Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തരേന്ത്യ അതിശൈത്യത്തിന്റെ പിടിയിൽ

Srinagar lake ശ്രീനഗറിൽ അഞ്ചാർ തടാകത്തിലൂടെ തോണി തുഴയാനായി ഹിമപാളികൾ പങ്കായംകൊണ്ട് അടിച്ചുപൊട്ടിക്കുന്ന കുട്ടി.

തണുപ്പിൽ വിറങ്ങലിച്ച് ഉത്തരേന്ത്യ. കശ്മീരിലെ ശ്രീനഗറിൽ താപനില മൈനസ് 7.6 സെൽഷ്യസിലേക്കു താഴ്ന്നു. കാൽനൂറ്റാണ്ടിനിടയിൽ ഏറ്റവും കുറഞ്ഞ ഡിസംബർ താപനിലയാണിത്. 1990 ഡിസംബർ ഏഴിനായിരുന്നു റെക്കോർഡ് തണുപ്പു രേഖപ്പെടുത്തിയത് – മൈനസ് 8.8 സെൽഷ്യസ്. കശ്മീർ താഴ്‍വരയിലെയും ലഡാക്ക് മേഖലയിലെയും തടാകങ്ങൾ തണുത്തുറഞ്ഞു കഴിഞ്ഞു.

ഡൽഹിയിൽ 3.4 ഡിഗ്രിയിലേയ്ക്കു താഴ്ന്നു. 2014 നു ശേഷമുള്ള ഏറ്റവും തണുത്ത ഡിസംബർ താപനിലയായിരുന്നു ഇത്. ഇനിയും താഴ്ന്നേക്കും. കനത്ത മൂടൽമഞ്ഞ് തുടരും. പാലം ഒബ്സർവേറ്ററിയിൽ 4.9 ഡിഗ്രിയായിരുന്നു താപനില. പഞ്ചാബും ഹരിയാനയും കൊടുംതണുപ്പിലാണ്. പഞ്ചാബിലെ അദംപുറിൽ 0.4 ഡിഗ്രിയാണ് താപനില. അമ‍ൃത്‍സറിൽ ഒരു ഡിഗ്രി. ലുധിയാനയിൽ 2 ഡിഗ്രി. പട്യാല 4. ഇവിടെയെല്ലാം മൂടൽമഞ്ഞ് ജനജീവിതം തടസ്സപ്പെടുത്തുന്നുണ്ട്.

കശ്മീരിൽ അമർനാഥ് യാത്രാ ബേസ് ക്യാംപായ പഹൽഗാമിൽ താപനില മൈനസ് 8.3 ഡിഗ്രിയായി. ഉത്തര കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ ഗുൽമാർഗിൽ മൈനസ് 9 ഡിഗ്രിയായി. കാർഗിലിൽ 2 ഡിഗ്രി ഒറ്റ രാത്രി കൊണ്ടു താഴ്ന്നു. ഇപ്പോൾ മൈനസ് 16.2. ജനുവരി അവസാനം കശ്മീരിലെ കാലാവസ്ഥ മാറിത്തുടങ്ങും.