അന്റാർട്ടിക്കയിലെയും ഗ്രീൻലാൻഡിലെയും ഐസ് പാളികൾ നഷ്ടപ്പെടുന്നത് ആറ് മടങ്ങ് വേഗത്തിൽ
കാലാവസ്ഥാ വ്യതിയാനം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി അതിന്റെ ഏറ്റവും ഭീകരമായ അവസ്ഥ വെളിവാക്കിക്കൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവിലായി അന്റാർട്ടിക്കയിലെയും ഗ്രീൻലാൻഡിലെയും ഐസ് പാളികൾ 1990 നെ അപേക്ഷിച്ച് ആറ് മടങ്ങ് വേഗത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതായാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഐസ് ഷീറ്റ് മാസ്സ് ബാലൻസ് ഇന്റർ കമ്പാരിസൺ എക്സസൈസിലെ സംഘാംഗളാണ് പഠനം നടത്തിയത്.
പതിനൊന്ന് കൃത്രിമോപഗ്രഹങ്ങളുടെ നിരീക്ഷണ രേഖകൾ പരിശോധിച്ച ശേഷമാണ് ഗവേഷകർ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇരു പ്രദേശങ്ങളിലും മുൻപോട്ടുള്ള വർഷങ്ങളിൽ ഇതേ സ്ഥിതി തുടരുകയാണെങ്കിൽ ഇന്റർ ഗവൺമെന്റ് പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് മുൻപ് പ്രവചിച്ചതുപോലെ 2100 ആകുന്നതോടെ സമുദ്രനിരപ്പ് 6.7 ഇഞ്ച് കൂടി ഉയരുമെന്ന് റിപ്പോർട്ടിൽ പറയുന്നു. 1992നും 2018നും ഇടയ്ക്ക് ഐസ് പാളികൾ ഉരുകിയതിന്റെ തോത് താരതമ്യം ചെയ്താണ് പഠനം നടത്തിയത്. നാസയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും സഹായത്തോടെയായിരുന്നു പഠനം.
2010നു ശേഷം ഇരു പ്രദേശങ്ങളിൽ നിന്നുമായി 475 ബില്യൺ ടൺ ഐസ് ഉരുകി തീർന്നിട്ടുണ്ട്. 1990-കളിൽ ഇത് 81 ബില്ല്യൻ ടൺ ആയിരുന്നു. അതായത് തൊണ്ണൂറുകളെ അപേക്ഷിച്ച് ആറ് മടങ്ങ് ഐസ് കഴിഞ്ഞ പതിറ്റാണ്ടിൽ നഷ്ടമായി. അന്റാർട്ടിക്കയിലെയും ഗ്രീൻലാൻഡിലെയും ഐസ് പാളികൾ ഉരുകിയതിനെ തുടർന്ന് ഇതിനോടകം ആഗോള സമുദ്രനിരപ്പ് 0.7 ഇഞ്ച് ഉയർന്നിട്ടുണ്ട്. നേച്ചർ എന്ന പരിസ്ഥിതി ജേർണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.