ഭൂമിയിലെ ഏറ്റവും ബൃഹത്തായ സൗരോർജ സംഭരണികളാണ് സമുദ്രങ്ങൾ. ഭൂവിസ്തീർണത്തിന്റെ 71 ശതമാനത്തോളം വരുന്ന സമുദ്രങ്ങൾ വൻതോതിൽ താപം ആഗിരണം ചെയ്യുകയും അതുവഴി അന്തരീക്ഷതാപം അതിരുവിടുന്നതിനെ ചെറുക്കുകയും ചെയ്യുന്നു. ദീർഘകാലം താപം സംഭരിക്കുവാനും വിമോചിതമാക്കുവാനും സാധ്യമാകുന്ന പ്രകൃതം വഴി ഭൂമിയിലെ

ഭൂമിയിലെ ഏറ്റവും ബൃഹത്തായ സൗരോർജ സംഭരണികളാണ് സമുദ്രങ്ങൾ. ഭൂവിസ്തീർണത്തിന്റെ 71 ശതമാനത്തോളം വരുന്ന സമുദ്രങ്ങൾ വൻതോതിൽ താപം ആഗിരണം ചെയ്യുകയും അതുവഴി അന്തരീക്ഷതാപം അതിരുവിടുന്നതിനെ ചെറുക്കുകയും ചെയ്യുന്നു. ദീർഘകാലം താപം സംഭരിക്കുവാനും വിമോചിതമാക്കുവാനും സാധ്യമാകുന്ന പ്രകൃതം വഴി ഭൂമിയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂമിയിലെ ഏറ്റവും ബൃഹത്തായ സൗരോർജ സംഭരണികളാണ് സമുദ്രങ്ങൾ. ഭൂവിസ്തീർണത്തിന്റെ 71 ശതമാനത്തോളം വരുന്ന സമുദ്രങ്ങൾ വൻതോതിൽ താപം ആഗിരണം ചെയ്യുകയും അതുവഴി അന്തരീക്ഷതാപം അതിരുവിടുന്നതിനെ ചെറുക്കുകയും ചെയ്യുന്നു. ദീർഘകാലം താപം സംഭരിക്കുവാനും വിമോചിതമാക്കുവാനും സാധ്യമാകുന്ന പ്രകൃതം വഴി ഭൂമിയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂമിയിലെ ഏറ്റവും ബൃഹത്തായ സൗരോർജ സംഭരണികളാണ് സമുദ്രങ്ങൾ. ഭൂവിസ്തീർണത്തിന്റെ 71 ശതമാനത്തോളം വരുന്ന സമുദ്രങ്ങൾ വൻതോതിൽ താപം ആഗിരണം ചെയ്യുകയും  അതുവഴി അന്തരീക്ഷതാപം അതിരുവിടുന്നതിനെ ചെറുക്കുകയും ചെയ്യുന്നു.  ദീർഘകാലം താപം  സംഭരിക്കുവാനും വിമോചിതമാക്കുവാനും സാധ്യമാകുന്ന പ്രകൃതം വഴി ഭൂമിയിലെ കാലാവസ്ഥാവ്യൂഹത്തിന്റെ സംതുലനം സംരക്ഷിക്കുന്നതിൽ അതിപ്രധാന പങ്കാണ് സമുദ്രങ്ങൾ വഹിക്കുന്നത്. 

സമുദ്രതാപനത്തിന്റെ പ്രധാനസ്രോതസ്സ് സൗരോർ‌ജമാണ്. ഇതുകൂടാതെ മേഘങ്ങൾ, അന്തരീക്ഷത്തിലെ ജലബാഷ്‌പം മറ്റ് ഹരിതഗൃഹവാതകങ്ങൾ എന്നിവ ആഗിരണം ചെയ്യുന്ന താപോർ‌ജം അന്തരീക്ഷത്തിലേക്ക് വിമോചിതമാവുന്നു. ഈ താപോർ‌ജത്തിന്റെ വലിയൊരു ഭാഗം സമുദ്രങ്ങൾ ആഗിരണം ചെയ്‌ത്‌ സംഭരിക്കുന്നു.  ‌‌

ADVERTISEMENT

തിരമാലകൾ, വേലിയേറ്റം-വേലിയിറക്കം സമുദ്രജല പ്രവാഹങ്ങൾ  എന്നിവ വഴി ചൂടേറിയ മേഖലയിൽനിന്ന് ചൂട് കുറഞ്ഞ അക്ഷാംശങ്ങളിലേക്കും ആഴക്കടലിലേക്കും താപം സ്ഥാനമാറ്റം ചെയ്യപ്പെടുന്നു.  ഈ പ്രക്രിയകൾ ഭൂമിയിലെ ഹിമഖണ്ഡങ്ങളുടെ ഉരുകൽ, ബാഷ്പീകരണം,  അന്തരീക്ഷത്തിന്റെ പുനർതാപനം എന്നിവക്ക് ഇടയാക്കുന്നു. സമുദ്രങ്ങൾ ആഗിരണം ചെയ്ത താപോർജ്ജം ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് സ്ഥാനം മാറ്റപ്പെടുന്നുവെന്നതല്ലാതെ, ഒരിക്കലും ഇല്ലാതാകുന്നില്ല. ഈ രീതിയിൽ സമുദ്രത്തിലടങ്ങിയ താപോർജത്തിന് ദശാബ്ദങ്ങളോളം ഭൂമിയിൽ ചൂടേറ്റുവാനാകും.

