മഞ്ഞുമറ നീക്കി ആര്‍ട്ടിക്കില്‍ നിന്ന് പുറത്തു വന്നത് അഞ്ച് പുതിയ ദ്വീപുകള്‍; അമ്പരന്ന് ശാസ്ത്രലോകം!
പുതിയ അഞ്ച് ദ്വീപുകളുടെ സാന്നിധ്യമാണ് ആര്‍ട്ടിക് മേഖലയില്‍ റഷ്യന്‍ നേവി തിരിച്ചറിഞ്ഞത്. നൊവായ സെമിലിയ എന്ന റഷ്യന്‍ അധീന ദ്വീപ് മേഖലയുടെ സമീപത്തായാണ് ഈ ദ്വീപുകളെ കണ്ടെത്തിയത്. മേഖലയിലെ മഞ്ഞ് പൂര്‍ണമായും ഉരുകിയതോടെയാണ് ഇതിനിടയില്‍ നിന്ന് ദ്വീപുകള്‍ മഞ്ഞുമറ നീക്കി പുറത്തു വന്നത്. പ്രദേശത്തെ ഏറ്റവും വലിയ മഞ്ഞുപാളിയായ വില്‍കി അഥവാ നാന്‍സെന്‍ ഏതാണ്ട് പൂര്‍ണമായും അപ്രത്യക്ഷമായ നിലയിലാണ്. ഈ മഞ്ഞുപാളിയാണ് ഇത്ര നാളും ദ്വീപുകളെ മൂടി കിടന്നിരുന്നതും. മേഖലയിലെ ഊഷ്മാവിലുണ്ടാ വർധനവു തന്നെയാണ് മഞ്ഞുപാളി വലിയ അളവില്‍ ഉരുകി ഒലിക്കാന്‍ കാരണമായതെന്ന് ദ്വീപിലേക്ക് സഞ്ചരിച്ച നാവിക സേനാ സംഘത്തിന്‍റെ തലവന്‍ വൈസ് അഡ്മിറല്‍ അലക്സാണ്ടര്‍ മൊയിസേവ് പറഞ്ഞു.
അതേസമയം ദ്വീപുകളെ കണ്ടെത്തിയ കാര്യം റഷ്യന്‍ പ്രതിരോധ വകുപ്പ് ഇപ്പോഴാണ് പുറത്തു വിടുന്നതെങ്കിലും ഇവ കണ്ടെത്തിയത് 2016 ലാണെന്നാണ് ചില ഗവേഷകരെങ്കിലും ചൂണ്ടിക്കാട്ടുന്നത്. 2016 ല്‍ റഷ്യയിലെ തന്നെ എൻജിനീയറിങ് വിദ്യാര്‍ത്ഥിയായ മറിയ മിഗുനോവ ആണ് സാറ്റ്‌ലെറ്റ് ദൃശ്യങ്ങള്‍ പരിശോധിച്ച് പരിചയമില്ലാത്ത ഒരു കൂട്ടം ഭൂവിഭാഗങ്ങളെ തിരിച്ചറിഞ്ഞത്. തന്‍റെ ഗവേഷണത്തിന്‍റെ ഭാഗമായാണ് മറിയ മിഗുനോവ ഈ പഠനം നടത്തിയത്. പക്ഷേ ആ സമയത്ത് ഈ ദ്വീപുകള്‍ പൂര്‍ണമായും മഞ്ഞില്‍ നിന്നു പുറത്തുവരാത്തത് മൂലം എത്ര ദ്വീപുകളുണ്ടെന്നോ, അവ ദ്വീപുകള്‍ തന്നെയാണെന്നോ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
2014 ലാണ് ഈ ഭൂവിഭാഗങ്ങള്‍ മഞ്ഞുപാളിയുടെ മറവില്‍ നിന്നു പുറത്തുവരാന്‍ തുടങ്ങിയതെന്നാണ് കരുതുന്നത്. നാവികസേനയുടെ ഭാഗമായുള്ള ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. അഞ്ച് ദ്വീപുകള്‍ക്കും പേരുകളും റഷ്യന്‍ നാവിക സേന നല്‍കിയിട്ടുണ്ട്. തീരെ ചെറുതു മുതല്‍ സാമാന്യം വലുപ്പമുള്ള ദ്വീപുകള്‍ വരെ ഈ അഞ്ചെണ്ണത്തില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ രണ്ടെണ്ണം തീരെ വലുപ്പം കുറഞ്ഞവയാണ്. ശരാശരി 900 മീറ്ററാണ് ഇവ രണ്ടിന്‍റെയും ചുറ്റളവ്. അതേസമയം കൂട്ടത്തിലെ ഏറ്റവും വലുപ്പമേറിയ ദ്വീപിന് ഏതാണ്ട് 55000 ചതുരശ്ര മീറ്റര്‍ ചുറ്റളവ് വരും.
