വടക്കേ ഇന്ത്യയിലെ ശക്തമായ പൊടിക്കാറ്റിനു പിന്നിൽ?

ലൂ എന്നാണ് വടക്കേ ഇന്ത്യയില്‍ വേനല്‍ക്കാലത്ത് പതിവായി വീശുന്ന പൊടിക്കാറ്റിന്റെ പേര്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വടക്കേ ഇന്ത്യയില്‍ ആഞ്ഞടിക്കുന്ന പൊടി കൊടുങ്കാറ്റിനു പിന്നില്‍ ലൂ എന്ന പ്രതിഭാസം മാത്രമല്ലെന്നാണ് ഗവേഷകരുടെ വിശദീകരണം. വര്‍ഷം തോറും ശക്തി കൂടി വരുന്ന ഈ പൊടി കൊടുങ്കാറ്റിന് പിന്നില്‍ കാലാവസ്ഥാ വ്യതിയാനത്തിന് നിര്‍ണ്ണായക പങ്കുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍. സര്‍ക്കാര്‍ ഏജന്‍സികളും സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളും ലോക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവുമെല്ലാം ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത് സമാനമായ നിലപാടാണ്.

ലൂ എന്നറിയപ്പെട്ടിരുന്ന കാറ്റില്‍ നിന്ന് വ്യത്യസ്തമാണ് ഇപ്പോള്‍ വടക്കേ ഇന്ത്യയില്‍ വീശുന്ന കാറ്റ്. കാറ്റ് വീശുന്ന ദിവസങ്ങളുടെ എണ്ണവും കാറ്റിന്റെ വേഗതയും നാള്‍ക്കുനാള്‍ വർധിച്ചു വരുന്നുണ്ട്.മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയിലാണ് ഇപ്പോള്‍ കാറ്റു വീശുന്നത്.  2070 ആകുമ്പോഴേക്കും ഇപ്പോള്‍ വീശുന്നതിലും നൂറ് മടങ്ങ് അധികം തവണ വടക്കേ ഇന്ത്യയില്‍ ഈ പൊടിക്കാറ്റ് വീശുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ കണക്കു കൂട്ടുന്നു. ഇത് ഇന്ത്യയില്‍ മാത്രമല്ല സഹാറയിലും, മധ്യ പടിഞ്ഞാറൻ അമേരിക്കയിലും സംഭവിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

ചൂട് വർധിക്കുമ്പോള്‍ മര്‍ദ്ദം കുറഞ്ഞ് വായു വേഗത്തില്‍ ഉയര്‍ന്നു നീങ്ങുന്നതാണ് വേനല്‍ക്കാലത്തെ പൊടിക്കാറ്റിനു കാരണമാകുന്നത്. ആഗോളതാപനം എത്തിയതോടെ ഭൂമിയുടെ പ്രതലത്തിലെ ചൂട് ക്രമാതീതമായി വർധിച്ചു. ഇതോടെയാണ് വീശുന്ന പൊടിക്കാറ്റിന്റെ എണ്ണവും വേഗതയും കൂടിയത്. ഇതോടൊപ്പം ഇതുണ്ടാക്കുന്ന നാശനഷ്ടത്തന്റെ വ്യാപ്തിയും കൂടി. പൊടിക്കാറ്റിനെ തുടര്‍ന്ന് ഇതുവരെ ഉത്തരേന്ത്യയില്‍ ഏതാണ്ട് മുന്നൂറോളം പേരാണ് കൊല്ലപ്പെട്ടത്. ഒന്നര പതിറ്റാണ്ട് മുന്‍പ് പൊടിക്കാറ്റില്‍ വ്യാപകമായ മരണം സംഭവിക്കുകയെന്നത് കേട്ടുകേള്‍വി ഇല്ലാത്ത കാര്യമായിരുന്നു.

ആളുകള്‍ മരിക്കുന്നതിനൊപ്പം തന്നെ കൃഷി നാശം ഉള്‍പ്പടെ വ്യാപകമായ നാശനഷ്ടങ്ങളും പൊടിക്കാറ്റ് വരുത്തി വയ്ക്കുന്നുണ്ട്. ഈ നാശനഷ്ടങ്ങളും വരും കാലങ്ങളില്‍ വർധിക്കുകയേയുള്ളൂ എന്നും സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് എന്ന എന്‍ജിഒയിലെ ഗവേഷകനായ ചന്ദ്ര ഭൂഷണ്‍ പറയുന്നു. 

മറ്റേതു പ്രകൃതി ദുരന്തത്തേക്കാളും ഇന്ത്യയില്‍ ഇന്ന് ഏറ്റവുമധികം നാശനഷ്ടമുണ്ടാക്കുന്നത് വേനല്‍ക്കാലത്തെ പൊടിക്കാറ്റാണ്. ഇക്കാര്യത്തില്‍ പശ്ചിമബംഗാളില്‍ നിന്ന് വീശുന്ന ചുഴലിക്കാറ്റിനെയും കാലവര്‍ഷത്തെയുമെല്ലാം പൊടിക്കാറ്റ് മറികടന്നിരിക്കുകയാണ്. പൊടിക്കാറ്റിനൊപ്പം ഉണ്ടാകുന്ന ശക്തമായ ഇടിമിന്നലുകളാണ് ഈ പ്രതിഭാസത്തെ തുടര്‍ന്നുണ്ടാകുന്ന മരണങ്ങളുടെ പ്രധാന ഉത്തരവാദി. ഈ പ്രതിഭാസങ്ങള്‍ തടയുകയെന്നത് അസാധ്യമാണെങ്കിലും ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കിയും ജനങ്ങളെ ബോധവൽക്കരിച്ചും അപകടം പരമാവധി കുറയ്ക്കുക എന്നതാണ് അധികൃതര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം.