എട്ട് വർഷം മുന്പ് അരുമയെ കാണാതായി; തിരച്ചിൽ പരാജയം: തിരിച്ചുനൽകിയത് അപ്രതീക്ഷിത ഫോൺകോൾ

Mail This Article
വീട്ടിലെ അംഗമെന്ന രീതിയിൽ വളർത്തുമൃഗങ്ങളെ വളർത്തുന്നവർക്ക് അവരുടെ വേർപാട് വലിയ വേദനയായിരിക്കും. അങ്ങനെയൊരു വിഷമത്തിലൂടെ എട്ട് വർഷം കടന്നുപോയ വ്യക്തിയാണ് അരിസോണയിലുള്ള പോൾ ഗിൽബിയട്ട്. ഒരു യാത്രയ്ക്കിടെ നഷ്ടമായ അരുമയെ എട്ട് വർഷത്തിനു ശേഷം ഓക്‌ലഹോമയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
2017ൽ മസാച്യുസെറ്റ്സിൽ നിന്നും അരിസോണയിലുള്ള തങ്ങളുടെ വീട്ടിലേക്ക് പോകുന്നതിനിടെ ഒാക്‌ലഹോമ സിറ്റിയിൽ വാഹനം നിർത്തിയിരുന്നു. ഈ സമയത്താണ് ഗിൽബിയട്ടിന്റെ വളർത്തുനായ ഡാമിയന്‍ പുറത്തേക്ക് ഓടിയത്. ഒരാഴ്ച കുടുംബം നായയെ തിരഞ്ഞ് ഓക്‌ലഹോമയിൽ തന്നെ തുടർന്നു. നായയെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടെങ്കിലും പ്രയോജനമുണ്ടായില്ല. തങ്ങൾ വഴക്കുപറഞ്ഞതിൽ വേദനിച്ചതുകൊണ്ടോ ഭയന്നതുകൊണ്ടോ പോയതാകാമെന്ന് അവർ കരുതി. അന്വേഷണം അവസാനിപ്പിച്ച് അവർ അരിസോണയിലേക്ക് പോയി.

2025 ജനുവരി 15ന് കാട്ടുതീയിൽ ദുരിതമനുഭവിക്കുന്നവർക്ക് വസ്ത്രങ്ങൾ നൽകാനായി ലൊസാഞ്ചലസിലേക്ക് പോകുന്നതിനിടെ ഗിൽബിയട്ടിന് ഫോൺ വന്നു. ഡാമിയനെ കണ്ടെത്തിയിരിക്കുന്നു. ഒാക്‌ലഹോമ സിറ്റിയിലൂടെ പോകുന്നതിനിടെ ഡോണ ബെന്റ്ലി എന്ന യുവതിയുടെ കാറിനുമുന്നിൽ ചാടുകയായിരുന്നു ഡാമിയൻ. പരുക്കേറ്റ നായയെ ആശുപത്രിയിലെത്തിക്കുകയും പരിശോധനയിൽ ശരീരത്തിൽ മൈക്രോ ചിപ്പ് കണ്ടെത്തുകയും ചെയ്തു. ഇത് പരിശോധിച്ചപ്പോഴാണ് പോൾ ഗിൽബിയട്ട് ആണ് ഉടമസ്ഥനെന്ന് അറിഞ്ഞത്.
ഡാമിയനെ തിരിച്ചുകൊണ്ടുപോകാനായി ഗിൽബിയട്ട് ഓക്‌ലഹോമിൽ എത്തി. എട്ട് വർഷം കഴിഞ്ഞിട്ടും ഡാമിയൻ തന്റെ ഉടമയെ തിരിച്ചറിയുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു. ഇരുവരും അരിസോണയിലേക്ക് തിരിച്ചുപോയി.