മഞ്ഞു പുതച്ച് സഹാറ മരുഭൂമി; വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങൾ!

ലോകത്തിലെ ഏറ്റവും വലിയ മരുഭൂമികളിലൊന്നായ സഹാറയും ഒടുവിൽ മഞ്ഞു പുതച്ചു. 40 വർഷത്തിനിടയിൽ ഇത് മൂന്നാം തവണയാണ് സഹാറ മരുഭൂമിയിൽ മഞ്ഞു പെയ്യുന്നത്. കടുത്ത ശീതക്കാറ്റാണ് സഹാറയിലെ മഞ്ഞു വീഴ്ചയ്ക്കു പിന്നിൽ.

സഹാറ മരുഭൂമിയുടെ ഹൃദയഭാഗത്ത് 16 ഇഞ്ച് മഞ്ഞുവീഴ്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചുറ്റും ചുവന്ന മണൽ നിറഞ്ഞ അൾജീരിയയിലെ ഏയ്ൻ സെഫ്റാ നഗരം പൂർണമായും മഞ്ഞുമൂടിക്കഴിഞ്ഞു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മഞ്ഞുവീഴ്ച കൂടുതലാണ്.കടുത്ത ശൈത്യം നേരിടുന്ന യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ശീതക്കാറ്റാണ്  മരുഭൂമിയിലെ മ‍ഞ്ഞുവീഴ്ചയ്ക്കു പിന്നിലെന്നാണ് കാലാവസ്ഥാ ഗവേഷകരുടെ നിഗമനം.

ലോകത്തിലെ ഏറ്റവും ചൂടുകൂടിയ മരുഭൂമിയിലെ മഞ്ഞു വീഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കഴിഞ്ഞ വർഷവും സഹാറയിൽ മഞ്ഞുവീഴ്ച രേഖപ്പെടുത്തിയിരുന്നു.നിരവധിയാളുകളാണ് സഹാറയിലെ മഞ്ഞുവീഴ്ച നേരിട്ടു കാണാനും ചിത്രങ്ങൾ പകർത്താനുമായി ഇവിടെയെത്തുന്നത്.