സമുദ്രങ്ങൾ ആഗിരണം ചെയ്യുന്ന താപം അതിൽനിന്ന് വിമോചിതമാകുന്ന താപോർജ്ജത്തേക്കാൾ കൂടുതലാണെങ്കിൽ സമുദ്രത്തിലെ താപമാനം ഏറുന്നു.  ഇക്കാരണത്താൽ,  സമുദ്രങ്ങൾക്ക് എത്രത്തോളം താപം  ആഗിരണം ചെയ്യാനാകും;  എത്രത്തോളം താപം സമുദ്രത്തിൽ നിന്ന് വിമോചിതമാവും എന്നിത്യാദി കാര്യങ്ങളിലുള്ള ധാരണ ആഗോളകാലാവസ്ഥാ പഠനങ്ങളെ സംബന്ധിച്ചിടത്തോളം പ്രസക്തമാണ്.  ഭൗമോപരോതലത്തിന്റെ 71 ശതമാനത്തോളം വരുന്ന സമുദ്രങ്ങൾ, അറിയപ്പെടുന്ന 3 ലക്ഷത്തോളം ഇനം സസ്യ-ജന്തുവിഭാഗങ്ങളുടെ നിവാസസ്ഥലമാണ്. ഇതിലും എത്രയോ ഇരട്ടി വരുന്ന ഇന്നോളം അറിയപ്പെടാത്ത സസ്യ-ജന്തുവിഭാഗങ്ങളും സമുദ്രത്തിൽ നിവസിക്കുന്നു.  

ആധുനികമനുഷ്യന്റെ ജീവിതശൈലിയുടെ പരിണതഫലമെന്നോണം അന്തരീക്ഷത്തിലേക്ക് ഉത്സർജ്ജിക്കപ്പെടുന്ന ഹരിതഗൃഹവാതകങ്ങളുടെ പ്രഭാവംമൂലം ഭൂമിയുടെ അന്തരീക്ഷം അതിവേഗം ചൂട് പിടിച്ചുകൊണ്ടിരിക്കയാണ്.  

∙അധിക താപത്തിന്റെ സംഭരണം സമുദ്രത്തിൽ

ADVERTISEMENT

അന്തരീക്ഷത്തിലുണ്ടാകുന്ന അധിക താപനത്തിന്റെ 90 ശതമാനവും സമുദ്രങ്ങളിലാണ് സംഭരിക്കപ്പെടുന്നത്. ഇപ്രകാരം സംഭരിക്കപ്പെടുന്ന താപം സമുദ്രങ്ങളിലെ താപവർധനവിന് കാരണമാവുന്നു. സമുദ്രങ്ങളാണ് ആഗോളതാപവർധനവിന്റെ യഥാർത്ഥസൂചകങ്ങൾ. ഭൂമിയിൽ അഭംഗുരം, അതിദ്രുതം ചൂടേറുന്നതിന്റെ നേർസാക്ഷ്യമാണ് ഏറിവരുന്ന സമുദ്രതാപമാനം. ഇതിൻപ്രകാരം സമുദ്രങ്ങളിലെ സംഭരിത താപം (Ocean Heat Content) ആഗോളതാപനനിരക്ക് വിലയിരുത്തുവാനുള്ള മികച്ച സൂചകമാണെന്ന് പറയാം. താപനപ്രഭാവം ആഗോളസമുദ്രമേഖലയിൽ മൊത്തം വ്യാപിക്കപ്പെട്ടിരിക്കുന്നു. എന്നാൽ, ഇതരസമുദ്രങ്ങളെ അപേക്ഷിച്ച് ഉത്തര അറ്റ്ലാന്റിക് സമുദ്രം, ദക്ഷിണ സമുദ്രം (Southern Ocean ) എന്നിവിടങ്ങളിൽ താപന  നിരക്ക് കൂടുതലാണ്. ഈ രണ്ടിടങ്ങളിലാണ് അന്തരീക്ഷവും അഗാധസമുദ്രമേഖലകളും തമ്മിൽ ഗണ്യമായ ഊർജ്ജവിനിമയം നടക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. തൽപ്രദേശങ്ങളിലെ പ്രത്യേക അന്തരീക്ഷാവസ്ഥയും ഭൂമിശാസ്ത്രപരമായ സവിശേഷതകളും മൂലം ചൂടേറിയ ഉപരിതലജലം അഗാധ സമുദ്രതലങ്ങളിലേക്കിറങ്ങിച്ചെല്ലുകയും അതുവഴി  സമുദ്രത്തിന്റെ അന്തർഭാഗം ചൂടേറ്റുകയും ചെയുന്നു.  

∙ പ്രത്യാഘാതങ്ങൾ ഗുരുതരം

സമുദ്രജലം അധിക തോതിൽ ചൂടാകുമ്പോൾ അതിലെ വിലയിത ഓക്സിജന്റെ അളവിൽ ഗണ്യമായ കുറവുണ്ടാകുന്നു. ഇത് സമുദ്രജലജീവിതത്തെ സാരമായി ബാധിക്കുന്ന ഘടകമാണ്. താപവ്യതിയാനം, സമുദ്രജലത്തിന്റെ രാസപ്രകൃതങ്ങൾ എന്നിവയോട് അതിപ്രതികരണ ശേഷി പുലർത്തുന്ന പവിഴ പുറ്റുകൾ പോലെയുള്ള ജീവിവര്ഗങ്ങളുടെ കാര്യത്തിൽ പ്രത്യേകിച്ചും,  ഇത് ഗുരുതര  പ്രത്യാഘാതങ്ങൾക്കിടയാക്കും. സമുദ്രജലത്തിന്റെ ഉയർന്നതാപനംമൂലം ബാഷ്പീകരണതോത് വര്ധിക്കാനിടയാവുന്നു. ചൂടേറിയ അന്തരീക്ഷത്തിലെത്തപ്പെടുന്ന ജലബാഷ്പസാന്നിധ്യം, കനത്തമഴക്കും വെള്ളപ്പൊക്കത്തിനും വഴി തെളിയിക്കുന്നു.

