സമുദ്രതാപന വർധനവ്; സെക്കന്‍റിൽ ഒരു ‘അണുബോംബ്’ പൊട്ടുന്നതിനു തുല്യം!

കഴിഞ്ഞ 150 വര്‍ഷത്തിനിടെ ഭൂമിയിലെ സമുദ്രങ്ങളിലുണ്ടായ താപനിലയിലെ വർധനവ് സെക്കന്‍റില്‍ ഒരു അണുബോംബ് വീതം പൊട്ടുന്നതിനു തുല്യമാണന്നാണു ഗവേഷകര്‍ വിശദീകരിക്കുന്നത്. മനുഷ്യനിർമിത പ്രവര്‍ത്തനങ്ങളിലുണ്ടായ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്‍റെ 90 ശതമാനവും ആഗിരണം ചെയ്തിരിക്കുന്നതു സമുദ്രങ്ങളാണ്. ബാക്കി പത്തു ശതമാനം മാത്രമാണ് കരഭാഗത്തെയും വായുവിനെയും മഞ്ഞുപാളികളെയും ബാധിച്ചിട്ടുള്ളത്. ഇത്ര വലിയ അളവിലുള്ള കാര്‍ബണ്‍ സ്വീകരിക്കുന്നതാണ് സമുദ്രം അനിയന്ത്രിതമായി ചൂടു പിടിക്കാന്‍ കാരണമെന്നും ഗവേഷകര്‍ വിവരിക്കുന്നു.

കടലിന്‍റെ അടിത്തട്ടിനോടു ചേര്‍ന്നു കിടക്കുന്ന മേഖലകളിലാണ് കാര്‍ബണ്‍ സാന്നിധ്യം ഏറ്റവുമധികം കണ്ടെത്തിയിട്ടുള്ളത്. കടലിന്‍റെ ആഴത്തിലേക്കു ചെന്നുള്ള പഠനം സമീപകാലത്തു മാത്രമാണ് സാധ്യമായത്. ഈ പഠനങ്ങളിലൂടെയാണ് 1871 മുതല്‍ കടലിലേക്കെത്തിയിട്ടുള്ള കാര്‍ബണിന്‍റെ ഭീതിപ്പെടുത്തുന്ന അളവു വ്യക്തമായതും. ഈ കണ്ടെത്തലുകള്‍ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാവിഗതിയെ സംബന്ധിച്ചുള്ള പഠനത്തില്‍ നിർണായകമാണെന്നു ഗവേഷകര്‍ പറയുന്നു.

വർധിക്കുന്ന സമുദ്ര താപം

ഒരു വര്‍ഷം മനുഷ്യര്‍ ഉപയോഗിക്കുന്ന ഊർജസ്രോതസ്സുകള്‍ ഉത്പാദിപ്പിക്കുന്ന ചൂടിന്‍റെ ആയിരം മടങ്ങാണ് കഴിഞ്ഞ 150 വര്‍ഷം കൊണ്ടു കടലിലേക്കെത്തിയിരിക്കുന്നത്. ഇക്കാര്യം സമൂഹത്തിനു വ്യക്തമായി മനസ്സിലാകുന്നതിനാണ് അണുബോംബുമായുള്ള താരതമ്യം ഉപയോഗിച്ചതെന്നു ഓക്സ്ഫര്‍ഡ് സർവകലാശാല കാലാവസ്ഥാ വിഭാഗം ഗവേഷകനായ പ്രഫ. ലൗറെ സന്ന പറയുന്നു. 150 വര്‍ഷത്തെ കണക്കെടുത്താൽ ആദ്യ കാലങ്ങളില്‍ കടലിലേക്ക് ആഗിരണം ചെയ്യപ്പെട്ട താപത്തിന്‍റെ അളവ് താരതമ്യേന കുറവായിരുന്നു. പക്ഷെ അത് കൊണ്ടു തന്നെ സമീപകാലത്തൊയി കടല്‍ ആഗിരണം ചെയ്യുന്ന താപത്തിന്‍റെ അളവ് ഒരു സെക്കന്‍റില്‍ മൂന്നോ നാലോ ഹിരോഷിമ അണുബോംബുകള്‍ പൊട്ടുന്നതിന് തുല്യമാണെന്നപം ലൗറെ സന്ന വിശദീകരിക്കുന്നു.

