കറുപ്പും വെളുപ്പും ഉടുപ്പിട്ട സുന്ദരന്മാരാണ് പാണ്ടകള്‍. കരടിവര്‍ഗ്ഗത്തില്‍ പെട്ട ജീവികളാണെങ്കിലും തന്‍റെ ബന്ധുക്കളെ പോലെ ശരീരം മുഴുവന്‍ ഒറ്റ നിറമല്ല പാണ്ടകള്ക്കുള്ളത്‍. എന്തു കൊണ്ടാണ് പാണ്ടകള്‍ക്ക് കറുപ്പും വെളുപ്പുമുള്ള ശരീരം ലഭിച്ചതെന്നു കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ഈ നിറത്തിനു കാരണം അവരുടെ ഭക്ഷണ ശീലമാണെന്നും അതേസമയം ഈ നിറം അവരെ സ്വരക്ഷയ്ക്കു സഹായിക്കുന്നുവെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു.
ഭക്ഷണക്കാര്യത്തില്‍ അതീവ പിടിവാശിയുള്ളവരാണ് പാണ്ടകള്‍. കരടി വര്‍ഗ്ഗത്തിലെ മറ്റു ജീവികള്‍ കയ്യില്‍ കിട്ടുന്നതെന്തും രുചിച്ചു നോക്കുന്നവയാണ്. എന്നാല്‍ പാണ്ടകള്‍ നേരെ തിരിച്ചാണ്. മുളങ്കൂമ്പ് മാത്രമാണ് ഇവ കഴിക്കുക. മറ്റെന്തു കഴിച്ചാലും ഇവയ്ക്ക് ദഹിക്കില്ല. ഈ ഭക്ഷണ ശീലമാണ് പാണ്ടകളുടെ ബ്ലാക്ക് ആന്‍റ് വൈറ്റ് ശരീരത്തിന് കാരണമെന്നു ഗവേഷകര്‍ പറയുന്നു.
അതേസമയം തന്നെ ഇവയുടെ ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ശരീരം ഇവയുടെ ജീവിത പരിസ്ഥിതിയുമായി ഏറെ ചേര്‍ന്നു പോവുന്നവയുമാണ്. അക്രമകാരികളോ സ്വയരക്ഷയ്ക്ക് മറ്റ് മാര്‍ഗ്ഗങ്ങളോ പ്രയോഗിക്കാത്തവരാണു പാണ്ടകള്‍. അതുകൊണ്ടു തന്നെ സ്വയരക്ഷക്ക് ഇവയെ സഹായിക്കുന്നത് ഇവയുടെ തൊലിയുടെ നിറം തന്നെയാണ്. മഞ്ഞുള്ള പ്രദേശങ്ങളിലും മുളങ്കാടുകളിലുമാണ് ഇവയുടെ ജീവിതം. ഈ രണ്ട് പ്രദേശങ്ങളിലും ശരീരം ഫലപ്രദമായി ഒളിപ്പിക്കാന്‍ ഇവയുടെ ഈ ഇരു നിറങ്ങളും സഹായിക്കുന്നു.
പാണ്ടകളുടെ കണ്ണിനു ചുറ്റും ചെവിയിലും പിന്നെ കൈകാലുകളുടെ മുട്ടിന് താഴെയുമാണ് സാധാരണായി കറുപ്പ് നിറം കാണപ്പെടാറ്. ഇതില്‍ കൈകാലുകളിലെ കറുപ്പ് നിറം മഞ്ഞില്ലാത്ത പ്രദേശത്തും പാണ്ടകളെ അവയുടെ ശരീരം ഒളിപ്പിക്കാന്‍ സഹായിക്കുന്നു. വെളുപ്പു മാത്രമായിരുന്നെങ്കില്‍ അവ വേഗം തിരിച്ചറിയപ്പെട്ടേനെ. അതേസമയം ചെവിക്കുള്ള കറുപ്പു നിറം പാണ്ടകളെ ആക്രമിക്കാന്‍ സാധ്യതയുള്ള ജീവികളെ ഭയപ്പെടുത്താന്‍ വേണ്ടിയുള്ളതാണ്. പരസ്പരം തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് കണ്ണിനു ചുറ്റുമുള്ള കറുപ്പ്.
മുളങ്കൂമ്പ് മാത്രം കഴിക്കുന്നതിനാലാണ് പാണ്ടകള്‍ കളര്‍ഫുള്‍ ആകാതെ ഒരു നിറത്തില്‍ മാത്രം ഒതുങ്ങിപ്പോയതെന്നു ഗവേഷകര്‍ പറയുന്നു. വ്യത്യസ്ത ഭക്ഷണം കഴിക്കാത്തതിനാല്‍ മറ്റു കരടികളെ പോലെ ഭക്ഷണം കൊഴുപ്പായി ശരീരത്തില്‍ സൂക്ഷിക്കാന്‍ ഇവയ്ക്കു കഴിയാറില്ല. അതിനാല്‍ തന്നെ മഞ്ഞു കാലത്ത് ഇവ ഹിമക്കരടികളെപ്പോലെ നീണ്ട ഉറക്കത്തില്‍ ഏര്‍പ്പെടാറുമില്ല. ഇങ്ങനെ സാധിച്ചിരുന്നെങ്കില്‍ പാണ്ടകളുടെ നിറം മറ്റൊന്നായേനെയെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്.