ഉടമ മരിച്ചു, രണ്ട് വർഷം ശവകുടീരത്തിനരികിൽ നായ; മരണവക്കിൽ നിന്നും രക്ഷ
Mail This Article
ഏറ്റവും സ്നേഹമുള്ള അരുമയേതെന്ന് ചോദിച്ചാൽ ആദ്യം മനസ്സിൽ വരുന്നത് നായ ആയിരിക്കും. മരണശേഷവും ഉടമയെ കാത്തിരുന്ന നിരവധി നായകളുടെ കഥകൾ നമുക്കറിയാവുന്നതാണ്. അതുപോലൊരു സംഭവം ചൈനയിലും നടന്നു. മരിച്ചുപോയ തന്റെ ഉടമയുടെ ശവകുടീരത്തിനരികിൽ രണ്ട് വർഷത്തിലധികമാണ് ഒരു നായ ചെലവഴിച്ചത്. ഭക്ഷണവും പരിചരണവുമില്ലാതെ വന്നതോടെ രോഗാവസ്ഥയിലേക്ക് കടന്ന നായയെ ഒരു മൃഗസ്നേഹി രക്ഷപ്പെടുത്തുകയായിരുന്നു.
ഇൻഫ്ലുവൻസറും ജിയാങ്സി പ്രവിശ്യയിലെ തെരുവുനായകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന യുവാവ് ആണ് നായയ്ക്ക് താങ്ങായി എത്തിയത്. @ganpojiege എന്ന പേരിൽ ചൈനീസ് സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്ന ഇയാൾ 2022ലാണ് നായയെ ദത്തെടുക്കുന്നത്. ഇയാൾ തെരുവുനായകൾക്കായി ഷെൽട്ടർ ആരംഭിച്ചിട്ടുണ്ട്. നായയ്ക്ക് വിധേയത്വമുള്ളവൻ എന്ന് അർഥം വരുന്ന ‘സോങ്ബാവോ’ എന്ന പേര് നൽകി.
മുൻപ് പലരും നായയെ ദത്തെടുക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും നായ ശവകുടീരത്തിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. നാട്ടുകാർ പലപ്പോഴായി നൽകുന്ന ഭക്ഷണം കൊണ്ടാണ് സോങ്ബാവോ ജീവൻ നിലനിർത്തിയത്. ഷാങ്ഹായിലുള്ള ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം സോങ്ബാവോ പൂർണ ആരോഗ്യവാനായെന്ന് ഷെൽട്ടർ ഉടമ പറയുന്നു. ഇപ്പോൾ നൂറിലധികം നായകൾക്കൊപ്പമാണ് സോങ്ബാവോ വസിക്കുന്നത്.