200 കോടി പേർ വെള്ളമില്ലാതെ വലയും ; 2050 ഓടെ മനുഷ്യവംശം ഇല്ലാതാകുമോ?
ഇനിയും അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മനുഷ്യവംശം ഭൂമുഖത്തു നിന്ന് തന്നെ തൂത്തെറിയപ്പെട്ടേക്കാമെന്ന് പുതിയ പഠനം പ്രവചിക്കുന്നത്. ഒരിക്കലും മറികടക്കാനാകാത്ത വിധമുള്ള ആഘാതമായിരിക്കും മനുഷ്യസംസ്കാരത്തിനു മേല്‍ കാലാവസ്ഥാ വ്യതിയാനം ഏല്‍പ്പിക്കുക. ഈ ലോകാവസാന സാധ്യത ഒഴിവാക്കാനാകാത്ത ഒന്നല്ല എന്നും ഈ പഠനം പറയുന്നു. ഇത്രയും കഠിനമായ വെല്ലുവിളി മനുഷ്യര്‍ അവന്‍റെ ചരിത്രത്തില്‍ ഒരിക്കലും നേരിട്ടിട്ടില്ല എന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
2018 ല്‍ ഓസ്ട്രേലിയയിലെ നാഷണല്‍ സെന്‍റര്‍ ഫോര്‍ ക്ലൈമറ്റ് റീസ്റ്റൊറേഷന്‍ പുറത്തിറക്കിയ കാലാവസ്ഥാ വ്യതിയാന റിപ്പോര്‍ട്ടിന്‍റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോഴത്തെ കണ്ടെത്തലുകള്‍ പുറത്തു വന്നിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കാന്‍ പോകുന്ന രൂക്ഷമായ ആഘാതങ്ങളെ തീവ്രത കുറച്ചു കാണുന്നതാണ് അത് വരെയുണ്ടായ പഠനങ്ങളെന്ന് 2018 ലെ ഈ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിലെ വിലയിരുത്തലുകളെ അടിസ്ഥാനമാക്കി ഓസ്ട്രേലിയന്‍ മുന്‍ ഡിഫന്‍സ് ചീഫ് അഡ്മിറല്‍ ക്രിസ് ബാരി ഉള്‍പ്പടെ മൂന്ന് പേരാണ് ഈ പഠനം തയാറാക്കിയത്.
അടുത്ത മുപ്പത് വര്‍ഷത്തിനുള്ളില്‍ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനായില്ലെങ്കില്‍ കാലാവസ്ഥാ വ്യതിയാനം പിന്നീടുണ്ടാക്കുന്ന ആഘാതങ്ങള്‍ പരിഹരിക്കാന്‍ മനുഷ്യനു സാധിക്കില്ല. ഇങ്ങനെ സംഭവിച്ചാല്‍ 2050 ആകുമ്പോഴേക്കും ആഗോള താപനില വ്യാവസായവൽക്കരണ കാലത്തേക്കാള്‍ 3 ഡിഗ്രി സെല്‍ഷ്യസ് ഉയരും. ഇത് ഭൂമിയിലെ ജൈവ വ്യവസ്ഥയ്ക്കും ആവാസവ്യവസ്ഥയ്ക്കും പ്രകൃതിയ്ക്കുമുണ്ടാക്കുന്ന മാറ്റങ്ങള്‍ പ്രവചനാതീതമായിരിക്കും. ഇതോടെയാണ് മനുഷ്യവംശം തന്നെ തകര്‍ച്ചയെ നേരിടുന്ന സ്ഥിതി വിശേഷം ഉടലെടുക്കുക എന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ഹോട്ട് ഹൗസ് എര്‍ത്
കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും തടയുന്നതില്‍ മനുഷ്യര്‍ പരാജയപ്പെട്ടാല്‍ ഹോട്ട് ഹൗസ് എർത് എന്ന അവസ്ഥയിലാകും ഭൂമി എത്തിച്ചേരുക എന്നാണ് ഇവര്‍ വിലയിരുത്തുന്നത്. ഇപ്പോഴുള്ളതില്‍ നിന്നും 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനിലയിലേക്ക് ഭൂമി എത്തുന്ന സ്ഥിതിയാണ് ഹോട്ട് ഹൗസ് എര്‍ത്. 125000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ അവസ്ഥ ഭൂമി അഭിമുഖീകരിച്ചത്. അന്ന് ആധുനിക മനുഷ്യന്‍ ഉടലെടുത്തിരുന്നില്ല എന്നു മാത്രമല്ല ഇന്ന് കാണുന്ന ഭൂരിഭാഗം സസ്യജീവി വര്‍ഗങ്ങളും ഇന്നത്തെ അവസ്ഥയിലായിരുന്നില്ല. അതുകൊണ്ട് തന്നെ സ്വാഭാവികമല്ലാത്ത, മനുഷ്യനിര്‍മിതമായ പുതിയ ഹോത്ത് ഹൗസ് എര്‍ത് അവസ്ഥയോട് ഭൂമിയിലെ ഇന്നത്തെ ജൈവവ്യവസ്ഥ എങ്ങനെ പ്രതികരിക്കുമെന്നത് നിര്‍ണായകമാണ്.
