പുലിയിറക്കം പതിവായതോടെ പല നാടിന്റെയും ഉറക്കം പോയി. പുലിയ്ക്കായുള്ള തിരച്ചിലും പുലിപ്പിടിത്തവും വൻതോതിൽ ആളുകൂടുന്ന പരിപാടിയായി. എന്നാൽ ഈ ഭീതിയൊന്നുമില്ലാതെ പുലികളെ നാട്ടിലെ ‘കാട്ടിലേക്ക്’ സ്വാഗതം ചെയ്യുകയാണു കോട്ടയം സ്വദേശി നെമി ജോർജ്. കഴിഞ്ഞ രാത്രിയിൽ കോട്ടയം അതിർത്തിയിൽ പുലി ഇറങ്ങിയപ്പോഴാണ് സ്വാഗതമോതിയത്.
പുലി തന്റെ ഭൂമിക്കു സമീപത്തുള്ള വീട്ടിൽ വരുന്നതിന്റെയും പരിസരം വീക്ഷിച്ച് മടങ്ങുന്നതിന്റെ ഒരു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയും സമൂഹമാധ്യമത്തിൽ പങ്കുവച്ചു. കോട്ടയം ജില്ലയുടെ കിഴക്കൻ മലയോരമായ മേച്ചാലിലാണു പുലി ഇറങ്ങിയത്. രാത്രിയിലാണ് പുലിയിറങ്ങിയതെങ്കിലും തിങ്കളാഴ്ച പകലാണ് അധികൃതർക്കു കണ്ടെത്താനായത്. ‘വാഗമൺ മേഖല’ വഴി പുലി കാട്ടിലേക്കു മടങ്ങിയെന്നാണു വനം അധികൃതരുടെ നിഗമനം. ഇതിനിടെയാണ് പുലിയുടെ വിഡിയോ പുറത്തുവന്നത്.
കയ്യേറ്റമില്ല, 25 ഏക്കറിൽ കൊടുംകാട്
പത്രപ്രവർത്തകനായ നെമി ജോർജിന്റെ ഇഷ്ടമേഖലകളാണു കാടും കൃഷിയും. ജോലി ചെയ്തുണ്ടാക്കിയ വരുമാനത്തിൽ മിച്ചം പിടിച്ചാണു മേച്ചാലിന് മൂന്നു കിലോമീറ്റർ മാറി ഭൂമി വാങ്ങിയത്. കാടു വെട്ടിത്തെളിച്ച് കയ്യേറുകയായിരുന്നില്ല തന്റെ ലക്ഷ്യമെന്ന് ആദ്യമേ തീരുമാനിച്ചു. 2005ൽ വാങ്ങിത്തുടങ്ങിയ ഭൂമിയിലെ യാതൊരു മരങ്ങളും വെട്ടിയില്ല.
ഇപ്പോൾ 25 ഏക്കറിലും നിബിഡവനമാണ്. മനുഷ്യന്റേതായ ഇടപെടലുകൾ വളരെ കുറഞ്ഞയിടം. ആദ്യം ഡയറി ഫാം ഉണ്ടായിരുന്നെങ്കിലും പിന്നീട് നിർത്തി. ആ കെട്ടിടങ്ങൾ പ്രകൃതിക്കു വിട്ടു കൊടുത്തു. ചെറിയൊരു വീടുണ്ട്, കാവൽക്കാരനും. ഈട്ടി, തേക്ക്, പ്ലാവ് തുടങ്ങി നൂറുകണക്കിനു മരങ്ങളും ഈറ്റകളും പച്ചപ്പ് നിറയ്ക്കുന്നു. സമുദ്രത്തിൽനിന്ന് 3000 അടി ഉയരത്തിലുള്ള ഇവിടെനിന്നു നോക്കിയാൽ 60 കിലോമീറ്ററോളം ദൂരെയുള്ള വേമ്പനാട് കായൽ മുഴുവനും കാണാമെന്ന കൗതുകവുമുണ്ട്.
മൃഗങ്ങളുടെ വീടാണ് ഈ കാട്
മനുഷ്യർക്കെന്ന പോലെ മൃഗങ്ങൾക്കും വീടുണ്ടെന്നും കാടാണ് ആ വീടെന്നും ഇദ്ദേഹം പറയുന്നു. കാശുമുടക്കി ഭൂമി വാങ്ങി കാടാക്കുമ്പോൾ പ്രകൃതിയോട് കടം വീട്ടുന്നതിന്റെ ആശ്വാസമുണ്ട്. കുറിഞ്ഞി മല ഉൾപ്പെടെയുള്ള കാടുകൾ ആൾക്കാർ കയ്യേറി നശിപ്പിക്കുമ്പോൾ ചെറിയ ചില പരിഹാരങ്ങൾ. കോട്ടയത്തെ വീട്ടിൽനിന്ന് മാസത്തിലൊരിക്കൽ കാട്ടിലെ വീട്ടിൽ വന്നുതാമസിക്കും. ആദായത്തിനായി പ്രത്യേകിച്ചൊന്നും വനത്തിൽ വളർത്തിയിട്ടില്ല.
