ഉത്തരധ്രുവത്തിലെ മാറുന്ന കാലാവസ്ഥ; മാറ്റങ്ങള്‍ പ്രതീക്ഷിച്ചതിലും നേരത്തെ, മുന്നറിയിപ്പ്
2020 എന്തുകൊണ്ടും ചരിത്രത്തില്‍ ഇടംനേടുക കോവിഡെന്ന മഹാമാരിയുടെ പേരിലായിരിക്കും. പക്ഷേ, ശ്വാസം മുട്ടിക്കുന്ന പുക തള്ളുന്ന വാഹനങ്ങള്‍ കോവിഡ് കാലത്ത് കുറച്ചുദിവസം നിരത്തൊഴിഞ്ഞു നിന്നപ്പോള്‍ കണ്ട അദ്ഭുത കാഴ്ചകളുണ്ടായിരുന്നു. 200 കിലോമീറ്റര്‍ അപ്പുറത്തുള്ള ഹിമാലയന്‍ മലനിരളുടെ ദൃശ്യം പഞ്ചാബിലെ ജലന്ധര്‍ വാസികള്‍ക്കുമുന്നില്‍ വിസ്മയമായ് തെളിഞ്ഞത് അവയില്‍ ഒന്നുമാത്രം. അന്തരീക്ഷം തെളിഞ്ഞപ്പോള്‍ കണ്ട ഈ മനം കുളിര്‍ക്കുന്ന കാഴ്ചകള്‍ ഓര്‍മയില്‍ നിന്നുപോലും മങ്ങിത്തുടങ്ങി. നമ്മുടെ ചര്‍ച്ചാവേളകളുടെ മുഖ്യപങ്കും ഇന്ന് കോവിഡ് കവര്‍ന്നെടുമ്പോള്‍ കാലാവസ്ഥാ വ്യതിയാനം എന്ന അന്ധകാരത്തിലേക്കുള്ള ദൂരം അനുനിമിഷം കുറഞ്ഞുവരികയാണ്. കാറ്റായും കാട്ടുതീയായും പേമാരിയായും ഉരുള്‍പ്പൊട്ടലായും കൂടുതല്‍ കൂടുതല്‍ ശക്തമായി അത് നമ്മെ പിന്‍തുടര്‍ന്നുകൊണ്ടേയിരിക്കും.
കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ ലോകനേതാക്കള്‍ക്കെതിരെ പൊട്ടിത്തെറിച്ച് സ്വീഡിഷ് പരിസ്ഥിതിവാദി ഗ്രേറ്റ നടത്തിയ പ്രസംഗം നമ്മളാരും അത്രപെട്ടെന്ന് മറക്കില്ല. അത്രയ്ക്ക് തീക്ഷണമായിരുന്നു ആ പതിനാറുകാരിയുടെ ഓരോ ചോദ്യവും. തന്റെ തലമുറയെ വഞ്ചിച്ചവര്‍ക്ക് നേരെ ഗ്രേറ്റ തൊടുത്തുവിട്ട ചോദ്യങ്ങളൊരോന്നും ലോകമനസ്സാക്ഷിയിലേക്ക് എയ്ത കനലമ്പുകളായിരുന്നു. പക്ഷെ എത്രനാള്‍. കേട്ട നേരിന്റെ ആഘാതവും ആശങ്കയും മാറ്റിവച്ച് പതിവ് ജീവിതത്തിലേക്ക് കടക്കാന്‍ ആര്‍ക്കും അധികം സമയംവേണ്ടിവന്നില്ല. അതിന്റെ നേര്‍സാക്ഷ്യമാണ് ഒരു വര്‍ഷം പിന്നിടുമ്പോഴും പുറത്തുവരുന്ന കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍.
