കൊടും തണുപ്പിൽ തണുത്തു വിറയ്ക്കുകയാണ് വയനാട്. കഴിഞ്ഞ 3 ദിവസങ്ങളിലായി ജില്ലയിലെങ്ങും കൊടു തണുപ്പാണ് അനുഭവപ്പെടുന്നത്. പുതുവർഷ രാവിൽ ജില്ലയിലെ കുറഞ്ഞ താപനില 8 ഡിഗ്രി സെൽഷ്യസായിരുന്നു. കഴിഞ്ഞ ഡിസംബർ അവസാനം 10.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. പുതുവർഷം പിറന്നതോടെ തണുപ്പ് അസഹ്യമായി തുടങ്ങി. കഴിഞ്ഞ ബുധനാഴ്ച 8.5 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. കൊടുംതണുപ്പ് അനുഭവപ്പെട്ട ദിവസങ്ങളിൽ ഉൗട്ടിയിലെ തണുപ്പിന് സമാനമായിരുന്നു വയനാട്ടിലും അനുഭവപ്പെട്ടത്.
ഉച്ചയോടെ വരണ്ട കാലാവസ്ഥയിലേക്കു മാറുന്ന വയനാട്ടിൽ രാത്രി ഏഴോടെ നല്ല തണുപ്പ് അനുഭവപ്പെടാൻ തുടങ്ങും. പുലർച്ചെയോടെ കൊടുംതണുപ്പാകും. ചിലമേഖലകളിൽ തണുപ്പിനോടൊപ്പം കനത്ത കോടമഞ്ഞുമുണ്ട്. തണുപ്പ് കൂടിയതോടെ ജില്ലയിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വർധനയുണ്ടായി. കോടമഞ്ഞ് ആസ്വദിക്കാനായി ലക്കിടി ചുരം വ്യൂ പോയിന്റിലും കുറുമ്പാലക്കോട്ടയിലും നൂറുക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ തന്നെ തണുപ്പ് അനുഭവപ്പെടാൻ തുടങ്ങുമായിരുന്നു. എന്നാൽ, ഇത്തവണ പതിവു തെറ്റി. അൽപം വൈകിയാണ് വന്നതെങ്കിലും തണുപ്പ് അതിന്റെ ഏറ്റവും മൂർധന്യാവസ്ഥയിലാണ്.
കഴിഞ്ഞ ദിവസങ്ങളിലെ താപനില തീയതി, ഡിഗ്രി സെൽഷ്യസ് എന്ന ക്രമത്തിൽ
30–12–2018– 15 ഡിഗ്രി
31–12–2018–10.5 ഡിഗ്രി
01–01–2019–8 ഡിഗ്രി
02–01–2019– 8.5