ADVERTISEMENT

ആഗോളതാപനമെന്ന ദുരന്തത്തിന്റെ വ്യാപ്തി അനുദിനം കൂടിവരുന്നതിന്റെ സൂചന നല്‍കി ആര്‍ട്ടിക് പ്രദേശത്തെ മഞ്ഞുരുക്കത്തിന്റെ തോത് വർധിക്കുന്നുവെന്ന് പഠനങ്ങള്‍. തൊണ്ണൂറുകളുടെ മധ്യത്തിലുണ്ടായിരുന്ന മഞ്ഞുരുക്കത്തേക്കാള്‍ 57 ശതമാനം വേഗത്തിലാണ് ഭൂമിയില്‍ നിന്ന് െഎസ്പാളികള്‍ ഉരുകിത്തീരുന്നത്.

3 പതിറ്റാണ്ടിനിടെ ഭുമുഖത്തുനിന്ന് അപ്രത്യക്ഷമായ മഞ്ഞുപാളിയുടെ അളവ് കണക്കാക്കിയാല്‍ 28 ട്രില്യൺ മെട്രിക് ടൺ വരുമെന്നാണ് കണക്ക്. അന്റാര്‍ട്ടിക്കയിലേയും ഗ്രീന്‍ലന്‍ഡിലേയും കൂറ്റന്‍ മഞ്ഞുപാളികളും മഞ്ഞു പര്‍വതങ്ങളും അനിയന്ത്രിതമാംവിധം ഉരുകാന്‍ തുടങ്ങിയപ്പോള്‍ ആഗോള സമുദ്രജലനിരപ്പ് 3.5 സെന്റീമീറ്ററാണ് ഉയര്‍ന്നത്.  ആര്‍ട്ടിക് പ്രദേശത്തെ സമുദ്രത്തിലെ െഎസ് ചുരുങ്ങുന്നതും അതിതീവ്രവേഗത്തിലാണ്. തന്മൂലം സമുദ്രോപരിതലത്തിലെ ജലം സൂര്യരശ്മികള്‍ സ്വീകരിച്ച് അന്തരീക്ഷത്തിലേക്ക് തിരികെ വിടുന്നതിന് പകരം അത് വലിച്ചെടുത്ത് ഡാര്‍ക് വാട്ടര്‍ എന്ന പ്രതിഭാസമായി പരിണമിക്കുന്നു. ഇതാണ് ആർട്ടിക് ആംപ്ലിഫിക്കേഷൻ എന്ന അവസ്ഥക്ക് കാരണമാവുകയും അതുവഴി അന്തരീക്ഷോഷ്മാവ് കൂട്ടുകയും ചെയ്യുന്നത്. 

90കള്‍ക്ക് ശേഷം പ്രതിവര്‍ഷം ഭൗമോപരിതലത്തില്‍ നിന്നും .8 ട്രില്യൺ മെട്രിക് ടൺ വീതം മഞ്ഞുപാളികള്‍ ഉരുകുന്നുണ്ടായിരുന്നത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി 1.2 ട്രില്യൺ മെട്രിക് ടൺ ആയി കൂടിയിട്ടുണ്ട്. ആഗോള അന്തരീക്ഷ അവസ്ഥയെ പറ്റി ചര്‍ച്ചചെയ്യാന്‍ നെതര്‍ലന്‍ഡ്സില്‍ ചേര്‍ന്ന ലോകനേതാക്കളുടെ വിലയിരുത്തല്‍ വളരെ ഗൗരവമുള്ളതാണ്. 2030ന് മുന്‍പെങ്കിലും ഈ ഗുരുതരാവസ്ഥയുടെ കാഠിന്യം കുറയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ സമുദ്രജലത്തില്‍ ഭൂമിയുടെ ഏറിയ പങ്കും മുങ്ങിപോകുമെന്നാണ് വിലയിരുത്തല്‍. മഞ്ഞുകട്ടയല്ലേ ചുമ്മാ ഉരുകട്ടെയെന്ന അനാസ്ഥയും പ്രകൃതിയെ വെല്ലുവിളിക്കുന്ന വികസനവും ഉപേക്ഷിച്ചില്ലെങ്കില്‍ ഭൂമിയൊരു സങ്കല്‍പമാകുന്ന കാലം വിദൂരമല്ലെന്നാണ് ഈ ഉരുകിത്തീരുന്ന മഞ്ഞുപാളികള്‍ നമ്മെ ഒാര്‍മിപ്പിക്കുന്നത്.

English Summary: Global Ice Melt Matches Worst-Case Climate Scenario, Study Says

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com