ലോകത്തെ ഏറ്റവും വലിയ കാലാവസ്ഥ പഠനങ്ങളിലൊന്നിനുശേഷം ഉത്തരധ്രുവത്തില്‍നിന്ന് മടങ്ങിയെത്തിയ ശാസ്ത്രജ്ഞര്‍ക്ക് പറയാനുള്ളത് ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങളാണ്. പ്രതിദിനം മരിച്ചുകൊണ്ടിരിക്കുന്ന ആര്‍ട്ടിക്ക് സമുദ്രവും ഹിമപാളികളുടെ അഭാവത്തില്‍ ആര്‍ക്ടിക്കിനെ കാത്തിരിക്കുന്ന കൊടിയ വേനലും. ഏതാനും പതിറ്റാണ്ടുകള്‍ മാത്രം മതി ആ കാഴ്ചയ്‌ക്കെന്നും അവര്‍ മുന്നറിയിപ്പ് നല്കുന്നു. ആര്‍ടിക് സമുദ്രത്തിലൂടെ സഞ്ചരിച്ച് ഒരു വര്‍ഷത്തിലേറെ നീണ്ട പഠനങ്ങള്‍ക്ക് ശേഷം ദ ജര്‍മന്‍ ആല്‍ഫ്രഡ് വീഗ്‌നര്‍ ഇന്‍സ്റ്ററ്യൂട്ടിന്റെ കപ്പല്‍ ബ്രേമര്‍ഹാവന്‍ തുറമുഖത്ത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് നങ്കുരമിട്ടത്. ആഗോളതാപനം പ്രദേശത്തുണ്ടാക്കുന്ന ആഘാതത്തെ കുറിച്ചുള്ള നിര്‍ണായകവിവരങ്ങളുമായിട്ടാണ്പര്യവേക്ഷകർ മടങ്ങിയെത്തിയത്. അത്യന്തം വേദനാജനകമായ കാഴ്ചകള്‍. പലപ്പോഴും ഒരുപാളി ഐസുപോലുമില്ലാത്ത സമുദ്രത്തിലൂടെ സഞ്ചരിക്കേണ്ടിവന്നെന്നാണ് ദൗത്യത്തിന് നേതൃത്വം നല്‍കിയ മാര്‍ക്കസ് റെക്‌സ് പറഞ്ഞത്. ഉത്തരധ്രുവത്തില്‍ പോലും പലയിടത്തും അലിഞ്ഞതും കട്ടിക്കുറഞ്ഞതും പൊട്ടിത്തകര്‍ന്നതുമായ ഹിമപാളികള്‍ കണ്ടെന്നും റെക്‌സ് പറയുന്നു.
20 രാജ്യങ്ങളില്‍ നിന്നായി നൂറുകണക്കിന് ശാസ്ത്രജ്ഞരാണ് ഇവിടെ പഠനം നടത്തിയത്. 1540 ലക്ഷം ഡോളറിലേറെ ചെലവഴിച്ച ദൗത്യത്തിന്റെ പകുതിചെലവും വഹിച്ചത് ജര്‍മന്‍ ഫെഡറല്‍ മിനിസ്ട്രറി ഓഫ് എജ്യുക്കേഷനാണ്. 2019 സെപ്റ്റംബര്‍ 20ന് നോര്‍വെയില്‍ നിന്ന് തുടങ്ങിയ യാത്ര,, ഹിമപാളികളുടെ ആയിരത്തില്‍പരം സാംപിളുകളും 150 ടെറാ ബൈറ്റ് ഡേറ്റയും ശേഖരിച്ചാണ് പര്യവസാനിച്ചത്. കൊവിഡ്, ദൗത്യത്തിന് പലതരത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചുതന്നെയാണ് റെക്‌സും കൂട്ടരും മടങ്ങിയത്.