അന്തരീക്ഷത്തിലേക്ക് അധികതോതിൽ ഉത്സർജിക്കപ്പെടുന്ന ഹരിതഗൃഹവാതകങ്ങൾ പിടിച്ചുവക്കുന്ന താപോർജ്ജം മൂലമുള്ള അതിതാപനമാണ് കാലാവസ്ഥാവ്യതിയാനത്തിന്റെ സവിശേഷ ലക്ഷണങ്ങളിലൊന്ന്. പ്രതിവർഷം ഏകദേശം 10 ഗിഗാ ടൺ കാർബണാണ് അന്തരീക്ഷത്തിലേക്ക് വിമോചിതമാവുന്നത് (ഏകദേശം 36 ബില്യൺ ടൺ കാർബൺഡയോക്‌സൈഡ്). തൽഫലമായി കാർബൺ ഡയോക്‌സൈഡിന്റെ അന്തരീക്ഷ സാന്ദ്രത 410  പി പി എം കടന്നിരിക്കുന്നു. വ്യവസായവിപ്ലവപൂർവ കാലഘട്ടത്തിലെ 280 പി പി എം എന്ന അന്തരീക്ഷ സാന്ദ്രതാമാനത്തിൽ നിന്നാണ് ഇത്രത്തോളം എത്തിയത്. 

ADVERTISEMENT

∙ കാലാവസ്ഥാ മാറ്റങ്ങൾ

കാർബൺഡയോക്‌സൈഡും ഇതര ഹരിതഗൃഹവാതകങ്ങളും താപോർജ്ജം അധിക തോതിൽ പിടിച്ച് വച്ച് ഭൂമിയുടെ കാലാവസ്ഥാ വ്യൂഹത്തിൽ ഗുരുതരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. (ഇത്തരത്തിൽ പിടിച്ച് വയ്ക്കപ്പെടുന്ന അധികഊർജ്ജത്തിന് ആത്യന്തികമായി എന്ത് സംഭവിക്കുന്നു എന്ന കാര്യം ഇനിയും കൃത്യമായി വിശദീകരിക്കാനായിട്ടില്ല). 1950കളുടെ മദ്ധ്യം മുതൽ ഇത്തരത്തിൽ ഹരിതഗൃഹവാതകങ്ങളാൽ ആഗിരണം ചെയ്യപ്പെട്ട ഊർജത്തിന്റെ 90 ശതമാനവും സമുദ്രങ്ങൾ ഏറ്റുവാങ്ങി സംഭരിച്ച് വരുന്നു.  10 ശതമാനത്തോളം വരുന്ന ബാക്കി താപോർജമാണ് ഹിമാനികൾ, ഹിമപർവതങ്ങൾ, സമുദ്രഹിമം എന്നിവ ഉരുകുന്നതിനിടയാക്കുന്നതും വൻകരകളിൽ ചൂടേറ്റുന്നതും. ഇതിൽ തന്നെ വളരെ തുച്ഛമായ ഒരു ഭാഗം മാത്രമാണ് അന്തരീക്ഷതാപനം സൃഷ്ടിക്കുന്നത്.  

സമുദ്രങ്ങൾ ആഗിരണംചെയ്യുന്ന അധികചൂടിന്റെ 60 ശതമാനവും സംഭരിക്കപ്പെട്ടിരിക്കുന്നത് സമുദ്രങ്ങളുടെ 700 മീറ്റർ വരെ ആഴത്തിലുള്ള മേൽപാളിയിലാണ്. ബാക്കിയുള്ള 40 ശതമാനം അധികതാപവും 700 മീറ്ററിനപ്പുറം ആഴത്തിലുള്ള സമുദ്രമേഖലകളിലാണ്  സംഭരിതമായിരിക്കുന്നത്.

∙ സമുദ്രത്തിന്റെ താപാഗിരണ ശേഷി

സമുദ്രങ്ങൾ ഇത്തരത്തിൽ അധികതാപം ആഗിരണം ചെയ്യുന്നതിന് കാരണം അവയുടെ ചില സവിശേഷതകളാണ്. അതായത്, വായുവിനെ അപേക്ഷിച്ച് ജലത്തിന് പൊതുവെ കൂടുതലുള്ള താപാഗിരണ ശേഷിയാണ് (Heat Capacity) പ്രധാന സവിശേഷത. ഭൂമിയുടെ വിസ്തീർണത്തിന്റെ 71 ശതമാനത്തോളം വരുന്ന സമുദ്രങ്ങളുടെ ശരാശരി ആഴം നാല് കിലോമീറ്റർ ആണ്. വന്യമായ ഈ വിസ്തൃതി മൂലം ബൃഹത്തായ താപസംഭരണശാലകളായി വർത്തിക്കുവാൻ സമുദ്രങ്ങൾക്ക് കഴിയുന്നു.

സമുദ്രങ്ങളുടെ ചലനപ്രകൃതമാണ് മൂന്നാമത്തെ സവിശേഷത. താപം, കാർബൺ, ഓക്സിജൻ തുടങ്ങിയ വിലയിത ഘടകങ്ങൾ സമുദ്രത്തിൽനിന്ന് അന്തരീക്ഷത്തിലേക്കും, ജലപ്രവാഹങ്ങൾ, തിരമാലകൾ, ചുഴികൾ മറ്റ് പര്യയനവ്യവസ്ഥകൾ എന്നിവവഴി സമുദ്രത്തിനകത്തു തന്നെയും മിശ്രണം ചെയ്യാനിടയാകുന്നു. സമുദ്രത്തിൽതന്നെ 75 മീറ്റർ ആഴം വരെയുള്ള മേൽപാളിയിലാണ് വിലയിത താപത്തിൽ ഗണ്യമായ വ്യതിയാനങ്ങൾ ഉണ്ടാകാറുള്ളത്. അന്തരീക്ഷവുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്നു എന്നതിന് പുറമെ ഏറ്റവും കാര്യക്ഷമമായ മിശ്രണപ്രക്രിയ നടക്കുന്നതും  ഈ ഭാഗത്താണ് എന്നതാണിതിന് കാരണം. ഭൂമിയുടെ അന്തരീക്ഷവ്യൂഹത്തിൽ  എത്രത്തോളം താപോർജ്ജം കൂടുതൽ സംഭരിക്കപ്പെടുന്നുവോ, അത്രത്തോളം അധികതാപം  സമുദ്രങ്ങളിലേക്ക് വ്യാപരിക്കാനിടയാവുന്നു.  

സമുദ്രങ്ങളുടെ താപാഗിരണശേഷിയുടെ വൈപുല്യം, വൈവിധ്യം, അവയ്ക്ക് സംഭരിച്ചുവെക്കാനാവുന്ന താപോർജത്തിന്റെ അളവ്, സംഭരണ കാലദൈർഘ്യം തുടങ്ങിയവയിലെ ക്രമരാഹിത്യം എന്നിവ ഒട്ടും നിസ്സാരവൽക്കരിച്ച്  കാണേണ്ട വിഷയങ്ങളല്ല.  ആഗോള കാലാവസ്ഥയെ മാറ്റിമറിക്കുവാനുള്ള കെൽപ് സമുദ്രങ്ങളിലെ സംഭരിതതാപത്തിനുണ്ട്.  എൻസോ (ENSO) സാഹചര്യങ്ങളിൽ നടക്കുന്ന താപവിനിമയം ഇതിന് ഒരു ഉദാഹരണമാണ്. ആഴക്കടലിലെ സംഭരിതതാപത്തിന് നിലവിലെ ആഗോള താപനസാഹചര്യങ്ങൾ സൃഷ്ട്ടിക്കുന്നതിനുള്ള പങ്ക് ഏറെ വിശകലന വിധേയമാക്കികൊണ്ടിരിക്കുന്ന വിഷയവുമാണ്.

∙ചൂടേറുന്നു, അതിവേഗത്തിൽ 

കഴിഞ്ഞ 40 വർഷങ്ങളിൽ ആഗോള സമുദ്രോപരിതല താപനില പ്രതിദശകം 0.09 ഡിഗ്രി ഫാരൻഹീറ്റ്  മുതൽ 0.13 ഡിഗ്രി ഫാരൻഹീറ്റ്  വരെ  വർധിച്ചിട്ടുണ്ട് (IPCC, AR5). 1955  മുതൽ 1986 വരെയുള്ള 31 വർഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, 1987 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ നാലര മടങ്ങ്‌ കൂടുതൽ വേഗതയിലാണ് സമുദ്രങ്ങൾക്ക് ചൂട് ഏറിയത്. 1950 കൾ മുതൽ 2019 വരെയുള്ള കാലയളവിൽ ആഗോളസമുദ്രതാപനില നിരീക്ഷണ വിധേയമാക്കപ്പെട്ടിട്ടുണ്ട്. ഇക്കാലയളവിൽ 1981-2010 വർഷങ്ങളിലെ ശരാശരി താപനിലയെ അപേക്ഷിച്ച്, 2019 ലെ ശരാശരി ആഗോള സമുദ്രതാപനിലയിൽ 0.075 ഡിഗ്രി സെന്റിഗ്രേഡിന്റെ വർധനവാണ് നിരീക്ഷിക്കപ്പെട്ടത്. ഒറ്റ നോട്ടത്തിൽ അതീവ നിസ്സാരമെന്ന് തോന്നാമെങ്കിലും സമുദ്രങ്ങളെ പോലെ അതിബൃഹത്തായ ഒരു വ്യൂഹത്തെ സംബന്ധിച്ചാകുമ്പോൾ ഈ വർധനവിനെ ലഘൂകരിച്ചു കാണാനാകില്ല.

∙ബില്യൺ ആറ്റംബോബ് സ്ഫോടനങ്ങളുടെ ഊർജം!

കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ സമുദ്രങ്ങൾ ഏറ്റുവാങ്ങിയ താപോർജത്തിന്റെ അളവെടുത്താൽ അത് ഏകദേശം 3.6 ബില്യൺ ഹിരോഷിമ ആറ്റംബോംബ് സ്ഫോടങ്ങൾവഴി ഉത്സർജ്ജിക്കപ്പെട്ട ഊർജത്തിന് തത്തുല്യമായ ഒന്നാണ്. ഹിരോഷിമ ബോംബ് സ്‌ഫോടനത്തിൽ ഉത്സർജ്ജിക്കപ്പെട്ട ഊർജ്ജനില ഏകദേശം 63 x 1012  ജൂൾസ് (Joules) ആണ്; അതായത്  63,000,000,000,000 ജൂൾസ്.  കഴിഞ്ഞ കാൽനൂറ്റാണ്ടിനുള്ളിൽ, അത്തരത്തിലുള്ള നാല് ബോംബ് സ്ഫോടനകളിൽ നിന്ന് ഉണ്ടാകാവുന്ന ശരാശരി താപോർജ്ജമാണ് ഓരോ സെക്കന്റിലും സമുദ്രങ്ങൾ ഏറ്റ് വാങ്ങികൊണ്ടിരിക്കുന്നത്!. ജേണൽ ഓഫ് അറ്റ്മോസ്ഫെറിക്  സയൻസസിൽ ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചു. (ജേർണൽ ഓഫ് അറ്റ്മോസ്ഫെറിക് സയൻസ്, ഫെബ്രുവരി 2020, പേജ് 137-142). 

എന്നാൽ, സമുദ്രങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ഈ ഊർജ്ജനില സ്ഥിരമായി ഒരേ അളവിൽ തുടരുകയോ, അളവിൽ കുറയുകയോ ചെയ്യുന്നില്ല; മറിച്ച്, ഇത് വര്ധിച്ചു കൊണ്ടേയിരിക്കുകയുമാണ്. 2019ൽ, പ്രതിസെക്കൻഡിൽ ഇത് ഏകദേശം അഞ്ച് ഹിരോഷിമ ബോംബ് സ്‌ഫോടനത്തിനു തുല്യമായ ഊർജനില എന്ന സ്ഥിതി കൈവരിക്കുകയും അത് വർഷം മുഴുവനും സ്ഥിരമായി തുടരുകയും ചെയ്തു- പഠനത്തിന് നേതൃത്വം നൽകിയ യുഎസിലെ മിനസോട്ട യൂണിവേഴ്സിറ്റി ഓഫ് സെൻറ് തോമസിലെ പ്രഫസർ ജോൺ എബ്രഹാം വ്യക്തമാക്കുന്നു 

∙സമുദ്രനിരപ്പുയരും….

സമുദ്രങ്ങളിൽ സംഭരിക്കപ്പെടുന്ന താപം വർധിതതോതിൽ എത്തുമ്പോൾ അത് സമുദ്രനിരപ്പ് ഉയരുന്നതിന് രണ്ട് വിധത്തിൽ വഴിയൊരുക്കുന്നു- 

1. സമുദ്രജലത്തിന്റെ താപവികസനം വഴി

2. വൻകര ഭാഗത്തെ ഹിമസാമ്രാജ്യങ്ങൾ ചൂട് മൂലം ഉരുകി, ആ ജലം സമുദ്രത്തിൽ എത്തിച്ചേരുന്നത് വഴിയും. 

താപനസാഹചര്യങ്ങളിൽ മഞ്ഞുരുകുന്നതിന്റെ നിരക്ക് ഏറിവരികയാണ്. തൽഫലമായി സമുദ്രനിരപ്പ് ഉയർന്ന് വരികയുംചെയ്യുന്നു. സമുദ്രങ്ങൾക്ക് ചൂടേറുന്ന അവസ്ഥയിൽ തപ്തജലത്തിന്  തണുത്ത ജലത്തെ അപേക്ഷിച്ച് സ്ഥിതി ചെയ്യുവാൻ കൂടുതൽ സ്ഥലം ആവശ്യമായി വരുന്നതിനാലാണ് സമുദ്രനിരപ്പ് ഉയരുന്ന അവസ്ഥയുണ്ടാകുന്നത്.  

യഥാർത്ഥത്തിൽ ഹിമാനികൾ ഉരുകിയൊലിക്കുന്നത് മൂലമല്ല, മറിച്ച്  തപ്തജലത്തിന്റെ ഈ സവിശേഷ പ്രകൃതം മൂലമാണ് സമുദ്രനിരപ്പ് പൊതുവെ കൂടുതൽ ഉയർന്നതായികാണപ്പെടുന്നത്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ സമുദ്രനിരപ്പ് ഏകദേശം  ഒരു മീറ്റർ കണ്ട്  ഉയരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 150 ദശലക്ഷം ജനങ്ങളാണ് ഇപ്രകാരം സംഭവിക്കുന്നപക്ഷം തങ്ങളുടെ ആവാസസ്ഥലങ്ങൾ ഇട്ടെറിഞ്ഞ് പലായനം ചെയ്യപ്പെടേണ്ടി വരുന്നത്. 300 മീറ്റർ ആഴം വരെയുള്ള സമുദ്രത്തിന്റെ മേൽപാളി അതിവേഗം ചൂടേറികൊണ്ടിരിക്കയാണ്. അന്തരീക്ഷത്തിൽനിന്നുള്ള അധികതാപം ആഗിരണം ചെയ്യുന്നത് തുടരുന്നപക്ഷം ഈ പ്രവണത തുടരുകതന്നെ ചെയ്യും.  

ചൂടേറുന്നതുമൂലം ബാഷ്പീകരണതോത് വർധിക്കുകവഴി അധികതോതിൽ അന്തരീക്ഷത്തിലെത്തിചേരുന്ന ജലാംശവും ശക്തമായ വര്ഷപാതസാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. ചുഴലിക്കാറ്റുകൾ കൂടുതൽ ശക്തിയാര്ജിക്കുന്ന അവസ്ഥയിൽ  മഴകൂടുതൽ ശക്തമാവുന്നു.  താപനം കുറക്കുവാനോ ചുരുങ്ങിയപക്ഷം പരിധികഴിഞ്ഞ്  വർധിക്കാതിരിക്കുവാനോ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വൈകുന്തോറും സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാവുകയാണ്. സമുദ്രമേഖലയിൽ എല്ലായിടത്തും ഒരേ നിരക്കിലല്ല  താപനം അനുഭവപ്പെടുന്നത്. ചില സ്ഥലങ്ങളിൽ മറ്റ് ചില സ്ഥലങ്ങളെ അപേക്ഷിച്ച് കൂടുതൽ ചൂടേറുന്നു. തന്മൂലം താപനത്തിന്റെതോതനുസരിച്ച് വ്യത്യസ്തസ്ഥലങ്ങളിൽ സമുദ്രനിരപ്പ്       വ്യത്യസ്തമായി കാണപ്പെടുന്നു.  

∙ അസാധാരണ സാഹചര്യങ്ങളിലേക്ക്

സമുദ്രങ്ങളുടെ കാര്യത്തിൽ, ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും ചൂടേറിയ വർഷമാണ് 2019.  ഭൂരിഭാഗം സമുദ്രമേഖലയിലും അധികതാപോർജം  സംഭരിക്കപ്പെട്ടിട്ടും ഉണ്ട്. സമുദ്രങ്ങളിലെ സംഭരിതതാപം മൂലം ശക്തിയേറിയ കൊടുങ്കാറ്റുകൾ സാധാരണമാകുന്നു. സമുദ്രോപരിതാപനില  വർധിച്ചു വരുന്നത് ചുഴലിക്കാറ്റുകളുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും.  മാത്രമല്ല, തീവ്രകാലാവസ്ഥ വിക്ഷോഭങ്ങൾക്കും കാരണമാകുന്നു. 