വീടിനു ചുറ്റും കുറച്ച് വാഴകളുണ്ട്. രാസവളത്തിന്റെ ശല്യമില്ലാതെ വിളയുന്ന വാഴക്കുലകൾ പാകമായെങ്കിൽ നാട്ടിലേക്കു കൊണ്ടുവരും. കുടംപുളി പഴുത്തുവീണത് പെറുക്കിയെടുക്കും. പ്രകൃതി സ്വമനസ്സാലേ തരുന്നതു മാത്രമേ എടുക്കാറുള്ളൂ. മരങ്ങൾക്കുമാത്രമല്ല, മൃഗങ്ങൾക്കും അഭയമാണിവിടം. മാനുകൾ, മുള്ളൻപന്നികൾ, കുറുക്കന്മാർ, പാമ്പുകൾ തുടങ്ങിയവയെ ഇടയ്ക്കിടെ കാണാമെന്നു നെമി പറയുന്നു.
വേട്ടക്കാരെ ഏതുവിധേനയും തടയണമെന്ന് കാവൽക്കാരനു നിർദേശം കൊടുത്തിട്ടുണ്ട്. മനുഷ്യരെ അകത്തേക്കു കയറ്റിവിടേണ്ടെന്നാണു തീരുമാനം. നമ്മൾ തറവാട്ടിലേക്കു പോകുംപോലെ മൃഗങ്ങൾ അവരുടെ വീടായ കാട്ടിലേക്കു വരുന്നതിൽ കുഴപ്പമെന്താണെന്ന് ഇദ്ദേഹം ചോദിക്കുന്നു. മൃഗങ്ങൾക്കു യഥേഷ്ടം വിഹരിക്കാം, മനുഷ്യരുടെ ശല്യമില്ലാതെ.
100–150 വർഷം കൊണ്ട് പ്രകൃതി വളർത്തിയ മരങ്ങൾക്കു മേൽ വാൾ വയ്ക്കാൻ മനുഷ്യന് അധികാരമില്ല. സുഹൃത്തുക്കൾ വഴി നെമി ജോർജിന്റെ കാട്ടുവിശേഷം അറിഞ്ഞ് പോണ്ടിച്ചേരി അരവിന്ദാശ്രമത്തിലെ അധികൃതർ എത്തി. ജൈവ വൈവിധ്യ സംരക്ഷണത്തിനുള്ള ഈ വർഷത്തെ ഓറോവിൽ ഫൗണ്ടേഷൻ പുരസ്കാരത്തിന് ഈ കാടും നെമിയും അർഹരായി.
പുലികൾ അറിയാനൊരു പോസ്റ്റ്
ആളുകളുടെ ആക്രോശങ്ങളോ ശല്യങ്ങളോ ഇല്ലാതെ സൈര്വവിഹാരം നടത്താമെന്ന് വാഗ്ദാനം ചെയ്താണ് നെമി ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്. ‘കോട്ടയം ജില്ലയുടെ കിഴക്കൻ മലയോരമായ മേച്ചാലിൽ പുലി ഇറങ്ങിയിരിക്കുന്നു. ഹായ് എത്ര സന്തോഷം. അല്ലയോ പുലീ, മൂന്ന് കിലോമീറ്റർ കൂടി മാത്രം വന്നാൽ വിശാലമായ ഒരു കാട് ഞങ്ങൾ സംരക്ഷിച്ചിട്ടുണ്ട്. അവിടെ സുഖമായി താമസിച്ചോളൂ. കുറിഞ്ഞി മല ഉൾപ്പെടെയുള്ള കാടുകൾ ഞങ്ങളുടെ ആൾക്കാർ കയ്യേറി നശിപ്പിക്കുമ്പോൾ സ്വന്തം പണം മുടക്കി വാങ്ങിയ സ്ഥലം കാടാക്കി ഞങ്ങളെ പോലെ ചിലർ പരിഹാരം ചെയ്യുന്നു. ഇനിയും ഒത്തിരി കാനന സോദരർ വരട്ടെ, സ്വാഗതം’. ക്ഷണം ഫെയ്സ്ബുക് വഴിയായതിനാൽ, പുലി കേട്ടറിഞ്ഞെത്തിയാൽ കൊള്ളാമെന്ന് നെമി പറയുന്നു.