ഇവരുടെ പഠനങ്ങളെ ശരിവയ്ക്കുന്ന ഉപഗ്രഹചിത്രങ്ങളും ഇതിനകം പുറത്തുവന്നു കഴിഞ്ഞു. നാസയുടെ പഠനങ്ങള്‍ അനുസരിച്ച് ആര്‍ട്ടിക്ക് മേഖലയില്‍ സമുദ്രഉപരിതലത്തിലെ ഹിമപാളികള്‍ ഏറ്റവുമധികം ഉരുകിചുരുങ്ങിയത് ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ്. മുന്‍വര്‍ഷങ്ങളിലൊന്നും കണ്ടിട്ടില്ലാത്ത വേഗത്തിലാണ് ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയുള്ള ദിവസങ്ങില്‍ ഐസ് ഉരുകിയതെന്ന് പോളാര്‍ മേഖലയുമായി ബന്ധപ്പെട്ട് ഗവേഷണങ്ങള്‍ നടത്തുന്ന നാഷ്ണല്‍ സ്‌നോ ആന്‍ഡ് ഐസ് ഡേറ്റ സെന്ററിന്റെ പഠനം പറയുന്നു. ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉഷ്ണം കൂടിയ ഏഴ് വര്‍ഷങ്ങളും,, കടന്നുപോയ പതിറ്റാണ്ടിലാണ്. 141 വര്‍ഷത്തിനിടെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയതാകട്ടെ 2019-20 വര്‍ഷങ്ങളിലും.
ലോകത്തെ മറ്റ് ഇടങ്ങളെക്കാള്‍ ഇരട്ടിയിലേറെ വേഗത്തിലാണ് ആര്‍ടിക് മേഖലയില്‍ കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നത്. സമുദ്രത്തിന്റെ ഉപരിതലം മുന്‍കാലങ്ങളെക്കാള്‍ വേഗത്തില്‍ ചൂടുപിടിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അടിക്കടിയായി ആഞ്ഞടിക്കുന്ന ശക്തമായ ചുഴലിക്കാറ്റിന്റെ കാരണങ്ങളിലൊന്ന് ഇതാകാമെന്നാണ് വിലയിരുത്തല്‍. പ്രതീക്ഷിച്ചതിലും നേരത്തെയാണ് മാറ്റങ്ങള്‍ എന്നതാണ് ശാസ്ത്രജ്ഞരെ ഭയപ്പെടുത്തുന്നത്. പ്രത്യാഘാതങ്ങള്‍ പെട്ടെന്നായിരിക്കും. കണക്കുകൂട്ടലുകളെക്കാള്‍ വലുതും. സമുദ്രനിരപ്പ് ഇത്തരത്തില്‍ ചൂടുപിടിച്ചാല്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡ് മൂന്നിരട്ടി വര്‍ധിച്ച് 2100 ആകുമ്പോഴേക്കും ശരാശരി ആഗോള താപനില എട്ട് ഫാരന്‍ഹീറ്റ് വരെ കൂടുമെന്നാണ് വിലയിരുത്തല്‍. ഐ.പി.സി.സി. പoനങ്ങളുടേയും മുന്നറിയിപ്പുകളുടേയും പ്രസക്തി ഇവിടെയാണ്.... ആഗോളതാപനം 1.5 ഡിഗ്രി സെലസ്യസിൽ പിടിച്ചു നിർത്തണമെന്നാണ് ഐപിസിസി മുന്നോട്ടുവയ്ക്കുന്ന നിർദേശം.
അമേരിക്കയുടെ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫിയരിക് അഡ്മിനിസ്‌ട്രേഷന്റെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അമേരിക്കയില്‍ 16 കാലാവസ്ഥാ ദുരന്തങ്ങളാണ് ഈ വര്‍ഷം സെപ്റ്റംബര്‍ വരെ മാത്രം ഉണ്ടായത്. നഷ്ടം 1600 കോടി ഡോളറിലേറെ. കാട്ടുതീയായും ചുഴലിക്കാറ്റായും കാലാവസ്ഥാ മാറ്റത്തിന്റെ തിക്തഫലങ്ങള്‍ കൊണ്ടറിയുമ്പോഴും കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളുന്നതില്‍ ലോകത്ത് രണ്ടാമതു നില്‍ക്കുന്ന അമേരിക്ക പാരിസ് ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയെന്നുള്ളതാണ് ഏറ്റവും വലിയ വിരോധാഭാസം.
