Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുങ്ങിത്താഴുന്ന ഇന്തോനീഷ്യന്‍ തീരം; ഭീതിയോടെ ജനങ്ങൾ

indonesia

ഇന്തോനീഷ്യയിലെ തീരദേശ ജനത വലിയൊരു കുടിയിറക്കു ഭീഷണിയിലാണ്. മനുഷ്യനിര്‍മ്മിതമാണെങ്കിലും ഇവരുടെ കിടപ്പാടം മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരെ തകര്‍ത്ത് ഇവരെ തുരത്തുന്നത് മനുഷ്യരല്ല, കടലാണ്. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ആഘാതത്തില്‍ കടല്‍നിരപ്പുയരുമ്പോള്‍ വൈകാതെ പ്രതിസന്ധിയിലാകാന്‍ പോകുന്ന കോടിക്കണക്കിന് ആളുകളിലെ ആദ്യ ഇരകളാണ് ഇന്തോനീഷ്യയിലെ ഈ തീരദേശ വാസികള്‍.

ഇന്തോനേഷ്യയിലെ തീരദേശ നഗരങ്ങളായ ജീവയിലും ജക്കാര്‍ത്തയിലും ഡെമകിലുമെല്ലാം കടല്‍ക്ഷേഭത്തിന്റെ ആഘാതം ജനങ്ങള്‍ ദിവസേന അനുഭവിക്കുകയാണ്. വേലിയേറ്റ സമയത്ത് അതുവരെ ഏതാനും കിലോമീറ്റര്‍ അകലെയായിരുന്ന കടല്‍ കയറി ഇതുവരെ എത്താത്തത്ര ദൂരം ഉള്ളിലേക്കെത്തുകയാണ്. മുന്‍പ് സുരക്ഷിതമായ പ്രദേശമെന്നു കരുതി വീടുകള്‍ വച്ച പ്രദേശങ്ങളിലെല്ലാം ഇന്ന് സ്ഥിരമായി കടല്‍വെള്ളമെത്തുന്നു. വീടുകളില്‍ തന്നെ വലിയ കോണ്‍ക്രീറ്റ് തട്ടുകളുണ്ടാക്കിയാണ് ഇപ്പോള്‍ ജനങ്ങള്‍ ടിവിയും ഫ്രിഡ്ജും മുതല്‍ അലമാരയും കട്ടിലും വരെ സൂക്ഷിക്കുന്നത്.

indonesia

ഈ നഗരങ്ങളുടെയെല്ലാം ഏതാണ്ട് 40 ശതമാനത്തോളം കടല്‍നിരപ്പിനു താഴെയുള്ള പ്രദേശങ്ങളാണ്.  കടല്‍നിരപ്പുയര്‍ന്ന് വെള്ളം കയറുന്നതു തടയാന്‍ മണ്‍ചാക്കുകളും കോണ്‍ക്രീറ്റ് മതിലും പാറക്കെട്ടകളും നിര്‍മ്മിച്ചിട്ടുണ്ടങ്കിലും കടല്‍ക്ഷോഭം വർധിച്ചതോടെ ഇവ പര്യാപ്തമല്ലാതെ വന്നിരിക്കുകയാണ്. ഇപ്പോള്‍ത്തന്നെ വീട് നഷ്ടപ്പെട്ട ഒട്ടനവധി പേര്‍ നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളില്‍ അനധികൃതമായി കുടില്‍ കെട്ടി താമസിക്കുകയാണ്. സ്ഥിരമായി കടല്‍വെള്ളമെത്തുന്നതോടെ ദുര്‍ബലമായ വീടുകളില്‍ നിന്ന് പലരും താമസം മാറാന്‍ വിസമ്മതിക്കുന്നുമുണ്ട്. ഈ വീട് വിട്ടാല്‍ മറ്റെവിടേക്കു പോകുമെന്ന ആശങ്കയാണ് ഇവര്‍ പങ്കു വയ്ക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ കണ്ടല്‍ക്കാടുള്ള മേഖലയായരുന്നു ഇന്തോനേഷ്യ. ഇന്ന് ഇവടെ ശേഷിക്കുന്നത് മുപ്പതിനായിരം ഹെക്ടര്‍ കണ്ടല്‍ വനം മാത്രമാണ്. കണ്ടലുകള്‍ കൃഷിക്കും താമസസ്ഥലങ്ങള്‍ക്കും വേണ്ടി നശിപ്പിച്ചില്ലായിരുന്നുവെങ്കിൽ ഒരു പരിധി വരെ കടലാക്രമണത്തെ തടഞ്ഞു നിര്‍ത്താന്‍ കഴിഞ്ഞേനെ. എന്നാല്‍ അൽപം കൂടി കഴിയുന്നതോടെ ഒന്നിനും തടഞ്ഞു നിര്‍ത്താനാവാത്ത വിധത്തില്‍ കടല്‍നിരപ്പുയരുമെന്നും കടലാക്രമണം വർധിക്കുമെന്നും ഉറപ്പാണ്. പ്രത്യേകിച്ചും ധ്രുവപ്രദേശങ്ങളിലെ മഞ്ഞിന്റെ അളവ് റെക്കോര്‍ഡ് നിലയില്‍ കുറവു രേഖപ്പെടുത്തുന്നതോടെ.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ആഘാതങ്ങളില്‍ ഏറ്റവും നിര്‍ണ്ണായകം കടലെടുക്കുന്ന തീരപ്രദേശങ്ങളാണ്. കോടിക്കണക്കിന് ആളുകളുടെ കിടപ്പാടവും വാസസ്ഥലവും ഇല്ലാതാക്കാനും ലോകം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹത്തിന് കാരണമാകാനും ഈ മാറുന്ന കാലാവസ്ഥയ്ക്കു കഴിയും. കടല്‍നിരപ്പില്‍ നിന്ന് അധികം ഉയരത്തിലല്ലാതെ സ്ഥിതി ചെയ്യുന്ന ഭൂമധ്യരേഖാപ്രദേശത്തുള്ള രാജ്യങ്ങള്‍ക്കും ദ്വീപുകള്‍ക്കുമാണ് തുടക്കത്തില്‍ ഈ കടല്‍ ക്ഷോഭങ്ങളുടെ പ്രത്യാഘാതം നേരിടേണ്ടിവരിക.