ചുഴലിക്കാറ്റുകളുണ്ടാകാനുള്ള ഏറ്റവും അനുയോജ്യമായ സമുദ്രോപരിതാപനില 26-27 ഡിഗ്രി സെന്റിഗ്രേഡ് ആണ്. സമുദ്രങ്ങൾ ചൂടേറുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് നമ്മുടെ അറബിക്കടൽ. മുൻ കാലങ്ങളിൽ ശാന്തമായിരുന്ന ഈ കടൽ, ഇപ്പോൾ അശാന്തമായി മാറിയിരിക്കുന്നു. തീവ്രവും അതിതീവ്രവുമായ ചുഴലിക്കാറ്റുകക്ക് അറബിക്കടൽ സാക്ഷ്യം വഹിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു.  

പ്രളയം, വരൾച്ചാവേളകൾ, കാട്ടുതീ, സമുദ്രനിരപ്പുയരൽ എന്നിവ കൂടുതൽ പ്രകടമായ അവസ്ഥയിൽ അനുഭവഭേദ്യമാകുന്നു.  ഭൂമിയും സമുദ്രവും ചൂട് പിടിക്കുമ്പോൾ മഴപ്പെയ്ത്ത്, ബാഷ്പീകരണം എന്നിവയിലും അസാധാരണ വ്യതിയാനങ്ങൾ ഉണ്ടാകുന്നതിനാലാണിത്. തൽഫലമായി വരണ്ട പ്രദേശങ്ങൾ കൂടുതൽ വരൾച്ചയിലേക്കും മഴ  ലഭിക്കുന്ന ഇടങ്ങളിൽ കൂടിയതോതിൽ മഴ ലഭിക്കുന്നതുമായ അവസ്ഥയുമുണ്ടാകുന്നു. അന്തരീക്ഷത്തിൽ ജലബാഷ്പസാന്നിധ്യം അധികരിക്കുന്നതിനാൽ തീവ്രമഴക്കുള്ള സാദ്ധ്യതകൾ ഏറിവരുന്ന അവസ്ഥയും സംജാതമാകുന്നു. ചൂടേറുന്നതുമൂലം സമുദ്രത്തിലെ ജൈവമേഖലയിലും അസ്വസ്ഥതകൾ ഉടലെടുക്കുന്നു. കൂടാതെ, സമുദ്രോഷ്ണതരംഗങ്ങളുടെ ആവൃത്തിയും തീക്ഷ്‌ണതയും വർദ്ധിക്കുന്നു.  

∙ജൈവ വൈവിധ്യം തകരും….

ഏറിവരുന്ന ഹരിതഗൃഹവാതകങ്ങളുടെ  ഉത്സർജനംമൂലം അന്തരീക്ഷത്തിൽ കാർബൺഡയോക്‌സൈഡിന്റെ തോത് വർദ്ധിച്ച് വരികയാണ്.  അന്തരീക്ഷത്തിലെ കാർബൺഡയോക്‌സൈഡ് സമുദ്രത്തിൽ വിലയിച്ച് കാർബോണിക് അമ്ലം ഉണ്ടാകുന്നു. ഇതുമൂലം സമുദ്രജലത്തിന് അമ്ലത്വസ്വഭാവ മേറുന്നു. വ്യവസായവിപ്ലവപൂർവ്വ കാലഘട്ടത്തെ അപേക്ഷിച്ച്,  ഏകദേശം 30 ഇരട്ടി വേഗതയിലാണ് സമുദ്രങ്ങളിൽ  അമ്ലത്വം വർധിച്ചുകൊണ്ടിരിക്കുന്നത്. അമ്ലത്വമേറിയ സമുദ്രജലത്തിൽ പവിഴപ്പുറ്റുകൾ, ബ്ലീച്ചി് എന്ന പ്രതിഭാസത്തിന് വിധേയമാക്കപ്പെട്ട്  ശോഷണോന്മുഖമാവുന്നു. കൂടാതെ ചൂടേറുന്ന സാഹചര്യത്തിൽ സമുദ്രോഷ്ണതരംഗ സാധ്യതയേറുകയും, അവ മൊത്തം സമുദ്രജൈവമേഖലയുടെ നിലനില്പിനെത്തന്നെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. 