പശ്ചിമ അമേരിക്കയില്‍ ഇതുവരെയുണ്ടായിട്ടില്ലാത്ത അത്ര കാട്ടുതീകള്‍ക്കാണ് ഈ വേനല്‍ക്കാലം സാക്ഷ്യംവഹിച്ചത്. പ്രദേശത്ത് കാട്ടുതീ പടര്‍ന്ന് പിടിക്കുന്നത് ഭയപ്പെടുത്തും വിധം ഏറിവരികയാണെന്ന് അമേരിക്കന്‍ ഫോറസ്റ്റ് സര്‍വീസിലെ രേഖകള്‍ വ്യക്തമാക്കുന്നു. അമേരിക്കയിലെ തെക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളാണ് ഏറെയും ദുരന്തത്തിന്റെ ആഘാതം പേറുന്നത്. 1970 നും 2010നും ഇടയില് കാട്ടുതീ മൂന്നിരട്ടിയായി. വരും വര്‍ഷങ്ങളില്‍ ഇത് കൂടുതല്‍ വഷളാകുമെന്ന് പഠനങ്ങള് സൂചിപ്പിക്കുന്നത്. ശൈത്യകാലം കുറഞ്ഞ് മഴയ്ക്ക് വഴിമാറുന്നു, വേനല്‍ വേഗമെത്തുന്നു, താപനില ഉയരുന്ന് മഞ്ഞുപാളികള്‍ ഉരുകുന്നു, സമുദ്രനിരപ്പ് ഉയര്‍ന്ന് തീരപ്രദേശങ്ങള്‍ കടലെടുക്കുന്നു....ഇവയെല്ലാം നാം സാക്ഷ്യം വഹിക്കുന്ന ആഗോളപ്രതിഭാസങ്ങളായി.
അമേരിക്ക മാത്രമല്ല കാട്ടുതീയുടെ ഇര. ഓസ്‌ട്രേലിയയെ വിഴുങ്ങിയ വമ്പന്‍ കാട്ടുതീയുടെ വാര്‍ത്തകളുമായാണ് 2020 ലേക്ക് നാം ഉണര്‍ന്നത്. 65000 ചതുരശ്ര മൈല്‍ വിസ്തൃതിയിലാണ് കാട് കത്തിനശിച്ചത്. ആര്‍ട്ടിക് മേഖലയിലെ ഉയർന്ന താപനില സൈബീരയയില്‍ വലിയ കാട്ടുതീയ്ക്ക് വഴിവച്ചു. ലോകത്തിന്റെ ശ്വാസകോശമെന്നറിയപ്പെടുന്ന ആമസോണ്‍ മഴക്കാടുകള്‍, ബ്രസീലിലെ പാന്റനല്‍, അങ്ങനെ പ്രകൃതിയുടെ വികൃതിയില്‍ എരിഞ്ഞില്ലാതായ കാടുകള്‍ അനവധിയാണ്.
ആഗോളതാപനത്തിന്റെ പ്രത്യാഘാതം ഏറ്റുവാങ്ങുന്ന മറ്റൊരു വിഭാഗം കടലിലെ അദ്ഭുതങ്ങളിലൊന്നായ പവിഴപ്പുറ്റുകളാണ്. ലോകത്തെ ഏറ്റവും വലിയ പവിഴപുറ്റുസങ്കേതവും ജൈവവൈവിദ്യശേഖരവുമായ ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫിന്റെ പകുതിയും നശിച്ചെന്നാണ് കണ്ടെത്തല്‍. സമുദ്രതാപനില കൂടുമ്പോള്‍ സമ്മര്‍ദമേറി അസ്ഥികൂടത്തിന് സമാനമായി മാറുന്ന പവിഴപുറ്റുകള്‍ പതുക്കെ പതുക്കെ പഴയരൂപത്തിലേക്ക് തിരിച്ചെത്താറുണ്ട്. എന്നാല്‍ ഉയര്‍ന്നുകൊണ്ടേയിരിക്കുന്ന ആഗോളതാപം ഇത് ഇല്ലാതാക്കുമെന്ന ആശങ്കയിലാണ് ശാസ്ത്രജ്ഞര്‍. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കുക മാത്രമാണ് പ്രതിവിധി.