സമുദ്രോപരിതലത്തില്‍ കലക്കുന്ന പലനിറങ്ങള്‍ കടലിന്‍റെ അടിത്തട്ടിലേക്കെത്താന്‍ എത്രസമയമെടുക്കുന്നു എന്നതിനു സമാനമായ പഠനമാണ് സമുദ്ര താപത്തെക്കുറിച്ചു നടക്കുന്നതെന്നു ഓക്സ്ഫര്‍ഡിലെ തന്നെ ഗവേഷകനായ സമര്‍ ഘാതിവാല വിശദീകരിക്കുന്നു. സമുദ്രത്തിന്‍റെ മുകള്‍ത്തട്ടിലെ താപം എത്ര വേഗത്തില്‍ അടിത്തട്ടിലേക്ക് സംവേദനം ചെയ്യപ്പെടുന്നു എന്നതിനെ ആശ്രയിച്ചാണ് ശരാശരി സമുദ്രതാപം കണക്കാക്കുന്നത്. ഇതിനെ നിർണയിക്കുന്നതാകട്ടെ സമുദ്രം ആഗിരണം ചെയ്യുന്ന താപത്തിന്‍റെ അളവും. കൂടുതല്‍ താപം സമുദ്രോപരിതലം ആഗിരണം ചെയ്യുന്നതോടെ  കൂടുതല്‍ വേഗത്തില്‍ താപം അടിത്തട്ടിലേക്കെത്തുന്ന സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളത്.

ജലനിരപ്പിലെ വർധനവ്

സമുദ്രതാപനില വർധിക്കുന്നതിന്‍റെ ഏറ്റവും ആദ്യത്തെ പ്രത്യാഘാതമാകും സമുദ്ര ജലനിരപ്പിലുണ്ടാകുന്ന വർധനവ്. ഭൂമിയുടെ നിലവിലെ അവസ്ഥിലുള്ള നിലനില്‍പ്പിനു തന്നെ ഏറ്റവുമധികം ഭീഷണി ഉയര്‍ത്താന്‍ പോന്ന പ്രതിഭാസവും ഈ കടല്‍ജലനിരപ്പിലെ വർധനവായിരിക്കും. ഇരുന്നൂറ് കോടിയിലധികം ജനങ്ങള്‍ക്കു തന്നെ ഭീഷണിയാകുന്ന പ്രവര്‍ത്തനമാണ് കടല്‍ജലനിരപ്പിലുണ്ടാകുന്ന വർധനവ്. കടലിനു ചൂടു പിടിക്കുമ്പോള്‍ സംഭവിക്കുന്ന രണ്ട് കാര്യങ്ങളാണ് ജലനിരപ്പ് വർധിപ്പിക്കുന്നത്. ഒന്ന് ചൂടു കൂടുമ്പോള്‍ ജലകണികകള്‍ കൂടുതല്‍ വികസിക്കുകയും ഇതോടെ ഇവയ്ക്കു സ്ഥിതി ചെയ്യാന്‍ കൂടുതല്‍ സ്ഥലം ആവശ്യമായി വരികയും ചെയ്യുന്നു. കടലിന്‍റെ താപനില വർധിക്കുന്നതോടെ ആര്‍ട്ടിക്, ഗ്രീന്‍ലന്‍ഡ് മേഖലകളിലെ മഞ്ഞുരുകി കൂടുതല്‍ ജലം കടലിലേക്കെത്തുന്നതാണ് മറ്റൊരു ജലനിരപ്പുയരാൻ കാരണം.

ലോകത്തിലെ എല്ലാ സമുദ്രങ്ങളിലും ഒരുപോലെയല്ല താപനില വർധിക്കുന്നത്. ഒരു സമുദ്രത്തിന്‍റെ തന്നെ പല ഭാഗങ്ങളിലും പല അളവിലുള്ള താപനില വർധനവാണ് രേഖപ്പെടുത്തുന്നത്. ചൂടും തണുപ്പും വഹിച്ചു സഞ്ചരിക്കുന്ന ഓഷ്യന്‍ കറന്‍റ്സ് ആണ് ഇതിനു കാരണം. അതുകൊണ്ടു തന്നെ കടലിലെ ജലനിരപ്പ് ഉയരുന്നതു പോലുള്ള ഭീഷണികള്‍ നേരിടേണ്ടി വരുന്നതും താരതമ്യേന ചൂടു കൂടുതലുള്ള സമുദ്രമേഖലകളുടെ സമീപത്തുള്ള രാജ്യങ്ങളായിരിക്കും. അതിനാൽ തന്നെ ഇപ്പോഴത്തെ ഈ കണ്ടെത്തലുകള്‍ സമുദ്രത്തിലെ ജലനിരപ്പിലുണ്ടാകുന്ന വർധനവു മുന്‍കൂട്ടി മനസ്സിലാക്കാനും അവ പ്രവചിക്കാനും ഗവേഷരെ സഹായിക്കും. ഇത്തരം അപകടങ്ങള്‍ മുന്‍കൂട്ടി കണ്ടു വേണ്ട മുൻകരുതലെടുക്കാനും ഇതുവഴി സാധിക്കും.