ADVERTISEMENT

വല്ലാതെ തണുപ്പുള്ള ചില രാത്രികളിൽ നമുക്ക് പെട്ടെന്ന് കയറാനുള്ള കൂടായിരുന്നു അത്. പട്ടാളത്തിൽ നിന്ന് ചിറ്റപ്പനോ ഉപ്പാപ്പനോ കൊണ്ടുവന്നതാകും. മുത്തശ്ശിയുടെ കമ്പിളി എന്ന ഊഷ്മള ലോകത്തേക്ക് ഉരുണ്ടുകയറാനുള്ള ആ സ്വാതന്ത്ര്യത്തിന്റെ പേരായിരുന്നു വാത്സല്യം. പിന്നെ കെട്ടിപ്പിടിച്ചൊരു ഉറക്കമാണ്. തലേന്നേ കൂട്ടിയിട്ട കരിയിലയ്ക്കു തീയിട്ട ശേഷം മുത്തച്ഛൻ പുലർച്ചേ വിളിക്കും. ചുട്ട കപ്പയോ ശീമച്ചേമ്പോ ഊതി ഊതി ചൂടാറ്റി തരും. ആ നെഞ്ചിലെ ചൂടിനോട് ചേർന്നാൽ ശൈത്യം തോറ്റോടും. പുതച്ചുമൂടിയ കൈകൾ ഇതിനിടെ ചക്കരകാപ്പിയുമായി എത്തും. പുറത്ത് കുളിര് കോരിയിട്ട് ക്രിസ്മസ്. മറുവഴിയേ കറുപ്പു പുതച്ച് കാൽനടയായി മാമലകൾ തേടുന്ന സ്വാമിയേ, അയ്യപ്പാ എന്ന നിശബ്ദതാളങ്ങൾ. കാവിയിലും കറുപ്പിലും പരിത്യാഗികളുടെ കാൽപ്പെരുമാറ്റം. 

കല്ലിനും മുള്ളിനും നോവാതെയുള്ള ചുവടുകൾ. ഇരുട്ടും നിശബ്ദതയും കൂട്ടിതയിച്ച് മൂടിപ്പുതച്ച് ഉറങ്ങുന്ന ഗ്രാമങ്ങളെ ഉണർത്തി പൊന്മലനമ്മുടെ പുണ്യമല... പോലെയുള്ള ഗാനങ്ങൾ. പൂർവികർ കടന്നുപോയിട്ടും കമ്പിളിക്കുള്ളിൽ അവരുടെ സ്വപ്നവും ഗന്ധവും തങ്ങിനിന്നു. പിൻതലമുറകൾ ആ നിശ്വാസച്ചൂടിനുള്ളിൽ സുഖമായുറങ്ങിക്കൊണ്ടേയിരുന്നു. അന്ന് വയനാട്ടിലും ഹൈറേഞ്ചിലും കിടുകിടാ.... തമ്പേറിനൊപ്പം താടികൾ കൂട്ടിയിടിക്കുന്ന ഡിസംബർ. പുഴക്കടവുകൾക്ക് മീതേ പുലരിയുടെ മൂടുപടം. തലേന്നു രാത്രി കൊഴിഞ്ഞ സ്വപ്നം പോലെ പുഴയിലൂടെ ഒഴുകിയെത്തുന്ന ആറ്റുവഞ്ചിപ്പൂക്കൾ. 

മലനിരകളെ മറച്ച് ധനുമാസത്തിന്റെ കമ്പളം. സ്കൂളിൽ പോകണം. പക്ഷെ പുഴയിൽ ഇറങ്ങാൻ മടി. പിന്നെ കണ്ണടച്ച് വെള്ളത്തിലേക്ക്. തിരികെ കയറുമ്പോൾ പമ്പയും മീനച്ചിലുമൊക്കെ കടന്ന് കുളിര് അതിന്റെ വഴിക്കു പോകും. കാരൾ രാത്രികളിലും ഇതേപ്രശ്നമാണ്. പാതിരാക്കുളിരിലേക്കു ജനിച്ചു വീണ ശിശുവായി ഓരോ മനുഷ്യരും മാറും. നവംബറിനെ കീഴടക്കി വൃശ്ചിക മൂടൽ എത്തുന്നതോടെയാണ് വർഷാന്ത്യസന്ധ്യകളുടെ തിരി തെളിയുക. തുലാമഴയുടെ പ്രഭാവം മങ്ങും. പിന്നെ ധനുമാസമാണ്. തെളിഞ്ഞ ആകാശത്ത് വ്യാഴവും ശുക്രനുമൊക്കെ വിദ്വാന്മാർക്കു മാത്രമല്ല രാത്രിയിരുട്ടിൽ നമുക്കു പോലും വഴികാണിക്കും. ആരും വാനനിരീക്ഷകരായി പോകുന്ന മാസം.