ആര്‍ട്ടിക്കും അമേരിക്കയും ഒക്കെ കടന്ന് ഇന്ത്യയിലേക്ക് വന്നാല്‍ ഇവിടെയും സ്ഥിതി വ്യത്യസ്ഥമല്ല. 21ാം നൂറ്റാണ്ടിന്റെ പകുതിയോടെ തന്നെ രാജ്യത്തെ ശരാശരി അന്തരീക്ഷ താപനില ഉയര്‍ന്നിരുന്നു. ആറ് ഏഴ് വര്‍ഷത്തിനിടെ വേനല്‍ മഴ നന്നേ കുറഞ്ഞു, ചുഴലിക്കാറ്റും പേമാരിയും ഏറി. ജലനിരപ്പേറി തീരങ്ങള്‍ കടലെടുത്തു. ഹിമാലയത്തിലെ മഞ്ഞുവീഴ്ചയില്‍ പോലും വ്യതിയാനങ്ങള്‍ കണ്ടുതുടങ്ങി. ഒരേ വര്‍ഷം വരള്‍ച്ചയ്ക്കും പ്രളയത്തിനും രാജ്യം സാക്ഷിയായി. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോള്‍ രാജ്യത്ത് വേനല്‍ ചൂട് മൂന്നു മുതല്‍ നാലു ഇരട്ടിവരെ കൂടുമെന്ന് ഭൗശാസ്ത്രമന്ത്രായം നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. മുൻപെങ്ങുമില്ലാത്ത പോലെ തുടർച്ചയായി രണ്ടു വർഷമാണ് കേരളം പ്രളയത്തിന്‍റെ ദുരിതം ഏറ്റുവാങ്ങിയത് . പ്രാദേശിക കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടിയത് നമ്മള്‍ ഓരോരുത്തരുമാണെന്ന് തെളിവ് സഹിതം വ്യക്തമാക്കുന്ന ഒട്ടേറെ ശാസ്ത്രീയ പഠനങ്ങള്‍ നമുക്കുമുന്നിലുണ്ട്. എന്നാല്‍, കണക്കുകൂട്ടിയതിലും വേഗത്തിലും പ്രതീക്ഷിച്ചതിലും അപ്പുറത്തുള്ള രൂപത്തിലുമുളള കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് നാം സാക്ഷിയാകേണ്ടിവരുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
കാലംചെല്ലുംതോറും സ്ഥിതി മെച്ചപ്പെടുമെന്നാണ് കരുതുന്നതെങ്കില്‍ തെറ്റി. UN പരിസ്ഥി പദ്ധതി അനുസരിച്ച് ദിനംപ്രതി അന്തരീക്ഷ ഊഷ്മാവ് ഉയരുന്ന ഗ്രഹം ഇനിയും തീവ്രവായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് വഴിവയ്ക്കും. എന്നാല്‍ പരിശ്രമിച്ചാല്‍ ഇതിനെ പിടിച്ചുകെട്ടാനാകും. ഹരിതഗൃഹവാതകങ്ങളുടെ പുറംതള്ളല് 60 ശതമാനമാക്കി കുറയ്ക്കാനുള്ള യൂറോപ്യന്‍ പാര്‍ലമെന്റിന്റെ നീക്കം ഉള്‍പ്പെടെ നല്ല നാളേക്കായി പരിശ്രമിക്കുന്നവര്‍ അനവധിയാണ്. എല്ലാവരും ഒത്തുപിടിച്ചാല്‍ വലിയൊരു അളവില്‍ മാറ്റം ഉണ്ടാകും. തീര്‍ച്ച.
English Summary: World's Biggest Arctic Mission Just Returned Home, And The Discoveries Are Chilling