‘രക്തമഴ’ റഷ്യയിലും; ഒടുവിൽ സംഭവിച്ചത്!

ബിസി 191: റോമൻ സെനറ്റിനു മേൽ ഭീതിയുടെ ചുവപ്പൻ ‘ആകാശപ്പരവതാനി’ വിരിച്ചിരിക്കുകയാണ് ഒരു അദ്ഭുത പ്രതിഭാസം. ആകാശത്തു നിന്നു ‘രക്തമഴ’ പെയ്തിരിക്കുന്നു! എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു നിന്ന ഭരണാധികാരികൾക്കു പുരോഹിതന്മാരാണ് ഒരു വഴി പറഞ്ഞു കൊടുത്തത്. റോമക്കാരിൽ ചിലരെ തിരഞ്ഞെടുത്ത് ദൈവങ്ങൾക്കു ബലി കൊടുക്കുക. കുട്ടികളാകരുത്,  പൂർണ വളർച്ചയെത്തിയവരെ വേണം ബലി നൽകാൻ. ഏതു ദൈവത്തിനെന്നറിയാത്തതിനാൽ എല്ലാ ദൈവങ്ങള്‍ക്കു മുന്നിലും ബലി സമർപ്പിക്കാനായിരുന്നു നിർദേശം. അന്ന് ആകാശത്തു നിന്നു രക്തമഴ പെയ്തപ്പോൾ ഭൂമിയിലും യഥാർഥ രക്തപ്പുഴയൊഴുകുകയായിരുന്നു. 

നാസ എർത്ത് ഒബ്സർവേറ്ററിയാണ് നൂറ്റാണ്ടുകൾക്കു മുൻപുള്ള ഫലകങ്ങളിൽ നിന്നു കണ്ടെത്തിയ ഈ അവസ്ഥയെപ്പറ്റി ഒരിക്കൽ പറഞ്ഞത്. എന്നാൽ അന്ന് അത്രയേറെ ജീവൻ ബലി കൊടുത്തിട്ടും കാര്യമുണ്ടായില്ലെന്നതാണു സത്യം. ഇന്നും ആകാശത്തു നിന്നു ‘രക്തമഴ’ പെയ്തുകൊണ്ടേയിരിക്കുന്നു. കേരളത്തിൽപ്പോലും ഒരിക്കൽ ചുവപ്പുമഴ പെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന വാർത്ത റഷ്യയിൽ നിന്നാണ്. സൈബീരിയൻ നഗരമായ നോറിൽസ്കിലെ ഒരു ഫാക്ടറിയുടെ പാർക്കിങ് ലോട്ടിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിന്മേലാണു ചുവപ്പൻ മഴ പെയ്തിറങ്ങിയത്. 

ഒരു ലക്ഷത്തോളം പേർ താമസിക്കുന്ന ടൗണാണ്. തുടക്കത്തിൽ ആരും അറിഞ്ഞില്ല. പാർക്കിങ് സെന്ററിലെ തറനിറയെ ചുവപ്പു വെള്ളം കണ്ടാണ് ചിലർ വാഹനത്തിന്റെ ചില്ലു പരിശോധിച്ചത്. വൈപ്പറിട്ടപ്പോൾ ദാ നല്ല ചുകപ്പൻ വെള്ളം ചിതറിത്തെറിക്കുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും ചിലർ പകർത്തി. സമൂഹമാധ്യമങ്ങളിലെല്ലാം ‘രക്തമഴ’യുടെ ചിത്രങ്ങളും വിഡിയോകളും വൈറലായി. ലോകാവസാന സമയത്തു രക്തമഴ പെയ്യുമെന്ന ബൈബിൾ വചനങ്ങൾ വരെ പലരും ഉപയോഗിച്ചു തുടങ്ങി. ഒരു പ്രേതസിനിമ പോലെ ഭീകരമായ കാഴ്ച എന്നായിരുന്നു ചിലരുടെ ട്വീറ്റുകൾ. എന്നാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന മഴയല്ല ഇതെന്ന അറിയിപ്പുമായി വൈകാതെ തന്നെ ആരോഗ്യപ്രവർത്തകരെത്തി. 

സാധാരണ ഗതിയിൽ ഇത്തരം മഴയ്ക്കു നാസ തന്നെ ഒരു വിശദീകരണം നൽകിയിട്ടുണ്ട്. സഹാറ മരുഭൂമിയിൽ നിന്നുള്ള പൊടിക്കാറ്റ് യൂറോപ്പിനും മെഡിറ്ററേനിയൻ പ്രദേശങ്ങൾക്കും മുകളിലെത്തുന്നതു പതിവാണ്. മഴമേഘങ്ങൾക്കൊപ്പം ഈ പൊടിക്കാറ്റു കൂടി ചേരുന്നതോടെ പെയ്യുന്ന മഴയുടെയും നിറം മാറും. എന്നാല്‍ ഫാക്ടറിയുടെ പാർക്കിങ് ലോട്ടിലെ വാഹനങ്ങൾക്കു മേൽ മാത്രമേ ‘രക്തമഴ’ പെയ്തുള്ളൂ. ഇതിനെപ്പറ്റി അന്വേഷിക്കാമെന്ന് ഫാക്ടറി അധികൃതർ മാധ്യമങ്ങളോടു വ്യക്തമാക്കുകയും ചെയ്തു. 

നോർനിക്കൽ കമ്പനിക്കു കീഴിലെ നദേസ്ഡിൻസ്കി നിക്കൽ–കോപ്പർ പ്രോസസിങ് പ്ലാന്റിനോടു ചേർന്നായിരുന്നു ഈ മഴ പെയ്തത്. വൈകാതെ തന്നെ കമ്പനി വാർത്താക്കുറിപ്പിറക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ച ഫാക്ടറി മൊത്തമായി വൃത്തിയാക്കലായിരുന്നു. അവിടെ തറയിലും മേൽക്കൂരയിലുമായി അടിഞ്ഞു കൂടിയ അയൺ ഓക്സൈഡ്(തുരുമ്പ്) ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. ഈ പൊടിയെല്ലാം ഒരിടത്തു കൂട്ടിയിടുകയും ചെയ്തു. എന്നാൽ അവ മൂടിയിടാൻ ഫാക്ടറി ജീവനക്കാരിലൊരാൾ മറന്നു. അതിനിടെയാണു കഴിഞ്ഞ ദിവസം ശക്തമായ കാറ്റോടു കൂടിയ മഴ പെയ്തത്. ആ കാറ്റിൽ തുരുമ്പുപൊടി പറന്നുപോയിരുന്നു. അവയാണ് മഴയ്ക്കൊപ്പം ചേർന്നു പാർക്കിങ് ലോട്ടിൽ പെയ്തിറങ്ങിയത്. അതോടെ ആശങ്കകൾക്കും അവസാനം!