കുളിര് നഷ്ടപ്പെട്ട് ഡിസംബർ

ഡിസംബറിന്റെ നഷ്ടം എന്താണെന്ന് ഡിസംബ‍ർ പോലും അറിയുന്നില്ല. കേരളത്തിൽ ഇപ്പോൾ ഡിസംബർ മാസത്തിൽ കാര്യമായ തണുപ്പ് അനുഭവപ്പെടുന്നില്ല. കഴിഞ്ഞ ഒരു ദശകമായി കാലാവസ്ഥാ മാറ്റവും ആഗോള താപനവുമൊക്കെ ചേർന്ന് നമ്മുടെ ക്രിസ്മസ് കാലത്തിന്റെ കിടുകിടാനന്ദം അപഹരിച്ചു.

munnar-winter-season
മൂന്നാർ

ഡിസംബർ പകുതിയായിട്ടും ശൈത്യം പുതപ്പു നീക്കി പുറത്തു വരാത്തതിന്റെ ഒരു കാരണം നീണ്ടു നിൽക്കുന്ന തുലാമഴക്കാലം തന്നെ. മഴയും മഞ്ഞും ശത്രുക്കളാണ്. ചേർന്നു പോകില്ല. ക്രിസ്മസിന്റെ നാടായ ബത്‌ലഹമിലും മറ്റും മഴയല്ല മണ്ണിനെ നനയ്ക്കുന്നത് മഞ്ഞാണ്. മരുഭൂമിയെ അസ്ഥികൾ പൂക്കുന്ന താഴ്‌വരയാക്കി മാറ്റുന്നത് മഞ്ഞാണ്. ഈർപ്പം ഒപ്പിയെടുത്താണ് മരുസസ്യങ്ങൾ പച്ചപിടിക്കുന്നത്.

ഡൽഹിയിൽ അതിശൈത്യം എത്തി; 4.5 ഡിഗ്രി വിറയൽ

ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും അതിശൈത്യം പിടിമുറുക്കി. ഡൽഹിയിൽ കഴിഞ്ഞ 3 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനില വ്യാഴാഴ്ച രേഖപ്പെടുത്തി–4.5 ഡിഗ്രി സെൽഷ്യസ്. എന്നാൽ കേരളത്തിൽ പകൽ താപനില ഇപ്പോഴും 33 മുതൽ 35 ഡിഗ്രി വരെയും രാത്രി താപനില 22 മുതൽ 25 വരെയുമാണ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം പിൻമാറുന്നതോടെ അടുത്തയാഴ്ച ആകാശം തെളിയുകയും തണുപ്പ് നേരിയ തോതിൽ രംഗപ്രവേശം ചെയ്യും.

ധനുമാസം തിങ്കളാഴ്ച തുടങ്ങുന്നതോടെ ആകാശം തെളിയും. പകൽ നല്ല വെയിലും രാത്രി തെളിഞ്ഞ ആകാശവും. തണുപ്പും മെല്ലെ പടികടന്ന് എത്തിയേക്കാം.

മൂന്നാറിൽ കഴിഞ്ഞ ദിവസം രാത്രിതാപം 17 ഡിഗ്രിയായിരുന്നു. ശൈത്യം ഇതുവരെ എത്തിയിട്ടില്ലെന്നതിന്റെ സൂചന. ജനുവരിയോടെ മൂന്നാറിലെ പർവത നിരകളിൽ ശൈത്യം പിടിമുറുക്കും. രാത്രികൾ മൈനസിലേക്കു വഴുതി മ‍ഞ്ഞുവീഴും.

English Summary:

Climate Change Steals Kerala's Winter Chill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com