശങ്ങളെ ആക്രമിക്കാതെ തന്നെ സ്പർശിക്കുന്ന മസ്തിഷ്ക കോശങ്ങളിലേക്ക് വലിയ പ്രോട്ടീനുകൾ പമ്പ് ചെയ്യാനും ഇതിന് കഴിയും.

ടെൽ അവീവ് സർവകലാശാലയിലെ ന്യൂറോബയോളജി വിഭാഗത്തിലെയും സഗോൾ സ്‌കൂൾ ഓഫ് ന്യൂറോ സയൻസിലെയും പ്രഫ. ഒഡെഡ് റെച്ചാവിയും അദ്ദേഹത്തിന്റെ പിഎച്ച്ഡി വിദ്യാർഥിയായ ഡോ. ഷഹർ ബ്രാച്ചയും ഇസ്രയേൽ ശാസ്ത്രജ്ഞനും ടോക്സോപ്ലാസ്മ വിദഗ്ധനുമായ പ്രഫ. ലിലാച്ച് ഷൈനറും ചേർന്നാണ് പഠനത്തിന് നേതൃത്വം നൽകിയത്. ഈ സമീപനം വിവിധ ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് ചികിത്സിക്കുന്നതിന് വലിയ പ്രതീക്ഷകൾ നൽകുന്നു. ഒരു പരാദജീവിയെ  മരുന്ന് വിതരണ സംവിധാനമായി ഉപയോഗിക്കുന്നത് സുരക്ഷാ ആശങ്കകൾ ഉയർത്തുന്നു. ഈ പരാന്നഭോജികൾ മനുഷ്യർക്ക് പൂർണമായും ദോഷകരമല്ലെന്നും ആവശ്യമുള്ളപ്പോൾ ചികിത്സ നിയന്ത്രിക്കാനും അവസാനിപ്പിക്കാനും കഴിയുമെന്ന് ഉറപ്പാക്കേണ്ടത് നിർണായകമാണ്.

English Summary:

Mind-Control Parasite Could Hold Key to Brain Disease Treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com