ഹോട്ട് ഹൗസ് പ്രതിഭാസത്തിന്‍റെ ആരംഭം മനുഷ്യര്‍ക്കും ഒട്ടും ശുഭകരമല്ല. 35 ശതമാനും ഭൂമിയുടെ കരഭാഗവും 55 ശതമാനം ലോകജനതയും വര്‍ഷത്തില്‍ 20 ദിവസമെങ്കിലും സമാനതകളില്ലാത്ത വിധം കൊടുംചൂട് അനുഭവിക്കേണ്ടി വരും.മനുഷ്യര്‍ക്ക് അതിജീവിക്കാന്‍ കഴിയുന്നിലും ഉയര്‍ന്ന അളവിലായിരിക്കും ആ താപനിലയെന്ന് പഠനം മുന്നറിയിപ്പു നല്‍കുന്നു.
ആവാസവ്യവസ്ഥകള്‍ ഏതാണ്ട് പൂര്‍ണമായി തകര്‍ന്നടിയും. പവിഴപ്പുറ്റുകള്‍ പൂര്‍ണമായി ഇല്ലാതാകും. ആര്‍ട്ടിക്കിലെയും ആമസോണിലെ ജൈവവ്യവസ്ഥകള്‍ കീഴ്മേല്‍ മറിയും. വടക്കേ അമേരിക്ക ചൂട് കാറ്റിലും കാട്ട് തീയിലും കൊടും വരള്‍ച്ചയിലും വരളും. വര്‍ഷം മുഴുവന്‍ നിറഞ്ഞൊഴുകുന്ന ഏഷ്യയിലെ വന്‍നദികള്‍ വറ്റും. 200 കോടി ജനങ്ങള്‍ വെള്ളം കിട്ടാതെ ദാഹത്തില്‍ വലയും. ഇങ്ങനെ നീണ്ടു കിടക്കുന്ന പട്ടികയാണ് ഹോത്ത് ഹൗസ് പ്രതിഭാസം മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍.
പട്ടിക ഇനിയും തുടരുന്നുണ്ട്. മധ്യ അമേരിക്കയിലേയും മെക്സിക്കോയിലേയും മഴ പാതിയായി കുറയും, കൃഷി ഈ മേഖലയില്‍ ഒട്ടും പ്രായോഗികമല്ലാതായി തീരും. മുന്‍പ് എട്ട് മുതല്‍ 10 വര്‍ഷത്തിലൊരിക്കലും ഇപ്പോള്‍ രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കലും സംഭവിക്കുന്ന എല്‍ നിനോ പ്രതിഭാസം ഏതാണ്ട് ഭാഗികമായി സ്ഥിരമായി മാറും. ചില മേഖലകളിലെങ്കിലും വര്‍ഷത്തില്‍ 100 ദിവസം ചൂട് കാറ്റ് വീശും. 100 കോടി പേര്‍ ഈ മാറ്റങ്ങളുടെ ഭാഗമായി കുടിയിറക്കപ്പെടുമെന്നും പഠനം മുന്നറിയിപ്പു നല്‍കുന്നുണ്ട്.
ആധുനിക സംസ്കാരത്തിന്‍റെ അന്ത്യം
ഈ മാറ്റങ്ങളോടെയാണ് ആധുനിക മാനുഷിക സംസ്കാരത്തിന്‍റെ ഏതാണ്ട് അന്ത്യമാകുമെന്നും പഠനം പറയുന്നത്. അതിജീവനം മാത്രം ലക്ഷ്യമാകുന്നതോടെ പരിഹരിക്കപ്പെടാനാകാത്ത തകര്‍ച്ചയിലേക്ക് സാമൂഹിക വ്യവസ്ഥ മാറും. ക്രമസമാധാന നില ഏതാണ്ട് പൂര്‍ണമായും തകരാറിലാകും. ലോകത്തിന്‍റെ സുരക്ഷയും ലോക ജനതയും സുരക്ഷയും ചോദ്യം ചെയ്യപ്പെടുന്ന ദിനങ്ങളാകും വരാനിരിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്‍റെ അളവ് പൂജ്യമാക്കുക എന്നത് മാത്രമാണ് ഈ ദുരന്തത്തെ അതിജീവിക്കാനുള്ള പോംവഴിയെന്ന് ഈ പഠനത്തില്‍ പങ്കെടുത്തവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. വാണിജ്യവും വ്യവസായവും ഊർജോൽപാദനവും ഉള്‍പ്പടെ എല്ലാ മേഖലയിലും കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണമായും ഒഴിവാക്കണം. കാലാവസ്ഥാ മാതൃകകള്‍ നടപ്പിലാക്കുന്നതിനേക്കാള്‍ കാലാവസ്ഥാമാറ്റം തടയാനുള്ള കടുത്ത നടപടികളാണ് ആവശ്യമെന്ന് ഈ ഗവേഷകര്‍ വാദിക്കുന്നു. കാലാവസ്ഥാ മാതൃകകള്‍ വിവിധ അവസ്ഥകളെ എങ്ങനെ നേരിടണം എന്ന ആശയം മാത്രമാണു മുന്നോട്ടു വയ്ക്കുന്നത്. ഇതിലൂടെ പരിഹാരം കാണാനാകില്ല. അതേസമയം പൂജ്യം കാര്‍ബണ്‍ എന്നത് ഇപ്പോഴത്തെ പ്രതിസന്ധിക്ക് അർഥവത്തായ പരിഹാരമാണെന്നും ഈ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.