ദ്വീപുകളുടെ നിലനില്‍പ്
മഞ്ഞുപാളികളില്‍ നിന്നു പുറത്തുവന്ന ഈ ദ്വീപുകളുടെ ആയുസ്സ് സംബന്ധിച്ച് ഇനിയും തീര്‍ച്ചപ്പെടുത്താന്‍ ഗവേഷകര്‍ക്കായിട്ടില്ല. ഇത്ര നാളും ഈ ദ്വീപുകളിലെ ഭൂവിഭാഗത്തിന് ശക്തി നല്‍കിക്കൊണ്ടിരുന്നത് മഞ്ഞുപാളികളാണ്. മണ്ണിനിടയിലും മുകളിലുമെല്ലാമുണ്ടായിരുന്ന മഞ്ഞുരുകയിതോടെ ഈ ദ്വീപുകള്‍ക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ ഉറപ്പിച്ച് പറയുന്നു. എന്നാല്‍ ഈ ബലക്ഷയം ദ്വീപുകളെ കടലിലേക്കാഴ്ത്താന്‍ മാത്രം ശേഷിയുള്ളതാണോയെന്നാണ് ഗവേഷകര്‍ പരിശോധിക്കുന്നത്.
അതേസമയം ദ്വീപുകളുടെ ആയുസ്സിന്‍റെ കാര്യത്തില്‍ ഉറപ്പില്ലെങ്കിലും അവിടെ ഇതിനകം തന്നെ ജീവന്‍റെ തുടിപ്പുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ആല്‍ഗകളും വിവിധ സസ്യങ്ങളുമെല്ലാം ഇവിടെ ഇപ്പോള്‍ സാധാരണമാണ്. പക്ഷികളുടെയും സാന്നിധ്യവും ഇപ്പോള്‍ ഈ ദ്വീപുകളില്‍ സ്ഥിരമായുണ്ട്. ഇതിനെല്ലാം പുറമെ സീലുകളും അവയെ വേട്ടയാടാനായെത്തുന്ന കരടികളും ഈ ദ്വീപുകളിലെ സന്ദര്‍ശകരാണെന്നതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ദ്വീപുകള്‍ നിലനിന്നാല്‍ അത് മേഖലയിലെ ജൈവവൈവിധ്യത്തിന് ഗുണകരമാകുമെന്നാണ് ഗവേഷകരുടെ നിഗമനം.
ഈ അഞ്ച് ദ്വീപുകളെക്കുറിച്ചു പഠിക്കാനുള്ള യാത്രയ്ക്കിടെ ആറാമത് ഒരു ദ്വീപിന്‍റെ കൂടി ഉദ്ഭവത്തിനും ഗവേഷക സംഘം സാക്ഷ്യം വഹിച്ചു. മഞ്ഞുപാളി നീങ്ങി തുടങ്ങിയ ഈ ആറാമത്തെ ദ്വീപ് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ പൂര്‍ണമായും കരഭാഗമായി മാറുമെന്നാണ് ഇവര്‍ കണക്കു കൂട്ടുന്നത്. അതേസമയം ആര്‍ട്ടിക്കിലെ മഞ്ഞുരുക്കം മൂലം പുതിയ ദ്വീപുകള്‍ പുറത്തു വരുന്നത് ഒറ്റപ്പെട്ട സംഭവമല്ല. ആര്‍ട്ടിക്കിന്‍റെ പല പ്രദേശങ്ങളിലായി ഇത്തരത്തില്‍ നിരവധി ദ്വീപുകള്‍ മഞ്ഞുപാളികള്‍ക്ക് അടിയില്‍ നിന്ന് പുറത്തേക്ക് വരുന്നുണ്ട്.