ഉഷ്ണമേഖലാസമുദ്രങ്ങളിലെ ആഴം കുറഞ്ഞഭാഗത്ത് കാണപ്പെടുന്നവയാണ് പോളിപ്പുകൾ(polyp) എന്നറിയപ്പെടുന്ന ചെറുസമുദ്രജീവികളുടെ കാൽസ്യംനിർമ്മിത ചട്ടക്കൂടുകളായ പവിഴപ്പുറ്റുകൾ, വിവിധയിനം മൽസ്യങ്ങളുടെയും ഇതരജീവികളുടെയും ആവാസസ്ഥാനമാണ് ഇവ.  നിലവിലെ ആഗോളതാപന സാഹചര്യങ്ങളിൽ ഏകദേശം 2050-ഓടെ ഉഷ്‌ണമേഖല-ഉപോഷ്ണ  മേഖലാപ്രദേശങ്ങളിൽ പവിഴപുറ്റുകളുടെ നിലനിൽപ് അസാധ്യമായേക്കാം. ഏറിവരുന്ന സമുദ്രജലതാപനം മാത്രമല്ല, അന്തരീക്ഷത്തിലെ കാർബൺഡയോക്‌സൈഡ് അധികതോതിൽ ലയിച്ച് ചേരുന്നതുവഴി സമുദ്രജലത്തിന്റെ അമ്ലത്വമേറുന്നതും പവിഴപുറ്റുകൾക്ക് ദോഷകരമാണ്. പവിഴപ്പുറ്റുകൾ ഇല്ലാതാവുകയോ ശോഷണോന്മുഖമാകുകയോ ചെയ്താൽ നിരവധി സമുദ്രജീവികൾക്ക് അവയുടെ സ്വാഭാവിക ആവാസസ്ഥലം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും.  മാത്രമല്ല, സമുദ്രത്തിലെ ഭക്ഷ്യശൃംഖലയെയും അവതാളത്തിലാക്കുവാനും പവിഴപുറ്റുകളുടെ തിരോധാനത്തിനാവും.   സമുദ്രജലത്തിന്റെ താപവർധനവ്, അമ്ലത്വവർദ്ധനവ് എന്നിവ സൃഷ്ട്ടിക്കുന്ന  വളരെ പ്രധാനപ്പെട്ട പാരിസ്ഥികാഘാതമാണ് പവിഴപ്പുറ്റുകളുടെ ശോഷണം.  താപനം, കാർബൺഡയോക്‌സൈഡ് പോലുള്ള ഹരിതഗൃഹവാതകങ്ങളുടെ ഉത്സർജ്ജനം എന്നിവ അടിയന്തിരമായി കുറക്കേണ്ടതിലേക്ക് തന്നെയാണ് ഇക്കാര്യം വിരൽ ചൂണ്ടുന്നത്. 

2016, 2017 വർഷങ്ങളിലായി ഗ്രേറ്റ് ബാരിയർ റീഫിലെ  (Great barrier reef) 50 ശതമാനത്തോളം പവിഴപ്പുറ്റുകളാണ് രണ്ട് സമുദ്രോഷ്ണ തരംഗങ്ങളുടെ പ്രഭാവഫലമായി നശിച്ചുപോയത്.  ലോകത്തിലെ പവിഴപുറ്റു ശേഖരത്തിന്റെ  3/4 ഭാഗത്തോളം സമുദ്രോഷണതരംഗങ്ങളുടെ ഭീഷണിക്ക് വിധേയമാണ്. താപനം ഏറുന്ന സാഹചര്യത്തിൽ സമുദ്രോഷണതരംഗങ്ങളും അതിസാധാരണമാവുമ്പോൾ പവിഴപുറ്റുകളുടെ ശോഷണം തുടർന്നുകൊണ്ടേയിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.  

സമുദ്രങ്ങൾക്ക് ചൂടേറുമ്പോൾ ബാഷ്പീകരണവും അതുവഴി കനത്തമഴക്കും സാധ്യതയേറുമെന്ന് സൂചിപ്പിച്ചല്ലോ? കനത്തമഴമൂലം വെള്ളപ്പൊക്കമോ പ്രളയസമാനസാഹചര്യങ്ങളോ ഉണ്ടായാൽ കരയിൽനിന്നും കൂടുതൽ പോഷകങ്ങൾ ഒഴുക്കുവെള്ളത്തിലൂടെ കടലിലെത്തിച്ചേരുന്നു.  ഇത് സമുദ്ര ജലത്തിലെ പ്ലവകങ്ങളുടെ ബാഹുല്യത്തിലേക്ക് നയിക്കുന്നു.  ഇവയുടെ വർധിതതോതിലുള്ള ഓക്സിജൻ ഉപഭോഗംമൂലം  സമുദ്രത്തിലെ ചില ഭാഗങ്ങളെങ്കിലും ഓക്സിജൻ ശോഷണം നേരിടേണ്ടിവരികയും പ്രസ്തുതമേഖലകളിൽ ജലജീവികളുടെ നിലനിൽപ് വൈഷമ്യത്തിലാവുകയും ചെയ്യുന്നു.  മാത്രമല്ല, ചൂടേറിയജലത്തിന് ഓക്സിജൻ ഉൾക്കൊള്ളാനുള്ള ശേഷി കുറവായിരിക്കും.  ഇതുമൂലവും ജലജീവികളുടെ നിലനിൽപ്  പ്രതിസന്ധിയിലാവാം.   

ജപ്പാൻ, തായ്‌വാൻ, ബാൾട്ടിക്  സമുദ്രം  എന്നിവിടങ്ങളിൽ വിലയിത ഓക്സിജന്റെ ശോഷണം മൂലം മൽസ്യങ്ങൾ ചത്തുപൊങ്ങുവാൻ ഇടയായിട്ടുണ്ട് .  ചൂടേറിയ സമുദ്രഭാഗത്തുനിന്ന് ചൂട് കുറഞ്ഞ ഇടങ്ങളിലേക്ക് പലായനം ചെയ്തുകൊണ്ടാണ് മൽസ്യങ്ങൾ വർധിച്ചുവരുന്ന സമുദ്രതാപനത്തോട് പ്രതികരിക്കുന്നത്. തദ്ദേശീയർ ഭക്ഷണമായി ഉപയോഗിച്ചുവരുന്ന മത്സ്യവർഗങ്ങൾ ഇപ്രകാരം പലായനം ചെയ്യുന്ന അവസരങ്ങളിൽ ഭക്ഷ്യഅരക്ഷിതാവസ്ഥക്ക് വരെ  വഴിയൊരുങ്ങിയേക്കാം.

