2100ൽ സമുദ്രജീവികളുടെ കൂട്ടവംശനാശം; ഭൂമിയെ തണുപ്പിക്കാൻ ടൺ കണക്കിന് വജ്രപ്പൊടി
Mail This Article
ദശലക്ഷക്കണക്കിന് ടൺ വജ്രപ്പൊടി ഓരോ വർഷവും ഭൂമിയുടെ അന്തരീക്ഷത്തിൽ വിതറുന്നത് ഭൂമിയെ തണുപ്പിക്കുമെന്ന് ഗവേഷണം. സൂര്യനിൽ നിന്നുള്ള വികിരണങ്ങളെ പരമാവധി ചിതറിച്ച് ബഹിരാകാശത്തേക്ക് തിരിച്ചയയ്ക്കുക എന്നതാണ് വജ്രപ്പൊടി ചെയ്യുക. ഇതിനാൽ ഭൂമി പരമാവധി തണുക്കും. സോളർ റേഡിയേഷൻ മാനേജ്മെന്റ് എന്ന പഠനശാഖയുടെ ഭാഗമായിട്ടാണ് ഇത്തരം മാർഗങ്ങളിൽ പലതും മുന്നോട്ടുവയ്ക്കപ്പെടുന്നത്. ബഹിരാകാശ കണ്ണാടികൾ വയ്ക്കുന്നതുപോലുള്ള ആശയങ്ങളും ഇതിൽപെടും. എന്നാൽ അത്യന്തം സങ്കീർണമായ ഈ മാർഗങ്ങളൊക്കെ പ്രാവർത്തികമാണോ എന്നതാണ് ചോദ്യം.
ചൂട് ഓരോ ദിനവും കൂടിവരികയാണെന്നും ഇതിനു തടയിട്ടില്ലെങ്കിൽ ദിനോസറുകൾ അപ്രത്യക്ഷമായതുപോലെ സമുദ്രജീവികളും അപ്രത്യക്ഷരാകുന്ന സ്ഥിതി 2100ൽ വരുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. 78 വർഷത്തിനുള്ളിൽ ലോകം സമുദ്രജീവിവർഗങ്ങളുടെ വൻ കൂട്ടനാശത്തിനെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ശക്തമായ താക്കീതുമായി അമേരിക്കയിലെ ന്യൂജഴ്സിയിലെ ശാസ്ത്രജ്ഞർ ഇടയ്ക്കു രംഗത്തുവന്നിരുന്നു.
ഗ്രേറ്റ് ഡയിങ് എന്നു പേരുള്ള, സമുദ്രജീവികളുടെ ഈ കൂട്ടമരണം സമുദ്ര ഓക്സിജനിലെ കുറവും ആഗോളതാപനവും മൂലമാകും സംഭവിക്കുകയെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. 25 കോടി വർഷങ്ങൾക്കു മുൻപ് ഇത്തരമൊരു സംഭവം ഭൂമിയിൽ നടന്നിരുന്നു. അന്ന് ഭൂമിയിലെ സമുദ്രജീവികളിൽ 95 ശതമാനവും അപ്രത്യക്ഷരായിരുന്നു. ഭൂമിയിലെ മൊത്തം ജീവജാലങ്ങളിൽ 90 ശതമാനവും ഇതിൽപെട്ട് നശിച്ചു. അന്നു ശേഷിച്ച 10 ശതമാനം ജീവികളിൽ നിന്നാണ് ഇന്നത്തെ എല്ലാ ജീവജാലങ്ങളുമുണ്ടായത്. പാൻജിയ എന്ന ഒറ്റ ഭൂഖണ്ഡം മാത്രമാണ് അന്നു ഭൂമിയിൽ ഉണ്ടായിരുന്നത്. പെർമിയൻ ട്രയാസിക് ഇവന്റ് എന്നും ഈ സംഭവം അറിയപ്പെടുന്നു.
ഇതിന്റെ ഒരു പുതിയ വേർഷനാകും 2100ൽ സംഭവിക്കുകയെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു. 6.6 കോടി വർഷങ്ങൾക്കു മുൻപ് സംഭവിച്ച എൻഡ് ക്രെറ്റേഷ്യസ് മാസ് എക്സ്റ്റിങ്ഷൻ ഇവന്റുമായും ഇതിനെ താരതമ്യപ്പെടുത്താം. ദിനോസറുകൾ പൂർണമായും അപ്രത്യക്ഷരായ സംഭവമായിരുന്നു ഇത്. ഛിന്നഗ്രഹം വീണതിനെ തുടർന്നാണ് ഇതു സംഭവിച്ചതെന്നാണു കരുതപ്പെടുന്നത്.
എന്നാൽ ആഗോളതാപനത്തിന്റെ തോത് കുറയ്ക്കാനുള്ള ശ്രമം മനുഷ്യർ ഇപ്പോൾ മുതൽ തുടങ്ങിയാൽ ഇങ്ങനെയൊരു കൂട്ടവംശനാശം ഉണ്ടാകാനുള്ള സാധ്യത 70 ശതമാനത്തോളം കുറയും. കാർബൺ ഡയോക്സൈഡ് പുറത്തുവിടുന്നത് കഴിയുന്നത്ര ശ്രദ്ധിക്കാൻ ലോകരാജ്യങ്ങളും സ്ഥാപനങ്ങളും തയാറാകണമെന്ന് പഠനത്തിനു നേതൃത്വം വഹിച്ച ഗവേഷകനായ ജസ്റ്റിൻ പെൻ പറയുന്നു.
ഭൂമിയിൽ 5 കൂട്ട വംശനാശമുണ്ടായിട്ടുണ്ടെന്നും ആറാം കൂട്ടവംശനാശത്തിന്റെ പടിവാതിൽക്കലാണ് ഇപ്പോഴത്തെ ലോകമെന്നും മുൻപ് മയാമി സർവകലാശാലയിലെ ശാസ്ത്രജ്ഞർ പഠനത്തിലൂടെ പ്രസ്താവിച്ചിരുന്നു. നേരത്തെയുള്ള 5 കൂട്ട ജീവിവംശനാശങ്ങളും പ്രകൃതിപരമായ കാരണങ്ങൾ കൊണ്ടായിരുന്നു. എന്നാൽ ആറാം കുട്ടവംശനാശം പൂർണമായും മനുഷ്യപ്രവർത്തനങ്ങൾ കൊണ്ടായിരിക്കുമെന്നും മയാമി സർവകലാശാലാ ശാസ്ത്രജ്ഞർ പറഞ്ഞിരുന്നു. റോബർട് കോവി എന്ന ശാസ്ത്രജ്ഞനായിരുന്നു ഈ പഠനത്തിനു നേതൃത്വം വഹിച്ചത്.1500 മുതലുള്ള കാലയളവിൽ രണ്ടരലക്ഷത്തോളം സ്പീഷീസുകൾ ഭൂമിക്ക് കൈമോശം വന്നിട്ടുണ്ടെന്ന് റോബർട് കോവി പഠനത്തിലൂടെ തെളിയിച്ചു. ഭൂമിയിൽ ആകെ 20 ലക്ഷം സ്പീഷീസുകളാണ് മനുഷ്യർക്ക് അറിയാവുന്നതായി ഉള്ളത്.