സമുദ്രജലത്തിന് ചൂടേറുന്ന സാഹചര്യത്തിൽ സമുദ്രഹിമം (Sea ice) വൻതോതിൽ ഉരുകാനിടയാവുന്നു. സമുദ്രത്തിലെ ഐസ് കട്ടകൾ ജലത്തിൽപൊങ്ങി കിടക്കുന്നവയാണ്. അതിനാൽ അവ ഉരുകുമ്പോഴും അത് സമുദ്രനിരപ്പുയരുന്നതിന് സ്വാധീനിക്കാറില്ല. എന്നാൽ, വൻതോതിൽ മഞ്ഞുരുകിതീരുമ്പോൾ സൂര്യരശ്മികളെ ബാഹ്യാകാശത്തേക്ക് തിരിച്ച് പ്രതിഫലിപ്പിക്കുവാൻ ശേഷിയുള്ള ഹിമപ്രതലം ഇല്ലാതാവുകയും അതുവഴി ഭൂമിയിൽചൂടേറുകയുംചെയ്യുന്നു.  ഇതുമാത്രല്ല, സമുദ്രത്തിലെ ഹിമശേഖരത്തെ ആശ്രയിച്ച്  നിലനിൽക്കുന്ന ജന്തുജാലങ്ങൾക്കും വൻ തോതിലുള്ള മഞ്ഞുരുക്കം പ്രതിസന്ധി സൃഷ്ടിക്കുന്നു. 

∙വേണ്ടത് ശക്തമായ കാലാവസ്ഥാനയം

തുടർച്ചയായ ഹരിതഗൃഹവാതകോത്സർജനം, തുടർന്നുണ്ടാകുന്ന ഊർജ അസന്തുലനം, സമുദ്രങ്ങളിലെ താപസംഭരണത്തിലും വിനിമയത്തിലുമുണ്ടാകുന്ന വ്യതിയാനങ്ങൾ എന്നീ ഘടകങ്ങൾ തമ്മിലുള്ള അതിസങ്കീർണമായ പ്രതിപ്രവർത്തനങ്ങളാണ് ആഗോള കാലാവസ്ഥാവ്യതിയാനത്തിന്റെ ആക്കവും തൂക്കവും നിർണയിക്കുന്നത്. ലോകസമ്പദ് വ്യവസ്ഥയിലും നയപരിപാടികളിലും പരോക്ഷസ്വാധീനം ഉളവാക്കാനാവുന്ന ഈ ഘടകങ്ങളെ കാലാവസ്ഥാനയം സംബന്ധിച്ച ചർച്ചകളിൽ ഒരു കാരണവശാലും ഒഴിവാക്കരുത്.  എന്നാൽ കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച ചർച്ചകളിൽ മാധ്യസ്ഥം  വഹിക്കുന്നവരാകട്ടെ, കാലാവസ്ഥാവ്യതിയാനങ്ങളോടുള്ള അനുകൂലനം, പ്രത്യാഘാത ലഘൂകരണം എന്നീ മേഖലകളിലേക്കാണ് ശ്രദ്ധയാകർഷിക്കുന്നത്.  ഏറ്റവും മികച്ച കാലാവസ്ഥാവ്യതിയാന പ്രത്യാഘാത ലഘൂകരണ ഉപാധി എന്ന നിലയിൽ സമുദ്രങ്ങൾ വഹികകുന്ന പങ്കിന്  ഇത്തരം ചർച്ചകളിൽ വേണ്ടത്ര ഇടം കിട്ടാതെ  പോകുന്നു എന്ന യാഥാർഥ്യം തിരുത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.   

ആഗോളശരാശരി താപനില വർദ്ധനവ് രണ്ട് ഡിഗ്രി സെന്റിഗ്രേഡോ അതിൽ താഴെയോ ആയി നിലനിർത്താൻ കഴിഞ്ഞാൽപോലും  സമുദ്രതാപനം  തുടർന്നുകൊണ്ടേയിരിക്കും. ഹരിതഗൃഹവാതക പ്രഭാവം മൂലം സമുദ്രങ്ങളിൽ ഇതിനകം സംഭരിതമാക്കപ്പെട്ട താപത്തിന്റെപ്രഭാവം മൂലമുള്ള താപനസാഹചര്യം ദീഘകാലമെടുത്തുകൊണ്ടുമാത്രമേ പൂർവ്വസ്ഥിതി കൈവരിക്കുകയുള്ളു എന്നതാണിതിന് കാരണം. താപനകാരികളായ ഹരിതഗൃഹവാതകങ്ങളുടെ ഉത്സർജ്ജനം നിയന്ത്രണവിധേയമാക്കിയാൽ പോലും ഇതിനകം ഉണ്ടായിട്ടുള്ള താപനപ്രഭാവസാഹചര്യങ്ങളിൽ നിന്ന് വിമുക്‌തമാകുവാൻ സമുദ്രങ്ങൾ മാത്രമല്ല ഭൗമോപരിതലത്തിലെ വൻ ഹിമപാളികളും കൂടുതൽ സമയമെടുക്കും. എന്ന് വരികിലും, ഹരിതഗൃഹവാതക ഉത്സർജ്ജനം കുറക്കുകവഴി സമുദ്രതാപനനിരക്കും വ്യാപ്തിയും ലഘൂകരിക്കാനാവുക തന്നെചെയ്യും. ഹരിതഗൃഹവാതക ഉത്സർജ്ജനം നിയന്ത്രണാധീനമാക്കുവാൻ ഉതകുന്നതരത്തിലുള്ള പ്രവർത്തനക്രമങ്ങൾ സമയബന്ധിതമായി അവലംബിക്കേണ്ടതിന്റെ ആവശ്യമിതാണ്.

ഗോപകുമാർ ചോലയിൽ, സയന്റിഫിക് ഓഫിസർ, കാലാവസ്ഥാ വ്യതിയാന പഠന ഗവേഷണ അക്കാദമി, കേരള കാർഷിക സർവകലാശാല, വെള്ളാനിക്കര, തൃശൂർ

English Summary: Ocean Climate Changes